Sorry, you need to enable JavaScript to visit this website.

അക്രമം തുടരുന്നു; പ്രതികരിക്കാതെ പാക്കിസ്ഥാന്‍ പട്ടാളം

ഇസ്്‌ലാമാബാദ് ഫൈസാബാദ് ജംഗ്ഷനില്‍ തഹ്‌രീകെ ലബ്ബൈക് പ്രവര്‍ത്തകര്‍ കത്തിച്ച പോലീസ് വാനിന്റെ മുന്നില്‍നിന്ന് ഒരാള്‍ സെല്‍ഫിെയടുക്കുന്നു.

ഫൈസാബാദ്- പാക്കിസ്ഥാനില്‍ നിയമ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള മതസംഘടനാ പ്രവര്‍ത്തകരും പോലീസും തമ്മില്‍ രണ്ടാം ദിവസവും പലയിടത്തും ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
ക്രമസമാധാന പാലനത്തിനു പോലീസിനെ സഹായിക്കാന്‍ സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. തലസ്ഥാനമായ ഇസ്്‌ലാമാബാദിന്റെ പ്രാന്തത്തിലുള്ള ഫൈസാബാദില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയെങ്കിലും പ്രക്ഷോഭകരെ നേരിടാന്‍ സൈന്യം ഇറങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

http://malayalamnewsdaily.com/sites/default/files/filefield_paths/p10_pakistan.jpg

പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഖബറടക്കാന്‍ കൊണ്ടുപോകുന്നു.

സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സൈനിക പ്രസ് വിഭാഗം പ്രതികരിച്ചതുമില്ല.
ശനിയാഴ്ച പോലീസും അര്‍ധസേനാ വിഭാഗവും സമരക്കാരെ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമം ഏറ്റുമുട്ടലില്‍ കലാശിക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രവാചക നിന്ദ നടത്തിയ നിയമ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രക്ഷോഭകര്‍ തലസ്ഥാനത്തേക്കുള്ള പ്രധാന പാതയാണ് ഉപരോധിച്ചിരുന്നത്.
ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ ചുരുങ്ങിയത് 150 പേര്‍ക്ക് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയിലെ 80 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതായി പോലീസ് സൂപ്രണ്ട് അമീര്‍ നിയാസി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സമരം ആരംഭിച്ച തഹ്‌രീകെ ലബ്ബൈക് പാര്‍ട്ടി ഇന്നലെ പ്രധാന പാക്കിസ്ഥാനി നഗരങ്ങളിലേക്കുള്ള റോഡുകളും ഹൈവേകളും ഉപരോധിച്ചു. നീണ്ട വടികളുമായാണ് സമരക്കാര്‍ രംഗത്തുണ്ടായിരുന്നത്. റോഡുകള്‍ ഉപരോധിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു.
ഫൈസാബാദ് സമര ക്യാമ്പിനു സമീപം ഒരു കാറും മൂന്ന് മോട്ടോര്‍ ബൈക്കുകളും കത്തിച്ചു. പോലീസിനെ പ്രതിരോധിക്കാന്‍ ആയിരക്കണക്കിന് തഹ്‌രീകെ ലബ്ബൈക് പ്രവര്‍ത്തകരാണ് രംഗത്തുണ്ടായിരുന്നത്.
പോലീസിനു പകരം ഇന്നലെ പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ചുമതല പാരാമിലിറ്ററി റേേഞ്ചഴ്‌സ് സേനക്കായിരുന്നു. ധര്‍ണ നടത്തുന്നവരെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞതല്ലാതെ അര്‍ധ സൈനിക വിഭാഗം ഇന്നലെ വൈകിട്ട് വരെ നടപടികളൊന്നുമെടുത്തില്ല. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ മുന്നോട്ടു നീങ്ങുകയുള്ളൂവെന്ന് റേഞ്ചേഴ്‌സ കമാന്‍ഡര്‍ കേണല്‍ ബിലാല്‍ പറഞ്ഞു.
ഇസ്്‌ലാമാബാദിലേക്കുള്ള പ്രധാന റോഡ് രണ്ടാഴ്ചയായി ഉപരോധിച്ചിട്ടും പ്രക്ഷോഭകരെ നീക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. അവസാനം വരെ പോരാടുമെന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നും തഹരീകെ ലബ്ബൈകക്ക് പാര്‍ട്ടി വക്താവ് ഇജാസ് അശ്‌റഫി പറഞ്ഞു. ഖാദിം ഹുസൈന്‍ റിസ്‌വി നേതൃത്വം നല്‍കുന്ന  ഈ സംഘടന കഴിഞ്ഞ ഏതാനും മാസമായി രാഷ്ട്രീയ രംഗത്തും സ്വാധീനം വര്‍ധിപ്പിച്ചുവരികയാണ്. ഈയിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ പുതിയ പാര്‍ട്ടി ആറും 7.6 ഉം ശതമാനം വോട്ട് നേടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നിയമത്തില്‍ പ്രവാചകന്റെ പേരിനു മുമ്പ് അന്ത്യപ്രവാചകന്‍ എന്ന വാക്ക് മനഃപൂര്‍വം ഒഴിവാക്കിയെന്നാണ് പാര്‍ട്ടിയുടെ ആരോപണം. മന്ത്രി ക്ഷമ ചോദിച്ച് തിരുത്തിയെങ്കിലും മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  
പാക്കിസ്ഥാനിലെ ഇസ്്‌ലാമിസ്റ്റ് കക്ഷികള്‍ക്ക് ഭൂരിപക്ഷം നേടാനാവില്ലെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കും.
കര്‍ശന മതനിന്ദാ നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ് ഗവര്‍ണറെ 2011 ല്‍ വെടിവെച്ചിട്ട അംഗരക്ഷകന്‍ മുംതാസ് ഖാദ്‌രിയെ നായകനാക്കി തുടങ്ങിയ പ്രതിഷേധത്തില്‍നിന്നാണ് തഹരീകെ ലബ്ബൈകക്ക് പാര്‍ട്ടിയുടെ ജനനം. കഴിഞ്ഞ വര്‍ഷം വധശിക്ഷക്ക് വിധേയനാക്കിയ ഖാദ്‌രിയെ വീരനായകനെന്നാണ് പാര്‍ട്ടി നേതാവ് സെപ്റ്റംബറില്‍ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ വിശേഷിപ്പിച്ചിരുന്നത്.
ഇന്നലെ ഉച്ചക്ക് ശേഷം സ്വകാര്യ ടെലിവിഷനുകളുടെ സംപ്രേഷണം വീണ്ടും വിലക്കി. പല ഭാഗത്തും ഫേസ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ബ്ലോക്ക് ചെയ്തിരിക്കയാണ്.

 

 

Latest News