ജിദ്ദ - കോവിഡ് പരിശോധനയുടെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കു പോകുന്ന പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന മനുഷ്യത്വ രഹിതമായ നടപടികൾ നിർത്തമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്കു പോകുന്നവർ യാത്രക്ക് മുമ്പേ പി.സി.ആർ. ടെസ്റ്റ് നടത്തണമെന്നും പ്രസ്തുത ടെസ്റ്റിന്റെ ഫലം വെബ് സൈറ്റിൽ ചേർക്കണമെന്നുമുള്ള നിബന്ധനക്കു പുറമെ നാട്ടിലെ വിമാനത്താവളങ്ങളിൽ എത്തിയാൽ വീണ്ടും പണച്ചെലവുള്ള ടെസ്റ്റിന് വിധേയമാവണമെന്ന നിർദ്ദേശം ക്രൂരവും കടുത്ത അനീതിയുമാണ്. പരിശോധനാ ഫലം നെഗറ്റീവ് ഉള്ളവരാണ് വിമാനയാത്ര ചെയ്യുന്നത്. മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള യാത്രക്ക് ശേഷം വീണ്ടും പരിശോധന നടത്തണമെന്നത് മറ്റു രാജ്യങ്ങളിലെവിടെയും നടപ്പില്ലാത്തതാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലിയും വരുമാനവുമില്ലാതെ നിരവധിയാളുകളാണ് നിത്യേനയെന്നോണം നാടണയാൻ വഴി തേടുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും വരുമാനമില്ലാത്തവർക്കും നിരന്തരമുള്ള ചെലവേറിയ പരിശോധനകൾ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി പ്രവാസികളുടെ പ്രയാസങ്ങൾ ദൂരീകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനമുണ്ടാകുന്നത് പ്രവാസികൾ മുഖേനയല്ല എന്നുള്ളത് വ്യക്തമാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം പ്രവാസികളുടെ മേൽ ചാർത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രതിഷേധാർഹമാണെന്നും സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നസ്‌റുൽ ഇസ്‌ലാം ചൗധരി (ദമാം), ബഷീർ കാരന്തൂർ (റിയാദ്), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), ഇ.എം. അബ്ദുല്ല (ജിദ്ദ) എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.