സി.പി.എമ്മിനു ഭരണഘടനയോട് കൂറില്ല; രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഹരജി

ന്യൂദല്‍ഹി-സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ മുന്നിലെത്തിയ ഹരജി വാദം കേള്‍ക്കുന്നതിനായി അടുത്ത വര്‍ഷം മാര്‍ച്ച് 28 ലേക്കു മാറ്റിവെച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ ജോജോ ജോസ് എന്നയാളാണു ഹരജി നല്‍കിയിരിക്കുന്നത്. 1989 സെപ്റ്റംബറില്‍ സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്‍ 1989 സെപ്റ്റംബറില്‍ സി.പി.എമ്മിനു നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യം. സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന്‍ നല്‍കിയ അപേക്ഷ 2016 ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന ന്യായങ്ങള്‍ പരിഗണിക്കാതെയാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ അതു തള്ളിയതെന്നാണു ഹരജിയില്‍ പറയുന്നത്. സി.പി.എമ്മിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനയുമായി പൂര്‍ണമായി കൂറു പുലര്‍ത്തുന്നില്ലെന്നാണു വാദം.
തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിയും വ്യാജമായ വിവരങ്ങള്‍ കാട്ടിയുമാണു സി.പി.എം രജിസ്‌ട്രേഷന്‍ നേടിയെടുത്തത്. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും നിയമ വിരുദ്ധ കാര്യങ്ങള്‍ക്കായാണു പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ജോജോ ജോസ് ഹരജിയില്‍ ആരോപിക്കുന്നു.

 

 

Latest News