Sorry, you need to enable JavaScript to visit this website.

വ്യാജ ഏറ്റമുട്ടല്‍ കൊലയ്ക്കു നഷ്ടപരിഹാരം: സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി നക്‌സല്‍ വര്‍ഗീസിന്‍റെ ബന്ധുക്കള്‍

വെള്ളമുണ്ട ഒഴുക്കന്‍മൂലയിലെ വര്‍ഗീസ് കുടീരം.

കല്‍പറ്റ-തിരുനെല്ലി വനത്തിലെ കൂമ്പാരക്കൂനിയില്‍ 1970 ഫെബ്രുവരി 18നു പോലീസ് വെടിവച്ചുകൊന്ന വെള്ളമുണ്ട ഒഴുക്കന്‍മൂല അരീക്കാട്ട് വര്‍ഗീസ് എന്ന നക്‌സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു ബന്ധുക്കള്‍.

സര്‍ക്കാര്‍  അനുവദിക്കാന്‍ തീരുമാനിച്ച തുകയെ കേവലം നഷ്ടപരിഹാരമായല്ല, വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ കുടുബത്തോടുള്ള ഭരണകൂടത്തിന്റെ പ്രായശ്ചിത്തമായാണ് കാണുന്നതെന്നു വര്‍ഗീസിന്റെ സഹോദരപുത്രന്‍ അഡ്വ.എ.വര്‍ഗീസ് പറഞ്ഞു.


മൂവാറ്റുപുഴ വാഴക്കുളത്തുനിന്ന് 1948ല്‍ ഒഴുക്കന്‍മൂലയില്‍ താമസമാക്കിയ അരീക്കാട്ട്  വര്‍ക്കി-റോസ ദമ്പതികളുടെ ആണ്‍മക്കളില്‍ രണ്ടാമനാണ് പില്‍ക്കാലത്തു അടിയോരുടെ പെരുമനെന്നു പേരെടുത്ത എ.വര്‍ഗീസ്. കൗമാരവും യുവത്വവും അവിഭക്ത കമ്മ്യൂണിറ്റു പാര്‍ട്ടിക്കുവേണ്ടി വിനിയോഗിച്ച വര്‍ഗീസ്  വയനാട്ടില്‍ ആദിവാസികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ 1967ഓടെയാണ് നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായത്.


തിരുനെല്ലി വനത്തില്‍ ഏറ്റുമുട്ടലിനിടെ വര്‍ഗീസ് വെടിയേറ്റുമരിച്ചുവെന്ന  സര്‍ക്കാര്‍ ഭാഷ്യത്തെ കാലം തിരുത്തുകയായിരുന്നു. തിരുനെല്ലിയിലെ ഒരു കുടിലില്‍നിന്നു  1970 ഫെബ്രുവരി 18നു രാവിലെ പിടികൂടിയ വര്‍ഗീസിനെ അന്നു വൈകുന്നേരം മേലുദ്യോഗസ്ഥരുടെ  നിര്‍ദേശപ്രകാരം താന്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു 1998ല്‍ രാമചന്ദ്രന്‍നായര്‍ എന്ന മുന്‍ പോലീസുകാരനാണ് വെളിപ്പെടുത്തിയത്.


പോലീസ് കസ്റ്റഡിയില്‍ വര്‍ഗീസ് കൊല്ലപ്പെടുകയായിരുന്നു സത്യം പുറത്തുവന്നതിനു പിന്നാലെയാണ് കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഏറ്റമുട്ടല്‍ കൊലയ്ക്കു സര്‍ക്കാര്‍ ഉത്തരം പറയണമെന്ന ആവശ്യം സംസ്ഥാന വ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യാനുള്ള കുടുംബത്തിന്റെ തീരുമാനം.

വര്‍ഗീസിന്റെ നാലു സഹോദരങ്ങള്‍ക്കായി കുടുംബാഗം എ.തോമസാണ് കോടതിയെ സമീപിച്ചത്. 2016ല്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അനവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ എങ്ങനെ കൊല്ലപ്പെട്ടാലും അയാളുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിനു അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്.

ഇതു കേരളത്തില്‍ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ ചര്‍ച്ചയായി. പിന്നീട് നിയമസഭയില്‍  സബ്മിഷനുള്ള മറുപടിയില്‍ വര്‍ഗീസിന്റെ മരണം ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്നും കസ്റ്റഡി മരണമാണെന്നും  സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിയില്‍ സത്യവാങ്മൂലം തിരുത്തി നല്‍കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു. തിരുത്തിയ സത്യവാങ്മൂലം 2019ല്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസ് വിചാരണയില്‍ വര്‍ഗീസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സീനിയര്‍ ഗവ.പ്ലീഡര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തിനു വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാരിനു അപേക്ഷ നല്‍കാമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നു  കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പു കുടുംബാംഗങ്ങള്‍ നല്‍കിയ നിവേദനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.


വ്യാജ ഏറ്റുമുട്ടല്‍ കൊലയ്ക്കു നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കസ്റ്റഡി പീഡനങ്ങളും കൊലപാതകങ്ങളും  ഭാവിയില്‍ കുറയുന്നതിനു വഴിയൊരുക്കുന്നതാണെന്നു ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി.മാത്യു പറഞ്ഞു.

 

Latest News