Sorry, you need to enable JavaScript to visit this website.

'അർഹത'പ്പെട്ട സ്വപ്‌നങ്ങൾ

'ഷെർലക്‌ഹോംസ്' ജീവിച്ചിരുപ്പുണ്ട്. സംശയമുള്ളവർ ഐശ്വര്യ കേരള യാത്രയിലേക്ക് ഒന്നു കണ്ണോടിക്കുക. മൂന്നു വർഷം മുമ്പ് അമേരിക്കയിൽ പോയി മടങ്ങിയ മത്സ്യ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അവിടെ ആരോടൊക്കെ സംസാരിച്ചു, എവിടെയൊക്കെ ഷോപ്പിംഗ് നടത്തി എന്നീ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ദിനംപ്രതി ഒന്ന് എന്ന തോതിൽ ജാഥാ നേതാവ് ചെന്നിത്തലജി ഓരോ തെളിവുകൾ പുറത്തുവിട്ടു പോരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയോടു കിടപിടിക്കുന്നതെന്നു സംശയിക്കാവുന്ന ഒരു കമ്പനിയെ വളഞ്ഞുപിടിച്ചാണ് മീൻവലയ്ക്കകത്താക്കിയത്. ഇ.എം.സി.സി അന്നു മുതൽ നടത്തിയ കേരള യാത്രകൾ, മന്ത്രിമാർ അങ്ങോട്ടു നടത്തിയ ചർച്ചകൾ എല്ലാം നാട്ടുഭാഷയിൽ 'മണിമണിയായി' പുറത്തുവിടും. 'മണി' തന്നെയാണ് ഇതിലും കാതൽ എന്നും അത് എത്രയെന്ന കാര്യം എണ്ണിക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസിന്റെ 'വിദേശസെൽ' സൈബർ സെൽ മേധാവികൾ പറയുന്നു. ആകപ്പാടെ ഭൂമികുലുക്കത്തിനു സമാനമായ എന്തെങ്കിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. യാത്ര മുടങ്ങിയാലും ചെന്നിത്തലയുടെ ഇൻവെസ്റ്റിഗേഷൻ' മുടങ്ങില്ല.
എന്നാൽ ഈ നിർണായക ഘട്ടത്തിൽ ഒരു ചാനൽ നടത്തിയ 'സീസർവേ' കേരള യാത്രയുടെ 'ഐശ്വര്യം' കെടുത്തിക്കളഞ്ഞു. വഴിവക്കിൽനിന്ന് 'കൊടിയേറ്റ'ത്തിലെ ഗോപിയെപ്പോലെ 'ഓ, എന്തൊരു സ്പീഡ്' എന്ന് വാ പൊളിക്കുന്ന ദൃശ്യം ചാനലുകൾ ആഘോഷിച്ചതാണ്. എന്നാൽ ഇന്നത്തെ ദൃശ്യം-2വിൽ കേരള യാത്രയുടെ വേഗഃ കാണാനില്ല. 'ആമയും മുയലും' കഥയിലെപ്പോലെ ഇപ്പോൾ ഉമ്മൻ ചാണ്ടിയാണ് മുന്നിൽ -26 ശതമാനം. മുയൽ വെറും 9 ശതമാനം സാധ്യതയുമായി പിന്നിലും.
മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി' എന്നു പറയാനും വയ്യാത്ത അവസ്ഥ. 39 ശതമാനം ലീഡുമായി ഇരട്ടച്ചങ്കൻ മുന്നിൽ ഓടുകയല്ലേ? 'ആമ'യ്ക്കു ഭരണം ലഭിക്കണമെങ്കിൽ യു.ഡി.എഫ് മൊത്തം ജയിക്കണം. 2026 ലാണ് പ്രതീക്ഷ. ഇനിയുള്ള പ്രതീക്ഷ 'സർവേ കാര്യത്തിൽ' വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന ദൃശ്യം-3 ലാണ് വരട്ടെ!


