Sorry, you need to enable JavaScript to visit this website.

കർഷക സമരം തുടരുന്നതിലെ അപകടം 

ഇന്ത്യക്കാരുടെ പ്രധാന ജോലി കൃഷിയാണെന്നെല്ലാവർക്കുമറിയാം. ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെയും കാർഷിക വൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് ഇക്കണോമിക്‌സ് പാഠപുസ്തകങ്ങളിൽ എഴുതിവെച്ചിട്ടുമുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരം ചെയ്യുന്നത്. കൊറോണ വ്യാപനം പോലെ ഇതിങ്ങനെ തുടരുന്നത് ഒട്ടും ആശ്വാസ്യമല്ല. ഇന്ധന വിലക്കയറ്റം റെക്കോർഡിട്ട് മുന്നേറുകയാണ്. അതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം കൂടിയാവുമ്പോൾ പറയാനുമില്ല. ഒരു മാസം മുമ്പ് പ്രാദേശിക വിപണിയിൽ ഒരു കിലോ സവാള ഇരുപത് രൂപയ്ക്ക് ലഭിച്ചിരുന്നു. ഫെബ്രുവരി അവസാന വാരത്തിൽ അറുപത് രൂപ വരെയാണ് വില. അപൂർവം ചില സൂപ്പർ മാർക്കറ്റുകളിൽ ഓഫറുള്ള ദിവസങ്ങളിൽ 53-55 രൂപ നിരക്കിലും വലിയ ഉള്ളി ലഭിക്കുന്നു. കേരളത്തിലേക്ക് ഉള്ളി വരുന്ന മഹാരാഷ്ട്രയിലെ വിപണിയിൽ ചാക്കിന്  900 രൂപയുണ്ടായിരുന്നത് നാലായിരം രൂപയ്ക്ക് മുകളിലായി. കർഷക സമരം തീരാതിരുന്നാൽ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാവും. ഉപഭോക്്തൃ സംസ്ഥാനമായ കേരളത്തെയാവും ഇത് ഏറെ ബാധിക്കുക. 
പഞ്ചാബ് മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമാണ്. 
കേന്ദ്രം പാസാക്കിയ കാർഷിക നിയമം നടപ്പിലാക്കുന്നത് 18 മുതൽ 24 മാസം വരെ മരവിപ്പിക്കണമെന്നാണ്് അമരീന്ദർ സിംഗ് പറയുന്നത്.  അടുത്ത മാസം മുതൽ ഗോതമ്പ് പാടങ്ങളിൽ വിളവെടുപ്പ് നടക്കുകയാണ്. കാർഷിക നിയമം മരവിപ്പിക്കുന്നത് കർഷകരെ തിരിച്ച് കൃഷിയിടങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മൂന്ന് വർഷത്തേക്ക് നിയമം നടപ്പിലാക്കരുതെന്നാണ് കർഷകർ പറയുന്നത്. ഇത് കണക്കിലെടുത്ത് രണ്ട് വർഷമെന്ന നിർദേശവും മുന്നോട്ടു വെയ്ക്കുന്നു --അമരീന്ദർ സിംഗ് വ്യക്തമാക്കി.
പഞ്ചാബിൽ അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പു ഫലം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 
ബി.ജെ.പിക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പാണിത്.  കോർപറേഷൻ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പെർഫോമൻസ് ദയനീയമായിരുന്നു. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ബി.ജെ.പി കൈവരിച്ച നേട്ടമത്രയും ചില്ലുകൊട്ടാരം പോലെ തകർന്നടിയുന്ന പ്രതീതി സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പ് ഫലം കാരണമായി. അതിനു ഒറ്റ കാരണം മാത്രമാണുള്ളത്. അത് പുതിയ കാർഷിക നിയമമാണ്. കർഷകർ മൂന്നു മാസത്തോളമായി നടത്തുന്ന ഐതിഹാസിക സമരത്തിനുള്ള ഐക്യദാർഢ്യമാണ് പഞ്ചാബ് ജനത പ്രകടിപ്പിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കർഷകർക്ക് മുമ്പിൽ അവയ്‌ലബിളായ ചോയ്‌സ് കോൺഗ്രസായിരുന്നു. അതാണ് കോൺഗ്രസിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കിയത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ പഞ്ചാബിൽ മറ്റൊരു സാധ്യതയും ജനങ്ങൾക്കു മുന്നിലില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ദൽഹി അതിർത്തികളിൽ തമ്പടിച്ച് പതിനായിരക്കണക്കിന് കർഷകരാണ് ഇപ്പോഴും സമരം തുടരുന്നത്. കൊടുംതണുപ്പേറ്റും മറ്റും അനവധി കർഷകർ സമര മുഖത്ത് തന്നെ പിടഞ്ഞു വീണിട്ടുമുണ്ട്.  ട്രാക്ടർ റാലിയിൽ പങ്കെടുക്കവേ മരണപ്പെട്ട നവനീത് സിംഗും ഇവരിൽ ഉൾപ്പെടും.
കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പി ഭരിക്കുന്ന യു.പി ഹരിയാന സർക്കാരുകളുടെയും അടിച്ചമർത്തൽ നയത്തെ നേരിട്ടാണ് കർഷകർ പ്രതിഷേധം കടുപ്പിക്കുന്നത്. ഓരോ ദിവസവും ഈ സമരം കരുത്താർജിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. 'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം കൂടുതൽ അർഥം നേടിയത് തന്നെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ്. പത്തു ലക്ഷത്തോളം കർഷക ട്രാക്ടറുകളാണ് അന്ന് നഗരവീഥികളിൽ പരേഡ് നടത്തിയിരുന്നത്. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിയെയും തകർത്തെറിഞ്ഞ് ഇപ്പോഴും ശക്തമായി തന്നെയാണ് കർഷക സമരം മുന്നോട്ടു പോകുന്നത്. ആ സമരത്തോടുള്ള പഞ്ചാബ് ജനതയുടെ ഐക്യദാർഢ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ രാജ്യം കണ്ടത്. കർഷകരുടെ രോഷം  യുപി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും പടർന്നു കഴിഞ്ഞു. ഹരിയാനയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിയുടെ പൊടി പോലും കാണാത്ത തരത്തിലുള്ള തിരിച്ചടിക്കാണ് സാധ്യത. അവിടുത്തെ ബി.ജെ.പി സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണുള്ളത്. ഭൂരിപക്ഷമില്ലാതെ മിടുക്ക് കൊണ്ടുണ്ടാക്കിയ സർക്കാരാണത്. ജാട്ട് മേഖലകളിലും കർഷക സമരം രാഷ്ട്രീയമായി തിരിച്ചടിയാണെന്ന തിരിച്ചറിവിലാണിപ്പോൾ ബിജെപി.
മുസാഫർ നഗർ എന്ന സ്ഥലം വാർത്താ തലവാചകങ്ങളിൽ ഇടം തേടിയത് ഏഴ് വർഷം മുമ്പാണ്. യു.പിയിലെ ഈ നഗരത്തിൽ ജാട്ട്-മുസ്്‌ലിം വൈരം ആളിക്കത്തിച്ചാണ് ബി.ജെ.പി പടിഞ്ഞാറെ യു.പിയിൽ സ്വാധീനമുറപ്പിച്ചത്. ഇതേ സ്ഥലത്ത് രണ്ടു ദിവസം മുമ്പ് കർഷകരും ബി.ജെ.പിക്കാരും തമ്മിലേറ്റുമുട്ടിയിരുന്നു. പഴയ വേല ഇനി ഫലിക്കില്ലെന്നർഥം. വിവിധ സംസ്ഥാനങ്ങളിലെ ജാട്ട് മേഖലകളിൽ  40 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവിടത്തെ രാഷ്ട്രീയ സ്ഥിതി മനസ്സിലാക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗം സമരം രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തിയത്. രാകേഷ് ടിക്കായത് കർഷക പ്രക്ഷോഭത്തിന്റെ മുഖമായി മാറിയതോടെ ജാട്ട് വിഭാഗം വലിയ തോതിൽ ബിജെപിയിൽനിന്ന് അകന്നു തുടങ്ങി. അജിത് സിംഗിന്റെ ഐഎൻഎൽഡി പടിഞ്ഞാറൻ യുപിയിൽ വീണ്ടും സ്വാധീനം ഉറപ്പിക്കുന്നതും  ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കർഷകർ കടുത്ത രോഷത്തിലാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ ഭരണം തിരിച്ചു പിടിക്കുക എന്നതും ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തന്നെ  തുടരും. സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള യു.പിയിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ സടകുടഞ്ഞ് എണീറ്റിരിക്കുകയാണ്. പതിറ്റാണ്ടുകളായി ബി.ജെ.പി സഖ്യത്തിന് മുൻതൂക്കമുള്ള പഞ്ചാബിലെ നഗര മേഖലകളിൽ നിന്നു പോലും ബിജെപി തൂത്തെറിയപ്പെട്ടതാണ് ബിജെപി വിരുദ്ധരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. കാവിപ്പടയുടെ ശക്തികേന്ദ്രമായ ഹിമാചൽ ജമ്മു സംസ്ഥാനങ്ങളോട് ചേർന്ന മാജ മേഖലയിലും ബിജെപിയുടെ പ്രകടനം ദുർബലമാണ്. അമൃത്്്‌സർ, ഗുർദാസ്പുർ, പത്താൻകോട്ട്,  തരൺ ജില്ലകൾ ഉൾപ്പെടുന്ന മേഖലയാണ് മാജ. ബിജെപി സഖ്യകക്ഷിയായിരുന്ന അകാലിദളിനും കനത്ത തിരിച്ചടിയാണ് പഞ്ചാബിൽ സംഭവിച്ചത്.  