തിരുവനന്തപുരം- വനമില്ലാത്ത ഏക ജില്ല എന്ന ആലപ്പുഴയുടെ വിശേഷണം അപ്രസക്തമായി. ആലപ്പുഴ ജില്ലയിലെ പുറക്കാട് വില്ലേജിലുൾപ്പെട്ട ഗാന്ധിവനം മേഖലയെ വനം വകുപ്പ് റിസർവ് ആയി പ്രഖ്യാപിച്ചതോടെയാണിത്.
തൃശൂർ ജില്ലയിലെയിലെ പാവറട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പെരിങ്ങാട് പുഴയും തണ്ണീർത്തടങ്ങളും ഉൾപ്പെടുന്ന പ്രദേശത്തേയും റിസർവായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം നടന്നത്. വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു രണ്ട് റിസർവു കളുടെയും പ്രഖ്യാപനം നടത്തി. ആലപ്പുഴ ജില്ലയുടെ പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്ന പ്രദേശമാണ് പുറക്കാട് വില്ലേജിലെ 600 ഏക്കർ വരുന്ന തണ്ണീർത്തടം. ഈ പ്രദേശം ഏറ്റെടുത്ത് ഗാന്ധിവനം സ്ഥാപിക്കാൻ 1994 ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും കാലതാമസം ഉണ്ടായി.
അനേകമാളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ പ്രദേശം ഏറ്റെടുത്ത് പരിസ്ഥിതിക്കിണങ്ങുന്നതും പൊതുജനങ്ങൾക്ക് പ്രയോജനം നൽകുന്നതുമായ വിധത്തിൽ ഗാന്ധിവനം എന്ന പേരിൽ റിസർവായി പ്രഖ്യാപിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സമീപ പ്രദേശത്തെ എം.എൽ.എമാരും മറ്റ് ജനപ്രതി നിധികളുമായി ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമാണ് റിസർവുകളുടെ പ്രഖ്യാപനം നടത്തുന്ന തെന്നും അഡ്വ. കെ.രാജു പറഞ്ഞു.
തൃശൂർ ചാവക്കാട് പാവറട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 234.18 ഏക്കർ സ്ഥലം കണ്ടൽകാടുകൾ നിറഞ്ഞതും പാരിസ്ഥിതിക സവിശേഷതകളുള്ളതുമാണ്. 250-ലേറെ ഇനം പക്ഷികൾ കാണപ്പെടുന്ന ഇവിടം ജൈവവൈവിധ്യ സമ്പുഷ്ടവുമാണ്. നിരന്തരമായ കൈയ്യേറ്റ ശ്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഈ പ്രദേശത്തെ റിസർവായി പ്രഖ്യാപിക്കാൻ സർക്കാർ മുന്നോട്ടു വന്നതെന്ന് വനം മന്ത്രി പറഞ്ഞു.
പ്രഖ്യാപന രേഖകൾ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്ക് കൈമാറി അദ്ദേഹം പ്രകാശനം ചെയ്തു. വനം വകുപ്പിന്റെ കഴിഞ്ഞ അഞ്ച് ഈ വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ച ഹരിത മുദ്രകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. മുഖ്യ വനം മേധാവി പി.കെ. കേശവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡി.കെ. വർമ്മ, ബെന്നിച്ചൻ തോമസ്, ഗംഗാസിംഗ് തുടങ്ങിയവർ സംബന്ധിച്ചു.
ഇതോടുബന്ധിച്ച് തൃശൂർ പാവറട്ടിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദർ, എ.പി.സി.സി.എഫ്.ഇ. പ്രദീപ്കുമാർ, സി.എഫ്. ഖ്യാതിമാത്തൂർ, മറ്റ് ജനപ്രധിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിവയവർ പങ്കെടുത്തു.






