Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

പ്രവാസികളെ വലയ്ക്കുന്ന നിലപാട് പിൻവലിക്കണം

പ്രവാസികളുടെ കാര്യം വരുമ്പോൾ നിയമ കാർക്കശ്യത്തിനും സൂക്ഷ്മതക്കും ശക്തി കൂടും. അവരെ പിഴിയുന്ന കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. എത്ര കുറഞ്ഞ വരുമാനക്കാരനായാലും പ്രവാസി എന്ന ബാനർ വീണുവോ, അവൻ സുഖലോലുപതയിലും സാമ്പന്നതയിലും കഴിയുന്നവനാണെന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ടു തന്നെ മറ്റാർക്കും ബാധകമല്ലാത്ത നിയമങ്ങളും ഫീസുകളുമെല്ലാം അവനിൽ അടിച്ചേൽപിക്കാമെന്നാണ് സർക്കാരുകളുടെ നിലപാട്. ഏതു പാർട്ടി അധികാരത്തിലിരുന്നാലും ഇക്കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാവാറില്ല. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രവാസിയാണോ, അവൻ എന്തിനും മറ്റാരേക്കാളും കൂടുതൽ  നൽകാൻ ബാധ്യസ്ഥനാണ്. അതല്ലെങ്കിൽ മറ്റുള്ളവർക്കു ബാധകമല്ലാത്ത നിയമങ്ങൾക്കും നൂലാമാലകൾക്കും വശംവദനാകേണ്ടവനാണ് എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഇപ്പോൾ കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളിൽനിന്നു വരുന്നവർക്കായി കൊണ്ടുവന്നിട്ടുള്ള കോവിഡ് മാർഗനിർദേശങ്ങളെ അങ്ങനെ വേണം വിലയിരുത്താൻ. വിദേശ രാജ്യങ്ങളിൽനിന്നു വരുന്നവർ 72 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരിക മാത്രമല്ല, എയർ സുവിദ പോർട്ടലിൽ യാത്ര പുറപ്പെടുന്നതിനു മുൻപുള്ള 14 ദിവസത്തെ കാര്യങ്ങളടക്കം വിശദീകരിക്കുന്ന സെൽഫ് ഡിക്ലറേഷനും നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗും കഴിഞ്ഞേ വിമാനത്തിൽ കയറാവൂ എന്നാണ് വ്യവസ്ഥ. ഇതെല്ലാം കഴിഞ്ഞ് നാട്ടിലെ വിമാനത്താവളത്തിലെത്തിയാലുടൻ വീണ്ടും ആർടിപിസിആർ ടെസ്റ്റിന് വിധേയരാവണം. ടെസ്റ്റ് നടത്തി നെഗറ്റീവായാലും പതിനാലു ദിവസം വരെയുള്ള ക്വാറന്റൈനും നിർദേശിക്കപ്പെടുന്നുണ്ട്. 
കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ അതതു രാജ്യങ്ങൾ സ്വീകരിക്കുന്ന കോവിഡ് നിയന്ത്രങ്ങളിൽ ആർക്കും കുറ്റം പറയാനാവില്ല. ഓരോ രാജ്യത്തിന്റെയും ലക്ഷ്യം അവരുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കലും  രോഗ വ്യാപനം തടയലുമാണ്. അതിനായി സ്വീകരിക്കുന്ന നിലപാടുകൾ സ്വാഗതാർഹവുമാണ്. എന്നാൽ ഇതിൽ പക്ഷാഭേദം പാടില്ല. ഓരോ രാജ്യവും മഹാമാരിയെ ചെറുത്ത് പിടിച്ചു നിൽക്കുന്നത് അവർ കാണിച്ച സൂക്ഷ്മതയും നിയന്ത്രണങ്ങളാലുമാണ്. ഇക്കാര്യത്തിൽ സൗദി അറേബ്യ മറ്റേതൊരു രാജ്യത്തേക്കാളും മുന്നിലാണെന്നു പറയാം. അതുകൊണ്ടു തന്നെയാണ് കോവിഡിന്റെ രണ്ടാം തരംഗത്തിലും സൗദി വലിയ പ്രതിസന്ധികൾ നേരിടാതെ മുന്നോട്ടു പോകുന്നത്. ഇന്ത്യയും നിയന്തണങ്ങളാലാണ് രോഗ വ്യാപന