പരാജയം ഭയന്ന് ബി.ജെ.പി മുന്നണിയിൽ നിന്നും മാസങ്ങൾക്കു മുൻപ് ഇവർ പുറത്തു വന്നെങ്കിലും പഞ്ചാബ് ജനത ഇവരെയും തിരിച്ചറിഞ്ഞ്് കൈകാര്യം ചെയ്തിട്ടുണ്ട്. ധാരാളം സ്വതന്ത്രർ പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതരായി.  ജയിച്ച സ്വതന്ത്രരിൽ ഏറെയും മത്സരിച്ചത് ട്രാക്ടർ ചിഹ്നത്തിലാണെന്നതും ശ്രദ്ധേയമാണ്. പഞ്ചാബിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കർഷക സമരം അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ബിജെപിയിലും ശക്തമായിട്ടുണ്ട്. ആർഎസ്എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. പഞ്ചാബിൽ കണ്ടത് കോൺഗ്രസിന്റെ വിജയമല്ലെന്നും കർഷക രോഷാഗ്്‌നിയിൽ  ലഭിച്ച തിരിച്ചടിയാണെന്നുമാണ് ആർഎസ്എസ് വിലയിരുത്തുന്നത്. കർഷക സമരം തീർന്നില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിനെയും അതു സാരമായി ബാധിക്കും. മോഡിയുടെ മണ്ഡലമായ വരാണസി ഉൾപ്പെടുന്ന സംസ്ഥാനമാണിത്. 80 ലോക്‌സഭാ സീറ്റുകൾ ഉള്ള സംസ്ഥാനമായതിനാൽ യു.പി കൈവിട്ടു പോകുന്നത് ബി.ജെ.പിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല. 
ഗുജറാത്തിലെ നഗരസഭാ തെരഞ്ഞെടുപ്പു ഫലവും പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന്റെ തകർച്ചയുമാണ് ബി.ജെ.പിക്ക്് അൽപമെങ്കിലും ആശ്വസിക്കാൻ വക നൽകുന്നത്. കർണാടകയിലും മധ്യപ്രദേശിലും കണ്ട രോഗത്തിന്റെ തുടർച്ച മാത്രമാണ് പുതുച്ചേരിയിലേത്. ഗുജറാത്ത് മുഖ്യന്ത്രി വിജയ്് രൂപാണി ഒരാഴ്ച മുമ്പെ വഡോദരയിലെ നിസാംപുരയിൽ നഗരസഭാ തെരഞ്ഞെടുപ്പ്് പ്രചാരണ യോഗത്തിൽ സംസാരിക്കവേ ബോധം കെട്ട് വീഴുകയായിരുന്നു. അദ്ദേഹം വിശ്രമമില്ലാതെ കാമ്പയിൻ നടത്തിയതിന്റെ ഫലമാണ് ഗുജറാത്ത് നഗരസഭകളിൽ കണ്ടത്. നിസാംപുരയിൽ അദ്ദേഹം പ്രസംഗിച്ചത് ലൗ ജിഹാദ് എന്ന വിപത്തിനെ അടിയന്തരമായി കെട്ടുകെട്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. ജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വിലക്കയറ്റവും തുടരുന്ന കർഷക സമരവുമൊന്നും മുഖ്യമന്ത്രി പരാമർശിക്കുന്നതേയില്ല. 
കർഷക സമരത്തിന് സാമ്പത്തിക, രാഷ്ട്രീയ പ്രാധാന്യം മാത്രമല്ലയുള്ളത്. കർഷക സമരത്തിനിടെ 248 കർഷകരാണ് മരണപ്പെട്ടതെന്ന സംയുക്ത് കിസാൻ മോർച്ച പുറത്തുവിട്ട കണക്ക്് ഞെട്ടിക്കുന്നതാണ്.  87 ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും കർഷകർ സമര മുഖത്ത് മരിച്ചത്. ഇവരിൽ 202 പേർ പഞ്ചാബിൽ നിന്നും 36 പേർ ഹരിയാനയിൽ നിന്നും. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കർഷകൻ വീതമാണ് മരണപ്പെട്ടത്.  കൂടുതൽ പേരും മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടർന്നാണ്. ശൈത്യകാല രോഗങ്ങളെ തുടർന്നുള്ളതും മരണ കാരണമാണ്. 
2020 നവംബർ 26 മുതൽ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരമാണിത്. വാശി കൈവെടിഞ്ഞ് കർഷക സമരത്തിന് രമ്യമായ പരിഹാരമുണ്ടാക്കേണ്ട സന്ദർഭമാണിത്. പാർലമെന്റ് മന്ദിരത്തിലേക്ക് ട്രാക്ടറുകൾ ഉരുളാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. ലൗ ജിഹാദിന്റെ ഭവിഷ്യത്തിനെ കുറിച്ച് സെമിനാറുകൾ പിന്നെയും നടത്താമല്ലോ.
 

Latest News