Sorry, you need to enable JavaScript to visit this website.

ടെക്കി കുട്ടികൾ; രക്ഷിതാക്കൾ അറിഞ്ഞിരിക്കണം

മക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കേമന്മരാണെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ അവയുടെ കെണികളെ കുറിച്ചു കൂടി ബോധവാന്മാരായിരിക്കണം


യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികൾക്കു ഡിജിറ്റൽ വിനോദോപാധികൾ നൽകുന്നതിൽ സമൂഹം എപ്പോഴും രണ്ടു തട്ടിലാണ്. 
പുതിയ തലമുറയാകട്ടെ ഫോൺ, ടാബ്‌ലറ്റ്, ഗെയിം എന്നിവ ഉപയോഗിക്കുന്നതിൽ വളരെയേറെ മുന്നിലുമാണ്. സാങ്കേതിക ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കുമ്പോഴാണ് രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളിൽ മതിപ്പ്. 
ഇവയൊക്കെ കൊടുത്താൽ കുട്ടികൾ പിഴച്ചു പോകുമെന്നോ നശിച്ചു പോകുമെന്നോ ഒക്കെ വിശ്വസിക്കുന്നവർ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ കാലത്ത് ഇവയൊക്കെ കൈകാര്യം ചെയ്യാനറിയുന്ന കുട്ടികളാണ് സ്മാർട്ടെന്ന ധാരണയോടെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങൾ മുതിർന്നവരുടെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ കുട്ടികൾ ഇപ്പോഴേ ടെക്കികളായി മാറുന്നു. 


ടെക്‌നോളജിയും ഡിജിറ്റൽ വിനോദങ്ങളും സമൂഹത്തെ ശക്തമായി സ്വാധീനിക്കുന്ന ഇക്കാലത്ത് ഈ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നവർ പഴഞ്ചന്മാരാകും. കുട്ടികൾക്കെന്നതു പോലെ മുതിർന്നവർക്കും ഇവയൊന്നുമില്ലാതെ പറ്റില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഡിജിറ്റൽ പഠന ലോകത്തേക്ക് മാറിയിരിക്കയാണ് കുട്ടികൾ. അവർ സ്വന്തമായുള്ള ഫോണുകളോ ടാബുകളോ ഉപയോഗിക്കുന്നു. അല്ലെങ്കിൽ മാതാപിതാക്കളുടെ ഫോണുകൾ ഉപയോഗിക്കുന്നു. 
ഈ സൗകര്യം മുതലെടുത്ത് കുട്ടികളെ ചൂഷണം ചെയ്യാൻ ധാരാളം പേർ രംഗത്തു വരുന്നുവെന്നതാണ് റിപ്പോർട്ടുകൾ. കുട്ടികളുടെ സ്‌ക്രീൻ ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ ഉപയോഗിക്കുന്ന ഗെയിമുകൾ പ്രത്യേകം നിരീക്ഷിക്കണമെന്നും അടുത്തിടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും എസ്.എം.എസ് അയച്ചും ബോധവൽക്കരിക്കുന്നുണ്ട്. 

കുട്ടികൾക്ക് ഫോൺ, ടാബ്‌ലറ്റ്, ഗെയിം കൺസോൾ, ടി.വി തുടങ്ങിയ ഡിജിറ്റൽ വിനോദങ്ങൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് യു.എസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനഃശാസ്ത്രജ്ഞരും ഗവേഷകരും സ്‌ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 
എല്ലാ ഡിജിറ്റൽ സങ്കേതങ്ങളും സുലഭമായിട്ടുള്ള ഈ രാജ്യങ്ങളിൽ സ്‌ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചതിനു പിന്നിലുള്ള പ്രധാന കാരണം ഇവയുടെ തുടർച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന അഡിക്ഷനും അനന്തരഫലങ്ങളുമാണ്. 


സ്‌കൂളുകളിലും മറ്റും നടക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകളിലെ പ്രധാന വിഷയമാണ് കുട്ടികളുടെ സ്‌ക്രീൻ ഉപയോഗം. 
കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തെപ്പറ്റി പഠനം നടത്തുന്ന പ്രമുഖ സൈക്കോതെറപ്പിസ്റ്റായ ഡോ.നിക്കോളാസ് കർദരസ് ആണ് യു.എസിൽ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്റി ശാസ്ത്രീയമായ അവബോധമുണ്ടാക്കിയത്. അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകവും ഗ്ലോ കിഡ്‌സ് പദ്ധതിയും വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 
സിഗരറ്റ് പാക്കറ്റിന്റെയും മദ്യക്കുപ്പിയുടെയും പുറത്തു കൊടുക്കുന്ന മുന്നറിയിപ്പു പോലെ അമിതമായ സക്രീൻ ഉപയോഗം കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന മുന്നറിയിപ്പ് വിറ്റഴിക്കുന്ന ഓരോ ഡിജിറ്റൽ വിനോദോപാധികളിലും പതിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. 


അമേരിക്കയിൽ 18 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള സ്‌ക്രീനുകളും നൽകുന്നത് ശിശുരോഗവിദഗ്ധർ കർശനമായി വിലക്കിയിട്ടുണ്ട്. 
എല്ലാ സ്‌ക്രീനുകളും കുട്ടികളിൽ നിന്ന് എടുത്തു മാറ്റുകയല്ല, അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടത്. മൂന്നു വയസ്സു വരെ കുട്ടികൾക്ക് സ്‌ക്രീനുകൾ ഒന്നും നൽകാതിരിക്കുക. മസ്തിഷ്‌ക വളർച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസ്സു വരെ ദിവസം ഒരു മണിക്കൂറിലധികം സ്‌ക്രീൻ നൽകാതിരിക്കുക. 
അഞ്ചു വയസിനു ശേഷം രക്ഷിതാക്കൾ ഉചിതമായ രീതിയിൽ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയ്യുക. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ വിവിധ സോഷ്യൽ നെറ്റ്‌വർക്കുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായം 13 വയസ്സാണ്. 


എന്നാൽ 18 വയസ് വരെ സോഷ്യൽ മീഡിയ കുട്ടികൾക്കു സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നന്നേ ചെറുപ്പത്തിലേ കുട്ടികളെ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്നു തിരിച്ചറിയണം.

 

Latest News