കെടുതികളിൽനിന്ന് ഒരു പരിധിവരെ പിടിച്ചു നിന്നത്. എന്നാൽ ഇപ്പോൾ എവിടെയും നിയന്ത്രണങ്ങളൊന്നും പാലിക്കാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും പ്രബുദ്ധതയിലും മുന്നിൽ നിൽക്കുന്നുവെന്ന് പറയുന്ന കേരളത്തിൽ. കേരളത്തിലുള്ളവരെല്ലാം കോവിഡിനെ മറന്നാണ് പെരുമാറുന്നത്. നിയന്ത്രണങ്ങൾ രേഖകളിലുണ്ടെങ്കിലും ആഘോഷങ്ങൾക്കും ഒത്തുകൂടലുകൾക്കൊന്നും ഒരു കുറവുമില്ല. പൊതു ഗതാഗതങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ പോലും പാലിക്കാതെ തിങ്ങിഞെരുങ്ങിയാണ് യാത്ര. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തപ്പെട്ടു. അതിന്റെ പരിണതഫലം അനുഭവിച്ചുകൊണ്ടിരിക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി വിവിധ പാർട്ടികൾ നടത്തുന്ന യാത്രകളും ഇതുമായി ബന്ധപ്പെട്ട കൂട്ടംകൂടലുകളുമെല്ലാം നടക്കുന്നത്. മാസ്‌ക് കാതുകളിൽ കൊളുത്തി താടിക്ക് ആവരണമായി കെട്ടിതൂക്കിയിട്ടുണ്ടെന്നല്ലാതെ നേരെ ചൊവ്വേ ഒരാൾ പോലും മാസ്‌ക് ധരിക്കുന്നില്ല. എന്ത് കോവിഡ്?  അതെല്ലാം പോയില്ലേ എന്ന മട്ടിലാണ് ജനങ്ങളുടെ നടപ്പ്. എന്നാൽ രോഗികളുടെ പ്രതിദിന എണ്ണത്തിലാകട്ടെ ഒരു കുറവുമില്ല. 
ഇത്തരമൊരു സാഹചര്യത്തിലേക്ക് കടന്നു വരുന്ന പ്രവാസികൾക്ക് പക്ഷേ, എല്ലാം ബാധകം. കോവിഡ് പരത്തുന്നവൻ പ്രവാസി എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽനിന്ന് ജീവിക്കുകയും കോവിഡ് ഇല്ലെന്ന് യാത്രക്കു മുൻപെ പരിശോധന നടത്തി തെളിയിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യുകയും ചെയ്തു നാട്ടിലെത്തുന്ന പ്രവാസിയോട് വീണ്ടും പരിശോധനയും ക്വാറന്റൈനുമെല്ലാം നിർദേശിക്കുന്നത് വിവേചനമാണ്. ഇപ്പോൾ നാട്ടിലേക്കു വരുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമെല്ലാം അവധി ആഘോഷിക്കാൻ വരുന്നവരല്ല. പലരും ജോലി നഷ്ടപ്പെട്ടും ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ കുടുംബത്തെ കൂടെ നിർത്താൻ നിവൃത്തിയില്ലാത്തതുകൊണ്ടും അടിയന്തര ആവശ്യങ്ങൾക്കുമായൊക്കെയാണ് വരുന്നത്. അതല്ലെങ്കിൽ നാട്ടിലേതിനേക്കാളും സുരക്ഷിത സോണിൽ നിൽക്കുന്ന, കോവിഡ് വാക്‌സിൻ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങൾ വിട്ട് ഒരാളും വരില്ല. വരുന്നുണ്ടെങ്കിൽ അവർ ഏതെങ്കിലും വിധത്തിലുള്ള പ്രയാസം അനുഭവിക്കുന്നതിനാലാവും. അങ്ങനെ വരുന്നവരെ പുതിയ നിയന്ത്രണങ്ങളുടെ പേരിൽ കഷ്ടപ്പെടുത്തുന്നതും അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപിക്കുന്നതും ശരിയാണോ?  നാട്ടിലേക്കു വരുന്ന ഓരോ പ്രവാസിയും ഏതാണ്ട് അയ്യായിരം രൂപക്ക് സമാനമായ തുക നൽകി ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് വരുന്നത്. 