സർക്കാർ ഏർപ്പെടുത്തുന്ന പുതിയ സോഷ്യൽ മീഡിയാ ചട്ടങ്ങൾ ഏകപക്ഷീയമെന്ന് ആരോപണം

ന്യൂദൽഹി - സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഇന്റർനെറ്റ് കമ്പനികൾ തുടങ്ങിയവ സർക്കാർ നിർദ്ദേശങ്ങളോടും, സർക്കാർ ഏജൻസികളോടും കൂടുതൽ നന്നായി പ്രതികരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പുതിയ ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പാക്കാൻ പോകുകയാണെന്ന് ആരോപണം. ഐടി നിയമത്തിലെ ബന്ധപ്പെട്ട ചില സെക്ഷനുകളാണ് മാറ്റാൻ പോകുന്നത്. എന്നാൽ പുതിയ വ്യവസ്ഥകളിൽ നിർണായകമായ ചിലത് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറായിട്ടില്ല.

ഈ ആരോപണം ഉയർന്നുവന്നതോടെ കേന്ദ്ര ഐടി മന്ത്രാലയം പുതിയ നിർദ്ദേശങ്ങളടങ്ങിയ ചട്ടങ്ങൾ പ്രഖ്യാപിക്കുന്നത് വൈകിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രഖ്യാപനം നടക്കേണ്ടതായിരുന്നു.

സർക്കാരിൽ നിന്നുള്ള ആശയവിനിമയത്തോട് പ്രതികരിക്കാനുള്ള സമയം 72 മണിക്കൂറായിരുന്നത് നേർപകുതിയായി കുറച്ചിട്ടുണ്ട്. ഇനിമുതൽ 36 മണിക്കൂറിനുള്ളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രതികരിച്ചിരിക്കണമെന്നുണ്ട്. ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളും ഷെയർ ചെയ്യുന്ന കണ്ടന്റുകളെ സംബന്ധിച്ച് അവരുടെ കൂടുതൽ 'ഉത്തരവാദിത്വം' ഉള്ളവരാക്കാനാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്രം പറയുന്നു. ഇത്തരം പ്ലാറ്റ്ഫോമുകൾ സർക്കാർ നിർദ്ദേശങ്ങളോട് കൂടുതൽ 'പ്രതികരണക്ഷമത' ഉള്ളവരായിരിക്കണമെന്നതും ഈ ചട്ടങ്ങളുടെ ഉദ്ദേശ്യമാണെന്ന് രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറയുകയുണ്ടായി.

ബന്ധപ്പെട്ടവരോട് ചർച്ചയ്ക്ക് തയ്യാറാകാതെ മന്ത്രാലയം ചട്ടങ്ങളിലുൾപ്പെടുത്തിയ ഒരു കാര്യം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംബന്ധിച്ചുള്ളതാണ്. ചിലതരം സന്ദേശങ്ങൾ മൂന്നാംകക്ഷിക്ക് വായിക്കാൻ കഴിയണമെന്നാണ് ഈ ചട്ടങ്ങളിലുള്ളത്. ഇതിൽ കമ്പനികൾക്ക് വിയോജിപ്പുണ്ട്.

Latest News