ന്യൂദല്‍ഹി- കൊറോണ വൈറസ് മഹാമാരിക്ക് സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭാവിയില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ ലോകം തയാറാകണമെന്ന പാഠം കോവിഡ് നമ്മെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യ മേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ആരോഗ്യമേഖലക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു'- മോഡി പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ സൗകര്യങ്ങള്‍ വരെ, ഡോക്ടര്‍മാര്‍ മുതല്‍ പര്യവേക്ഷകന്‍ വരെ ഇവയിലെല്ലാം നാം ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാല്‍ ഭാവിയില്‍ ഏത് ആരോഗ്യ അടിയന്തരാവസ്ഥക്കും രാജ്യം മികച്ച രീതിയില്‍ തയാറാകുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.






