Sorry, you need to enable JavaScript to visit this website.

കുട്ടികളെ വലയിലാക്കാൻ സമൂഹ മാധ്യമങ്ങൾ 

കുട്ടികളെ ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ  സമൂഹ മാധ്യമം ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഫേസ് ബുക്ക്. കുട്ടികളെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ ഉള്ളടക്കം പങ്കിടുന്നതിൽനിന്ന് ആളുകളെ തടയുന്നതിന് കൂടുതൽ ടൂളുകൾ പരീക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക് പറയുന്നു. 
കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന തിരയൽ പദങ്ങൾ ഉപയോഗിക്കുന്നവർക്ക് ഫേസ് ബുക്ക് അപ്ലിക്കേഷനുകളിലുടനീളം  ഒരു മുന്നറിയിപ്പ് പോപ്അപ് സന്ദേശം നൽകുകയാണ് ഇതിലൊന്ന്. ഇത്തരം ഉള്ളടക്കം കാണുന്നതിന്റെ അനന്തരഫലങ്ങൾ വിശദീകരിക്കുന്നതിനു പുറമെ എങ്ങനെ സഹായം നേടാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യും.
കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പങ്കിടുന്ന ആളുകൾക്ക്  അതുവഴി ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്  സുരക്ഷാ അലർട്ട് ലഭിക്കും. ഇത്തരം കാര്യങ്ങൾ പങ്കിടുന്നതിന് നിയമപരമായ അനുമതിയില്ലെന്നും ഉള്ളടക്കം ഫേസ്ബുക്കിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണെന്നുമാണ് അലേർട്ടിൽ അറിയിക്കുക.  ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിനു പുറമെ, കുട്ടികൾക്കെതിരായ ചൂഷണം തടയുന്നതിനുള്ള ദേശീയ കേന്ദ്രത്തിൽ  റിപ്പോർട്ട് ചെയ്യുകയാണ് അടുത്ത നടപടി.  കുട്ടികൾക്കെതിരായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്നും കമ്പനി പറയുന്നു.


കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ ഫേസ് ബുക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ചൂഷണത്തിനിരയാക്കുമെന്ന് കരുതുന്ന ഫേസ്ബുക്ക് പ്രൊഫൈലുകൾ, പേജുകൾ, ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്യും. ആളുകൾ പങ്കിടുന്ന ചിത്രങ്ങളോ വീഡിയോകളോ ഫേസ്ബുക്കിന്റെ നിയമങ്ങൾ സ്വയം ലംഘിച്ചേക്കില്ലെങ്കിലും ഉള്ളടക്കം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടോ എന്നും അനുബന്ധ പ്രൊഫൈൽ, പേജ്, ഗ്രൂപ്പ് അല്ലെങ്കിൽ അക്കൗണ്ട് എന്നിവ നീക്കം ചെയ്യേണ്ടതുണ്ടോ എന്നും നിർണയിക്കാൻ സഹായിക്കുന്ന സംവിധാനങ്ങളുണ്ടെന്ന് ഫേസ് ബുക്കിലെ ആഗോള സുരക്ഷാ തലവൻ ആന്റിഗോൺ ഡേവിസ് പറയുന്നു.  


ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും കൂടുതൽ മേഖലകളിൽ റിപ്പോർട്ടിംഗ് മെനു കമ്പനി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.  നഗ്‌നത, ലൈംഗികത വിഭാഗത്തിന് കീഴിൽ പുതുതായി ഇതിൽ ഒരു കുട്ടി ഉൾപ്പെടുന്നു എന്ന ഓപ്ഷൻ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഈ രീതിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ഉള്ളടക്കം മുൻഗണന നൽകി അവലോകനം ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുറിപ്പുകളിൽ കുട്ടികളുടെ ചൂഷണം കണ്ടെത്തുന്നതിനും അവലോകനം ചെയ്യുന്നവർക്ക് മുൻഗണനാ നിർദേശം നൽകുന്നതിനും ഗൂഗിളിന്റെ കണ്ടന്റ് സേഫ്റ്റി എ.പി.ഐ സ്വീകരിച്ചിട്ടുമുണ്ട്.
കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കം വേരോടെ പിഴുതെറിയുന്നതിനും കുട്ടികളുമായി അനുചിതമായ രീതിയിൽ ഇടപെടുന്നവരെ കണ്ടെത്തുന്നതിനും  ഫേസ്ബുക്ക് പലവിധ സംവിധാനങ്ങൾ വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ ചൂഷണം തടയുന്നതിനായുള്ള നിയമങ്ങൾ ലംഘിക്കുന്ന നെറ്റ്‌വർക്കുകളെ കണ്ടെത്തുകയാണ് പുതിയ ലക്ഷ്യമെന്ന്  ഫേസ് ബുക്ക് പറയുന്നു. അപകടകരമായ സംഘടനകളെയും ആസൂത്രിത നീക്കങ്ങളെയും കൈകാര്യം ചെയ്യുന്ന രീതിക്ക് സമാനമായി കുട്ടികളെ ചൂഷണം ചെയ്യുന്ന കാര്യത്തിലും നടപടികൾ വരും. 


കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കം പങ്കിടുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനായി ഫേസ്ബുക്ക് അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ അധികൃതർക്ക് റിപ്പോർട്ട് ചെയ്ത എല്ലാ ഉള്ളടക്കവും വിശകലനം ചെയ്തു. 90 ശതമാനത്തിലധികം ഉള്ളടക്കവും മുമ്പ് റിപ്പോർട്ട് ചെയ്തവക്ക് സമാനമായതു തന്നെയാണെന്നാണ് കണ്ടെത്തിയത്. 
കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കം പങ്കുവെക്കുന്നതിനായി അധികൃതർക്ക് റിപ്പോർട്ട് ചെയ്ത 150 അക്കൗണ്ടുകൾ പരിശോധിച്ച വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ മുക്കാൽ ഭാഗവും ഒരു കുട്ടിയെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഉള്ളടക്കം പങ്കുവെച്ചതെന്നാണ് നിഗമനം.  തമാശക്കും പ്രകോപനം സൃഷ്ടിക്കാനും  ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് ഒരു കുട്ടിയുടെ ജനനേന്ദ്രിയം മൃഗം കടിക്കുന്ന ചിത്രം ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഫേസ് ബുക്ക് പറയുന്നു. ആളുകളുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും നടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. 


 

Latest News