Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹപ്രവർത്തകന്റെ അശ്രദ്ധ: കാൽ മുറിച്ച് മാറ്റേണ്ടി  വന്ന രാജു നാടണഞ്ഞു

രാജു സോഷ്യൽ ഫോറം പ്രവർത്തകരോടൊപ്പം.

റിയാദ് - ജോലിക്കിടെ സഹപ്രവർത്തകന്റെ അശ്രദ്ധ കാരണം അപകടത്തിൽപെട്ട് ഇടതു കാൽ മുറിച്ചു മാറ്റേണ്ടിവന്ന തിരുവനന്തപുരം പൂവാർ സ്വദേശി സോഷ്യൽ ഫോറം സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലെത്തി. അൽഹസയിൽ സർവീസ് സ്റ്റേഷനിലെ ജോലിക്കിടെ സഹപ്രവർത്തകൻ മുന്നോട്ടെടുത്ത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ രാജുവാണ് നാട്ടിലേക്ക് മടങ്ങിയത്.
15 വർഷം മുമ്പാണ് ഇദ്ദേഹം സൗദിയിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത ഇദ്ദേഹം നാല് വർഷം മുമ്പാണ് അൽ ഹസയിലെ സർവീസ് സ്റ്റേഷനിൽ ജോലിയിൽപ്രവേശിച്ചത്. 2019 മേയ് 29 നായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ സഹപ്രവർത്തകൻ കാർ മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം വിടുകയും വാഹനം കഴുകാനായി മോട്ടോർ പമ്പ് ഓൺ ചെയ്യാൻ പോയ രാജുവിനെ ഇടിക്കുകയുമായിരുന്നു. തുടർന്ന് രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിയുമ്പോഴാണ് ഇടത് കാൽ മുറിച്ച് മാറ്റുന്നത്. ആശുപത്രിയിൽ നിന്നു നേരെ താമസ സ്ഥലത്തേക്ക് എത്തിച്ചതോടെ സ്‌പോൺസറും കൈ ഒഴിഞ്ഞു. ഇതോടെ ഇദ്ദേഹം റൂമിനുള്ളിൽ ഒറ്റപ്പെടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സോഷ്യൽ ഫോറം പ്രവർത്തകനായ ജസീർ ചിറ്റാർ, രാജുവിന്റെ തൊട്ടടുത്ത മുറിയിലേക്ക് താമസത്തിനായി എത്തിയപ്പോഴാണ് ഈ ദുരവസ്ഥ മനസ്സിലാക്കിയത്. ശേഷം ജസിൽ ചിറ്റാർ രാജുവിന്റെ ഭക്ഷണം ഉൾപ്പടെയുള്ള പരിചരണം ഏറ്റെടുക്കുകയും സോഷ്യൽ ഫോറവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമം തുടങ്ങി. സ്‌പോൺസറുമായി ബന്ധപ്പെട്ടപ്പോൾ 2016 മുതൽ രാജുവിന് ഇഖാമ പുതുക്കിയിട്ടില്ലെന്നും അതിനാൽ ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ലെന്നും മനസിലായി.


സോഷ്യൽ ഫോറം പ്രവർത്തകരായ മുഹിനുദ്ദീൻ മലപ്പുറം, ഷുക്കൂർ, ജിന്ന തമിഴ്‌നാട് എന്നിവർക്കൊപ്പം ലേബർ കോർട്ടിൽ പരാതി നൽകുകയും എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. രണ്ട് വർഷത്തോളം നീണ്ട ഇടപെടലുകളുടെ ശ്രമഫലമായി രാജുവിന് നാട്ടിലേക്ക് പോകുവാനുള്ള രേഖകൾ ശരിയാകുകയും 16,480 റിയാൽ നഷ്ട പരിഹാരമായി ലഭിക്കുകയും ചെയ്തു. 
സഹപ്രവർത്തകനായ ബംഗ്ലാദേശ് സ്വദേശിയെ പ്രതിചേർത്ത് കേസ് നടത്തിയാൽ കാൽ നഷ്ടപ്പെട്ടതിന്റെ നഷ്ട പരിഹാരത്തുക കൂടി ലഭിക്കുമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും നിത്യവൃത്തിക്കാരനായ മറ്റൊരു തൊഴിലാളിയെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന രാജുവിന്റെ അഭിപ്രായം മാനിച്ച് കേസ് നൽകിയില്ല. 22 മാസത്തെ നീണ്ട ദുരിത ജീവിതം അവസാനിപ്പിച്ച് നിയമക്കുരുക്കുകൾ എല്ലാം അഴിച്ചു തന്നെ പരിചരിച്ച സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് രാജു കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.

 

 

Latest News