നാട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു അർഹതയുണ്ടെങ്കിൽ മാത്രമേ തൊഴിൽ ലഭിക്കൂ. അത് മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കും -ഈ മഹദ്‌വചനങ്ങൾ ഉരുവിട്ടതോടെ മഹാത്മഗാന്ധി, എബ്രഹാം ലിങ്കൺ, ഷേക്‌സ്പിയർ, ബർണാഡ്ഷാ, വിൻസ്റ്റൺ ചർച്ചിൽ എന്നീ ലോകപ്രതിഭകളുടെ നിരയിലേക്ക് നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയും ഉയർന്നു. റാങ്ക് പട്ടികയിൽപെട്ട കുറച്ച് ഉദ്യോഗാർഥികൾ മേൽ ചൊന്ന 'കഥയറിയാതെ ആട്ടം കാണാൻ' സെക്രട്ടറിയേറ്റ് നടയിലേക്ക് വെച്ചുപിടിച്ചത് കണ്ട് ദുഃഖം സഹിയാതെ അദ്ദേഹം പറഞ്ഞുപോയതാണ്. ഗവർണർ കൂടി ഇടപെട്ടതോടെ, ദുഃഖവും സഹതാപവും ശതഗണീഭവിച്ചു എന്നു പറഞ്ഞാൽ മതി. അങ്ങനെയാണ് പരികർമിയായ കടകംപള്ളിയെ ഏർപ്പാടാക്കിയത്. 
ഒരു വിധം 'മൈനർ' ആയ ബാധകളെ ഒഴിപ്പിക്കുവാൻ കടകംപള്ളി തന്നെ മതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് വി. ശിവൻ കുട്ടിയെ ഒഴിപ്പിക്കുന്നതിലും ഈ പരികർമി നല്ലൊരു പങ്കുവഹിച്ചതായി ജനസംസാരം പോലുമുണ്ട്. റാങ്കുള്ള രണ്ടുമൂന്നു പേരെ വീട്ടിൽ വരുത്തിയ ശേഷം മന്ത്രി സഖാവ് ചോദിച്ചത്, ഇപ്പോൾ പശ്ചാത്താപമില്ലേ എന്നാണ്. 'പത്തു കൊല്ലം കഴിഞ്ഞാലും ഈ ലിസ്റ്റിൽ നിന്നു തനിക്കു ജോലി കിട്ടുമെന്നു കരുതുണ്ടോ' -എന്നായിരുന്നു അദ്ദേഹത്തിന്റെ കരുണാമയമായ അടുത്ത ചോദ്യം. 'ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്റെ വിശപ്പ്' എന്നു പറഞ്ഞ മാതിരി, തൊഴിൽ കിട്ടാത്തവന്റെ വേദന കടകംപള്ളിക്ക് അറിയില്ല. സഖാവ് മന്ത്രിയാകും മുമ്പ് തലസ്ഥാന ജില്ലയുടെ പാർട്ടി സെക്രട്ടറി ആയിരുന്നു. 
അതിൽപരം മികച്ച ഒരു തൊഴിൽ വേണമെന്നില്ലല്ലോ. മന്ത്രി, മുഖ്യദേഹത്തിന്റെ വചനങ്ങൾ ടേപ് ചെയ്ത് പാകത്തിൽ ഭാഗ്യദോഷികളെ കേൾപ്പിച്ചു. അതിനടുത്ത വാചകമാണ് പിന്നെ 'വൈറലായത്: അർഹതയുണ്ടെങ്കിൽ മാത്രമേ തൊഴിൽ ലഭിക്കൂ. ഇവിടെയാണ് സെക്രട്ടറിയേറ്റ് നടയിൽ യൂത്തന്മാർ നടത്തിയ മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പറിനെ വെല്ലുന്ന ഒരു ഗൂഢാർഥം പതുങ്ങിയിരിക്കുന്നത്. അർഹത എന്നാൽ 'അംഗത്വ'മാണോ എന്നൊക്കെ സംശയിക്കാം. നാട്ടുനടപ്പ് അതാണല്ലോ! പിന്നെ റാങ്ക് എന്തിന്? എന്ന് നടൻ സലീം കുമാറിന്റെ ഫോട്ടോ ചേർത്ത് ഒരു വർഗശത്രു എന്നു 'ട്രോളി'!
