Sorry, you need to enable JavaScript to visit this website.

പഴം, പച്ചക്കറി വിലക്കയറ്റം; കുടുംബ ബജറ്റുകൾ താളം തെറ്റുന്നു 

കാസർകോട് - സാമ്പത്തിക മാന്ദ്യത്തിനിടയിൽ പഴം, പച്ചക്കറി വിലയുടെ കുതിപ്പ് കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നു. ആസന്നമായ മീലാദ്, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ കെങ്കേമമാക്കാൻ ഈ പ്രാവശ്യം അല്പം വിയർക്കേണ്ടി വരും. 
പച്ചക്കറിവില ദിവസേനയെന്നോണം കുതിച്ചുയരുകയാണ്. സവാളയുടെയും, തക്കാളിയുടെയും വിലയാണ് ഒരു നിയന്ത്രണവുമില്ലാതെ കൂടുന്നത്. മറ്റു പച്ചക്കറികളുടെയും വില രണ്ട് മാസത്തിനിടെ 4 മുതൽ 8 മടങ്ങ് വരെ ഉയർന്നു. വില പിടിച്ചു നിർത്താനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിപണിയിൽ സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ വില ഇനിയും കുതിച്ചുയരുമെന്നു കച്ചവടക്കാർ സൂചിപ്പിക്കുന്നുമുണ്ട്.
കേരളത്തിലേക്ക് പച്ചക്കറി കൊണ്ട് വരുന്ന തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ വേണ്ടത്ര വിളവുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നുണ്ട്. നടീൽ സമയത്തെ മഴക്കുറവും വിളവെടുപ്പ് കാലത്തെ കനത്ത മഴയും കർഷകർക്ക് തിരിച്ചടിയായി കനത്ത മഴ അയൽ സംസ്ഥാനത്തെ ഏക്കർ കണക്കിന് പ്രദേശത്തെ പച്ചക്കറികളാണ് നശിച്ചു പോയത്. ഇത് കേരളത്തിലെ വിപണിയിൽ സർവ്വകാല റെക്കോർഡിലേക്ക് വില കുതിച്ചുയരാൻ കാരണമായതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 10 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിയുടെയും, തക്കാളിയുടെയും ഇപ്പോഴത്തെ വില 60 രൂപയോളമെത്തി നിൽക്കുന്നു. മറ്റു പച്ചക്കറികളുടെ വിലയും ഇങ്ങിനെയൊക്കെത്തന്നെയാണ്.
പഴ വർഗങ്ങളിൽ നേന്ത്രക്കായ, കദളി പഴത്തിന്റെ വിലയിലാണ് കുതിപ്പ് തുടരുന്നത്. ഇതും 50 മുതൽ 60 രൂപ വരെയാണ് വില. ആവശ്യ സാധനങ്ങളുടെ വില പിടിച്ചു നിർത്താനും ആഘോഷ ദിവസങ്ങളുടെ മറവിലെ കൃത്രിമ വിലക്കയറ്റം തടയാനും വിപണിയിൽ അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Latest News