Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

വയറ്റത്തടിച്ചാലും കുലുങ്ങാത്തവർ 

ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തോട് മുഖം തിരിച്ചുനിൽക്കാൻ കേന്ദ്ര സർക്കാരിനും ബി.ജെ.പി നേതാക്കൾക്കും ധൈര്യം കിട്ടുന്നതെന്തുകൊണ്ടാവും. മറ്റൊന്നുമല്ല, എന്തു ചെയ്താലും ജനങ്ങൾ പ്രതികരിക്കില്ലെന്ന തികഞ്ഞ ബോധ്യമുള്ളതുകൊണ്ട്. 


പെട്രോൾ വില ലിറ്ററിന് നൂറ് രൂപ കടന്നതിന് പിന്നാലെ മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ ഒരു യുവാവ് സചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമൊക്കെ സെഞ്ചുറി അടിക്കുമ്പോൾ ചെയ്യുന്നതുപോലെ ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഇരു കൈകളിലായി ഉയർത്തിപ്പിടിച്ച് മാനത്തേക്ക് നോക്കി ഒരു പെട്രോൾ പമ്പിനു മുന്നിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. സമീപ കാലത്ത് സോഷ്യൽ മീഡിയ കണ്ട ഏറ്റവും ആക്ഷേപഹാസ്യം നിറഞ്ഞ ട്രോളുകളിലൊന്ന്. ആയിരക്കണക്കിനാളുകൾ ആ ചിത്രം ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയുമൊക്കെ ചെയ്തു. വലിയ ചർച്ചയും പരിഹാസവുമൊക്കെ നിറഞ്ഞു. പക്ഷേ അപ്പോഴും ഇന്ധന വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു ചെറുവിരൽ പോലും അനക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അടക്കമുള്ളവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാവുന്നത്.
രാജ്യത്തെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിച്ചുകൊണ്ട് പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ ദിവസവും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന ഈ വിലക്കയറ്റത്തോട് മുഖം തിരിച്ചുനിൽക്കാൻ കേന്ദ്ര സർക്കാരിനും ബി.ജെ.പി നേതാക്കൾക്കും ധൈര്യം കിട്ടുന്നതെന്തുകൊണ്ടാവും. മറ്റൊന്നുമല്ല, എന്തു ചെയ്താലും ജനങ്ങൾ പ്രതികരിക്കില്ലെന്ന തികഞ്ഞ ബോധ്യമുള്ളതുകൊണ്ട്. എന്തു ജനദ്രോഹ പ്രവർത്തനം ചെയ്താലും, എന്തൊക്കെ അതിക്രമം കാട്ടിയാലും അതെല്ലാം രാജ്യത്തിനു വേണ്ടിയെന്ന് പറഞ്ഞ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും പറ്റിക്കാമെന്ന ധൈര്യം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി നേതാക്കൾക്കും കൂടിയിട്ടുണ്ട്. കുറച്ച് വ്യാജ രാജ്യസ്‌നേഹം, കുറച്ച് മുസ്‌ലി വിദ്വേഷം ഇത് രണ്ടും ഇടക്കിടക്ക് കൊടുത്തുകൊണ്ടിരുന്നാൽ മറ്റെല്ലാ പ്രശ്‌നങ്ങളും അധിക ജനങ്ങളും മറന്നുകൊള്ളുമെന്ന് അവർക്കറിയാം.
കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിൽ ക്രൂഡോയിൽ വില ബാലരിന് 150 ഡോളറിന് മുകളിലെത്തിയതിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങൾ മറക്കാറായിട്ടില്ല. വാഹനങ്ങൾ കെട്ടിവലിച്ചും, കാളവണ്ടികളുമായി തെരുവിലിറങ്ങിയുമായിരുന്നു ബി.ജെ.പി നേതാക്കൾ അന്ന് ഇന്ധന വിലവർധനവിന്റെ പേരിൽ യു.പി.എ സർക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങൾ നടത്തിയത്. 2014 ൽ മോഡി അധികാരത്തിലെത്തിയതിനു ശേഷം ക്രൂഡോയിൽ വില ഒരിക്കലും ആ നിരക്കിലേക്ക് ഉയർന്നിട്ടില്ലെന്ന് മാത്രമല്ല, വൻതോതിൽ ഇടിയുകയും ചെയ്തു. അപ്പോഴും പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി വില വർധിപ്പിക്കുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. ഇപ്പോൾ ക്രൂഡോയിൽ വില നേരിയ തോതിൽ കൂടിയപ്പോൾ, അതിന്റെ അനുപാതത്തിലും മേലെയാണ് ഇന്ത്യയിൽ ഇന്ധന വില കുതിക്കുന്നത്. തുടർച്ചയായി 14 ദിവസം വില വർധിച്ചാണ് രണ്ടാഴ്ച മുമ്പ് പെട്രോൾ വില നൂറ് രൂപ കടന്നത്. എന്നാൽ ദൽഹിയിലും മറ്റും ചില പ്രതിഷേധങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ രാജ്യത്ത് കാര്യമായ എതിർപ്പുകളൊന്നും ഉയർന്നിട്ടില്ല. എന്തിന്, രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ പോലും ഇതൊരു വലിയ ജനകീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിട്ടില്ല.
പെട്രോൾ, ഡീസൽ വില വർധനക്ക് മുൻ സർക്കാരുകളെ പഴിക്കുകയാണ് ഇപ്പോഴും മോഡി ചെയ്യുന്നത് എന്നതാണ് വിരോധാഭാസം. കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യ ഭരിക്കുന്നത് താനാണെന്നും ഇക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ അനുകൂല സാഹചര്യമുണ്ടായിട്ടും ചെയ്യാത്തതെന്തുകൊണ്ടെന്ന് വിശദീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. തന്റെ കഴിവുകേട് മറ്റാരുടെയെങ്കിലും പിടലിക്ക് കെട്ടിവെച്ചാൽ മണ്ടന്മാരായ തന്റെ അണികൾ അത് വിശ്വസിച്ചോളുമെന്ന് മോഡിക്കറിയാം. ഇന്ധന വില വർധന ജനങ്ങൾ നേരിടുന്ന ഭയങ്കര പ്രശ്‌നമാണെന്നും താൻ പക്ഷേ നിസ്സഹായയാണെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഒരിക്കലും നടക്കില്ലെന്നറിഞ്ഞുകൊണ്ടു തന്നെ ഇന്ധന വില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ സമ്മതമാണെന്നും അവർ തട്ടിവിട്ടു. അക്കാര്യം ജി.എസ്.ടി കൗൺസിലാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ മന്ത്രി, പക്ഷേ കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് അതിനായി ഇടപെടാത്തതെന്നു മാത്രം പറഞ്ഞില്ല. കേന്ദ്രം ഇടപെട്ടാൽ ജി.എസ്.ടി കൗൺസിൽ അതിനു വേണ്ട നടപടി സ്വീകരിക്കുമെന്ന് അറിയാത്തയാളല്ല നിർമല സീതാരാമൻ. ഇന്ധന വില ജി.എസ്.ടി പരിധിയിൽ കൊണ്ടുവന്നാൽ പെട്രോൾ വില ലിറ്ററിന് ഇപ്പോഴത്തെ നൂറിൽനിന്ന് 70-75 രൂപ നിലവാരത്തിലേക്കെങ്കിലും താഴുമെന്നുറപ്പാണ്. ജി.എസ്.ടിയുടെ പരമാവധി നിരക്കായ 28 ശതമാനം നികുതി പെട്രോളിനും ഡീസലിനും ചുമത്തിയാലും വില ഇപ്പോഴത്തേതിന്റെ നാലിലൊന്ന് കുറയും. അധികമായുള്ള 25 രൂപയോളം രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്‌സൈസ് തീരുവയായും വിവിധയിനം സെസ്സുകളായും ജനങ്ങളിൽനിന്ന് പിഴിയുന്നതാണ്.