സമരം ചെയ്തു വളർന്ന പാർട്ടിയാണ് എന്ന കാര്യം കസേരയിൽ അമർന്നിരുന്നവർ മറന്നു. മയക്കവും മറവിയും അധികാരത്തിന്റെ തോഴിമാരാണല്ലോ. അതുകൊണ്ട് ചർച്ചക്ക് വിളിക്കണമെന്ന് പാർട്ടി ഇടപെട്ടു നിർദേശിച്ചതു നന്നായി. കോൺഗ്രസിനു 'ഹൈക്കമാന്റ്' എന്നതുപോലെ സി.പി.എമ്മിനു സംസ്ഥാന കമ്മിറ്റി സാങ്കൽപികം മാത്രമല്ലെന്നു തെളിഞ്ഞു. പിണറായിക്കു മീതെ പാർട്ടി പറക്കുമെന്നും വ്യക്തമായി. അത്രയും ആശ്വാസം. 'അർഹത' എന്ന വാക്കിന്റെ അർഥം മനസ്സിലാക്കിയിട്ടാണോ ഇക്കണ്ട 'വിവാദ' നിയമനങ്ങളൊക്കെ നടത്തിയത് എന്നു ചോദിച്ചാൽ മറുപടി പറയാൻ എവൈലബിൾ പി.ബിയോ കുറഞ്ഞതു സംസ്ഥാന കമ്മിറ്റിയോ ചേരേണ്ടിവരും. ഒരാഴ്ച ചർച്ച ചെയ്യേണ്ടിയും വരും. ഒരാശ്വാസമുണ്ട്, പ്രത്യേകിച്ച് 'അർഹത'യൊന്നും ആവശ്യമില്ലാത്ത തസ്തികകളാണല്ലോ രാഷ്ട്രീയം നിറയെ. കസേരയിൽ കയറിയാൽ എന്തും പറയാം. ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കണ്ട' എന്നാണല്ലോ ചൊല്ല്! പക്ഷേ, തെരഞ്ഞെടുക്കുമ്പോൾ നിലത്തിറങ്ങണമെന്ന് ഓർക്കണം.


*** *** ***
പശു പാൽ തരുന്നു. അമ്മ പാൽ തിളപ്പിച്ച് പഞ്ചസാര ചേർത്തുതരും. ഞാൻ പാൽ കുടിക്കാതിരുന്നാൽ അമ്മ കരയും -എന്ന് പ്രൈമറി ക്ലാസിലെ പാഠഭാഗം പഠിച്ചുവളർന്നവരാണ് ഭൂരിപക്ഷം മലയാളികൾ. പണ്ടു കാലത്ത് ഗോമൂത്രവും ഗോചാണകവും പാഠപുസ്തകങ്ങളിൽ കടന്നുകയറിയിട്ടില്ല. ഇപ്പോൾ ഗോമാതാവിന്റെ മുതുകത്തെ 'മുഴ' പോലും പാഠ്യവിഷയമാക്കി മാറിക്കൊണ്ടിരിക്കുന്നു. 'പശു ശാസ്ത്രം' തന്നെ കിടാവിനെപ്പോലെ അതിവേഗം വളരുകയാണ്. പക്ഷിശാസ്ത്രം, കൈരേഖാ ശാസ്ത്രം, കോടാങ്കി ശാസ്ത്രം, ലക്ഷണ ശാസ്ത്രം -തുടങ്ങി മനുഷ്യന് ചമ്രം പടിഞ്ഞിരുന്ന് പത്തു കാശുണ്ടാക്കാനുള്ള അനേകം വിദ്യകൾ നമ്മുടെ നാട്ടിൽ പഠിപ്പിച്ചിരുന്നു. 'പശുശാസ്ത്രം' വളരെ വൈകി മാത്രം എത്തുന്നതിൽ നാമെല്ലാം പശുവിനെപ്പോലെ തന്നെ തലതാഴ്ത്തണം.
രാജ്യത്തെ 900 സർവകലാശാലാ വൈസ് ചാൻസലറന്മാർക്ക് യു.ജി.സി നൽകിയ നിർദേശമനുസരിച്ച് ഈ പുതുപുത്തൻ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാതെ അവർക്ക് സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയില്ല. പരീക്ഷ നടത്തുകയാണെങ്കിൽ എഴുതാൻ കുട്ടികൾ വേണം. 