72 മണിക്കൂർ  സമയപരിധിയുണ്ടെങ്കിലും അധികപേരും 24 മണിക്കൂറിനകം നാട്ടിലെത്തുന്നവരാണ്. അവരിൽ പണം മുടക്കി വീണ്ടുമൊരു ആർടിപിസിആർ ടെസ്റ്റ് അടിച്ചേൽപിക്കുന്നത് ശരിയാണോ?  1800 ഓളം രൂപയാണ് വിമാനത്താവളങ്ങളിലെ ടെസ്റ്റിന് നിരക്ക്. സാമ്പത്തിക പ്രയാസത്താൽ നാടണയുന്ന പ്രവാസികളെ വീണ്ടും പിഴിയുന്നതെന്തിനാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള സൂക്ഷ്മതയുടെ പേരിലാണെങ്കിൽ ടെസ്റ്റ്് ആയിക്കോട്ടെ, ഒരു പ്രവാസിക്കും അധിൽ വിരോധമില്ല. അതിനു വേണ്ടിവരുന്ന ഫീസ് ഒഴിവാക്കിക്കൊടുത്താൽ മതിയാകും. ഈ ദുരിതകാലത്ത് അതല്ലേ ഏതൊരു സർക്കാരും ചെയ്യേണ്ടത്. അതിനു പകരം കൂനിൻമേൽ കുരുവെന്ന പോലെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമ്പോൾ ഓരോ പ്രവാസിയും അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാനാവുന്നതല്ല. 
72 മണിക്കൂർ മുൻപെടുത്ത ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സൗദിയിലെത്തുന്നവർക്ക് വിമാനത്താവളത്തിൽനിന്ന് ഒരു തടസ്സവുമില്ലാതെ പുറത്തിറങ്ങാം. തവക്കൽന ആപ് ഡൗൺലോഡ് ചെയ്ത് ഒരാഴ്ച ഹോം ക്വാറന്റൈനിൽ ഇരുന്ന ശേഷം സർക്കാരിന്റെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലെത്തി സൗജന്യമായി ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തി അവരവരുടെ ജോലികളിൽ വ്യാപൃതരാവാം. ദുബായ് വിമാനത്തവാളത്തിലെത്തുന്നവർ വിമാനത്തവാളത്തിൽ ടെസ്റ്റിന് വിധേയരാവുന്നുണ്ടെങ്കിലും സൗജന്യമാണ്. ക്വാറന്റൈൻ സമയപരിധിക്കു ശേഷം നടത്തുന്ന ടെസ്റ്റിനാണ് പിന്നീട് പൈസ നൽകേണ്ടത്. ഇങ്ങനെ ആശ്വാസകരമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യയിലും കേന്ദ്ര സർക്കാർ തയാറാവണം. അതല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ അതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയോ പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികൾക്കു വേണ്ടി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയോ വേണം. പ്രവാസ ലോകത്തുനിന്നും ഇതിനായുള്ള മുറവിളി ശക്തമാണ്. വിവിധ സംഘടനകൾ പുതിയ കോവിഡ് മാനദണ്ഡത്തെ രൂക്ഷമായി വിമർശിക്കുകയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന് പറയുന്ന പോലെ ഇത്തരം വിവേചനത്തിനെതിരെ പ്രവാസ ശബ്ദം ഇനിയും ശക്തമായി ഉയരുക തന്നെ വേണം. പ്രവാസികളോട് എന്നെല്ലാം വിവേചനം കാണിച്ചിട്ടുണ്ടോ അപ്പോഴെല്ലാം നാം ആ ശക്തി കാണിച്ചിട്ടുള്ളതാണ്. അതുകൊണ്ട് പ്രയോജനവും ഉണ്ടായിട്ടുമുണ്ട്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകളില്ലാതെ പ്രവാസികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ടല്ലാതെ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാനാവില്ല.
 

Latest News