ബീജിംഗ്- വിവാഹമോചനം നേടിയ ഭര്‍ത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും കൂലി നല്‍കണമെന്ന് ചൈനീസ് കോടതിയുടെ വിധി. അഞ്ച് വര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടെ ചെയ്ത വീട്ടു ജോലികള്‍ക്ക് 50,000 യുവാന്‍ (7700 ഡോളർ രൂപ) നല്‍കണമെന്നാണ് ഉത്തരവ്. വിവാഹ മോചന കേസുകളില്‍ കൂടുതല്‍ വീട്ടുജോലി ചെയ്ത പങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന പുതിയ നിയമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിവാഹ മോചന കോടതിയുടെ വിധി.
ഭാര്യയാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്തതെന്നും ഇത് പ്രതിഫലമില്ലാത്ത ജോലിയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. ചെന്‍ എന്ന യുവാവാണ് തന്റെ ഭാര്യയായ വാങ്ങില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.
2015-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹമോചനത്തിന് വാങ് തയ്യാറായിരുന്നില്ല. മതിയായ നഷ്ടപരിഹാരം നല്‍കിയാല്‍ വിവാഹമോചനത്തിന് തയ്യാറാണെന്ന് പിന്നീട് ഭാര്യ അറിയിച്ചു. വീട്ടുജോലിക്കോ കുട്ടികളെ നോക്കുന്നതിലോ ഭര്‍ത്താവായ ചെന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ബീജിങ്ങിലെ ഫാങ്ഷാന്‍ ജില്ല കോടതിയാണ് വാങ്ങിന് അനുകൂലമായി വിധിച്ചത്.
പ്രതിമാസം 2000 യുവാന്‍ ജീവനാംശമായി നല്‍കാനും ഇതോടൊപ്പം 50,000 യുവാന്‍ വാങ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നല്‍കാനുമാണ് വിധി.
പുതിയ നിയമപ്രകാരം, കുട്ടികളെ വളര്‍ത്തുന്നതിലും പ്രായമായ ബന്ധുക്കളെ പരിപാലിക്കുന്നതിലും പങ്കാളികളെ അവരുടെ ജോലിയില്‍ സഹായിക്കുന്നതിലും കൂടുതല്‍ ഉത്തരവാദിത്തം വഹിക്കുന്ന ഒരു പങ്കാളിയ്ക്ക് വിവാഹമോചനത്തില്‍ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്.