അല്‍ഖസീം- തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇടപെടല്‍ വിദേശ തൊഴിലാളിക്ക് അനുഗ്രഹമായി. താമസിക്കാന്‍ മുറിയില്ലാത്തതിനാല്‍ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങിയിരുന്ന വിദേശിക്കാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ രക്ഷയായത്.
ഇദ്ദേഹത്തിന് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പതിവ് പരിശോധനക്കിടയിലാണ് അല്‍ഖസീമിലെ ഒരു നിര്‍മാണ കമ്പനിക്ക് കീഴിലുള്ള ജോലിക്കാരനെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കാണുന്നത്. തുടര്‍ന്ന് കമ്പനി അധികൃതരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥസംഘം നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. കമ്പനിക്കെതിരെ നിയമം ലംഘിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
തൊഴിലിടങ്ങളിലെ നിയമലംഘനത്തെ കുറിച്ച് 19911 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയോ 'മഅന്‍' സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേനയോ അറിയിക്കണമെന്ന് അല്‍ഖസീം തൊഴില്‍ മന്ത്രാലയ മേധാവി തുര്‍ക്കി അല്‍മാനിഅ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.