തിരുവനന്തപുരം- യുഡിഎഫ് പ്രവേശനത്തില്‍ സമ്മർദം ശക്തമാക്കിയ പി.സി.ജോർജ് സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തി നാണം കെട്ട് മടങ്ങി.
ഷാള്‍ അണിയിക്കാനുള്ള പി.സി. ജോർജിന്‍റെ ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. വേണ്ടെങ്കില്‍ വേണ്ട എന്നുമാത്രമായിരുന്നു ഇതോട് അദ്ദേഹത്തിന്‍റെ പ്രതികരണം.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ കയറി. സര്‍ക്കാരിനെയും ഡിവൈഎഫ്ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും പ്രസംഗിച്ചശേഷമാണ് നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഷാളണിയിച്ച് ആദരിക്കാനൊരുങ്ങിയത്.
നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍.എസ്. നുസൂറും ഷാള്‍ സ്വീകരിച്ചെങ്കിലും റിജില്‍ മാക്കുറ്റി രാഷ്ട്രീയ വിയോജിപ്പ് പരസ്യമാക്കി നിരസിച്ചു. താന്‍ എംഎല്‍എയായ ശേഷം എല്ലാം പരിഹരിക്കാമെന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയാണ് ജോർജ് മടങ്ങിയത്.