ഇന്ധന വില ഉയർന്നുനിൽക്കുന്നത് സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയാറാവാത്തതുകൊണ്ടാണെന്നാണ് വി. മുരളീധരനെപ്പോലെ ചില കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും പറയുന്നത്. എന്നാൽ പിന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ച് മാതൃക കാണിക്കാത്തതെന്തുകൊണ്ടെന്ന് ചോദിക്കരുത്. ഒരു ഡസനിലേറെ സംസ്ഥാനങ്ങൾ ബി.ജെ.പി ഭരണത്തിലാണല്ലോ. സോറി, ഞങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താനും ആക്ഷേപിക്കാനും മാത്രമേ അറിയാവൂ. സ്വന്തമായി ജനോപകാരപ്രദമായതൊന്നും ചെയ്യാനറിയില്ല, ഇതാണവരുടെ ഒരു ലൈൻ.
ഏതായാലും ബി.ജെ.പി നേതാക്കളുടെ ആ വെല്ലുവിളി ഏറ്റെടുത്തത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്. അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തതെത്തിയതുകൊണ്ടാവും, പെട്രോളിനും ഡീസലിനും ലിറ്ററിന് ഓരോ രൂപ വീതം കുറച്ച് മാതൃക കാട്ടാൻ മമത തയാറായി. മറ്റു ചില സംസ്ഥാനങ്ങൾ ആ മാതൃക ഏറ്റെടുത്തെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇതുവരെ അതിന് തയാറായിട്ടില്ല. 
കേന്ദ്രമായാലും സംസ്ഥാനങ്ങളായാലും സർക്കാരുകളുടെ ഏറ്റവും വലിയ നികുതി വരുമാന സ്രോതസ്സ് ഇന്ധന വിലയിൽ നിന്നാണ്. ലോകത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന കണക്കുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. 69 ശതമാനത്തോളമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധയിനം നികുതികളും സെസ്സുകളുമായി പെട്രോളിനും ഡീസലിനും ചുമത്തുന്നത്. ഈ 69 ശതമാനം ജി.എസ്.ടിയുടെ പരമാവധി പരിധിയായ 28 ശതമാനത്തിലെത്തിച്ചാൽ വില എത്രത്തോളം കുറയുമെന്ന് ഊഹിക്കാമല്ലോ.
ഇന്ത്യയിൽ ഇന്ധന വിലയുടെ നികുതി ഏറ്റവുമധികം വർധിപ്പിച്ചത് മോഡി സർക്കാരിന്റെ കാലത്താണ്. യു.പി.എ സർക്കാരിന്റെ കാലത്ത് എല്ലാ നികുതികളും സെസ്സുകളും കൂടി 40 ശതമാനത്തിലും താഴെയായിരുന്നു. മോഡി സർക്കാർ ഇന്ധന നികുതി വൻതോതിൽ ഉയർത്തിയതിന്റെ കാരണവും എല്ലാവർക്കും അറിയാവുന്നതാണ്. പരാജയപ്പെട്ട നോട്ട് നിരോധനവും, തെറ്റായ രീതിയിൽ ജി.എസ്.ടി നടപ്പാക്കിയതും മൂലം രാജ്യത്തിനുണ്ടായ ബാധ്യതകൾ മറികടക്കാൻ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയാണ് വരുമാനം കണ്ടെത്താനുള്ള മറ്റൊരു മാർഗമായി മോഡി കണ്ടിരിക്കുന്നത്. ആ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത് അദ്ദേഹം നിരന്തരം കുറ്റം പറയുന്ന മുൻ കോൺഗ്രസ് സർക്കാരുകളാണെന്നത് വേറെ കാര്യം.
ചുരുക്കത്തിൽ സ്വന്തം കഴിവുകേടിന്റെ ഭാരമാണ് ഇന്ധന നികുതിയുടെ രൂപത്തിൽ മോഡിയും കൂട്ടരും ജനങ്ങളുടെ മുതകിൽ വെച്ചിരിക്കുന്നത്. ആ ഭാരം കൊണ്ട് അവന്റെ നടുവൊടിഞ്ഞാലും വ്യാജ ദേശ സ്‌നേഹവും അപര വിദ്വേഷവും പറഞ്ഞുകൊണ്ടിരുന്നാൽ അവൻ സർക്കാരിനെതിരെ മിണ്ടില്ലെന്ന് മോഡിക്കറിയാം. ജനങ്ങൾ സത്യം മനസ്സിലാക്കി പ്രതികരിക്കാൻ തുടങ്ങുവോളം അവർക്കിത് തുടരുകയും ചെയ്യാം.

Latest News