ഒട്ടും ശങ്കിക്കണ്ട, അവർക്ക് 'സർട്ടിഫിക്കറ്റു'കൾ നൽകും. മറ്റു സർട്ടിഫിക്കറ്റുകൾ ചുമന്നു നടക്കുന്ന ഭാഗ്യദോഷികളെപ്പോലെയല്ല അവർ. പുതിയ സർട്ടിഫിക്കറ്റിൽ ഒരു 'പശുമുദ്ര'യുണ്ടാകും. ഗോചാണകവും പശുവിനെ ബന്ധിക്കുന്ന കയറും തമ്മിൽ മിശ്രിതമാക്കി ഉൽപാദിപ്പിക്കുന്ന പുതിയ തരം കട്ടിയുള്ള പേപ്പറിലായിരിക്കും 'ശുപാർശ പത്രം'- (മലയാളമാണോ!) പശുമുദ്രയോ? മുതുകത്ത് മുഴയുള്ള ഭാരതീയ പശുവിന്റെ ചാണകത്തിൽനിന്നു കിട്ടുന്ന സ്വർണത്തരികൾ കൂടി ഉപയോഗിച്ചാകും തയാറാക്കുക. ഇവ മൊത്തം കോവിഡ് ഉൾപ്പെടെ അണുവിമുക്തമായിരിക്കും എന്നു എടുത്തു പറയേണ്ടതില്ല. സംശയാലുക്കളായ രാജ്യദ്രോഹികൾക്ക് മണപ്പിച്ചു നോക്കി ബോധ്യപ്പെടാം. 'ചാണകം കലക്കി തളിക്കുക' എന്ന പരമ്പരാഗത ആചാരവും നമ്മൾ കൈവിടാൻ പാടില്ലല്ലോ. അങ്ങനെ അച്ചടി രംഗത്തേക്കും അക്കാദമിക രംഗത്തേക്കും കൂടി ഗോമൂത്രം- ചാണക സാന്നിധ്യം ഉറപ്പാക്കുവാൻ കഴിയുന്നത് നമ്മുടെ നാട് മുന്നോട്ടു തന്നെ കുതിക്കുന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായി കാണാം.
*** *** ***
വെറുമൊരു മോഷ്ടാവായോയെന്ന് കള്ളനെന്നു വിളിച്ചില്ലേ' എന്ന അയ്യപ്പപ്പണിക്കരുടെ വരികൾ പെട്രോൾ ബാങ്കിൽ ചെല്ലുന്ന ആരും മറക്കുകയില്ല. അമ്പത്തിയൊന്നു രൂപക്ക് സാധാരണക്കാരനു ലഭിക്കേണ്ട ഇന്ധനത്തെ നൂറ്റിയൊന്നിലേക്കുയർത്തുന്നത് ആരെന്ന ചോദ്യത്തിനുള്ള മറുപടിയും അതിലുണ്ട്. പക്ഷേ, കള്ളന്മാർ രണ്ടാണ്- സംസ്ഥാനവും കേന്ദ്രവും. ആരു നികുതി കുറച്ചാലും ഗുണം നാട്ടുകാർക്കാണ്. അതു വേണ്ട, വോട്ട് ചെയ്തു ജയിപ്പിച്ച പാപത്തിന് കുറച്ചൊക്കെ അനുഭവിക്കുക തന്നെ വേണം! ഇക്കാര്യത്തിൽ തോമസ് ഐസക്-നിർമലാ സീതാരാമൻ പോര് ഒരു തരം 'ചക്കളത്തിൽപോരാട്ട'മാണെന്നു പറയുന്നവരെ കേസിൽ കുടുക്കരുതെന്ന് മാത്രം അപേക്ഷയുണ്ട്.
*** *** ***
മാണി സി. കാപ്പൻ പോയതുകൊണ്ട് വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നു ടി.പി. പീതാംബരൻ. ജോസ് കെ. മാണി 16 സീറ്റ് വേണമെന്ന് എൽ.ഡി.എഫിനോടു ആവശ്യപ്പെട്ടു. ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകൾ... .88 വയസ്സുള്ള ഇ. ശ്രീധരൻ ബി.ജെ.പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയാറെന്നു പ്രസ്താവിച്ചു.
പ്രായം വെറുമൊരു അക്കം മാത്രം. സ്വപ്‌നമാണ് പ്രധാനം!

Latest News