തോട്ടത്തിൽ രവീന്ദ്രനുമായി കെ.സുരേന്ദ്രന്റെ കൂടിക്കാഴ്ച, സമ്മർദ്ദ തന്ത്രമെന്ന് സംശയം

കോഴിക്കോട്- മേയറും ഗുരുവായൂർ ദേവസ്വം ബോർഡ്  മുൻ ചെയർമാനുമായ തോട്ടത്തിൽ രവീന്ദ്രനെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നിൽ തോട്ടത്തിൽ രവീന്ദ്രന്റെ സമ്മർദ തന്ത്രം. കോഴിക്കോട് നോർത്തിലേക്കും ലോക്‌സഭയിലേക്കും തോട്ടത്തിൽ രവീന്ദ്രന്റെ പേര് മുമ്പ് ഉയർന്നുവന്നതാണ്. ഇപ്പോഴാകട്ടെ എ. പ്രദീപിനെ തന്നെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സി.പി.എം. 
പത്തു വർഷത്തോളം മേയറും അഞ്ചു വർഷം ഡെപ്യൂട്ടി മേയറും നാല് വർഷം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായ തോട്ടത്തിൽ രവീന്ദ്രനെ ഏതാനും ആഴ്ച മുമ്പാണ് കെ. സുരേന്ദ്രൻ വീട്ടിലെത്തി സന്ദർശിച്ചത്. തന്നെ ബി.ജെ.പി.യിലേക്ക് സുരേന്ദ്രൻ ക്ഷണിച്ചുവെന്ന് തോട്ടത്തിൽ വെളിപ്പെടുത്തിയപ്പോൾ സന്ദർശനം വ്യക്തിസൗഹൃദപരമായിരുന്നുവെന്ന് സുരേന്ദ്രൻ വിശദമാക്കി. 
സന്ദർശനത്തിലും വെളിപ്പെടുത്തലിനും പിന്നിലെ സമ്മർദം സി.പി.എമ്മിനെ പ്രയാസത്തിലാക്കുന്നു. കോഴിക്കോട് നോർത്തിൽ കഴിഞ്ഞ മൂന്നു തവണ ജയിച്ച എ. പ്രദീപ് കുമാറിനെ സി.പി.എമ്മിന്റെ മാനദണ്ഡങ്ങളിൽ ഇളവ് ചെയ്ത് വീണ്ടും മത്സരിപ്പിക്കാൻ ഒരുങ്ങവെയാണ് തോട്ടത്തിലിന്റെ വെളിപ്പെടുത്തൽ. കോഴിക്കോട്ട് മേയറായിരുന്ന എം. ഭാസ്‌കരന്റെയും തോട്ടത്തിലിന്റെയും പേര് 2016ൽ കോഴിക്കോട് നോർത്തിലേക്ക് പരിഗണിച്ചിരുന്നു. എം.ഭാസ്‌കരൻ ഇതിനിടെ അന്തരിച്ചു. തോട്ടത്തിൽ ആകട്ടെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭയിലേക്ക് മത്സരിക്കുകയുണ്ടായില്ല. ഇദ്ദേഹം മത്സരിച്ചിരുന്ന വാർഡിൽ ജയിച്ചത് ബി.ജെ.പി.യാണ്. 
2015ലെ തെരഞ്ഞെടുപ്പിന് ശേഷം കോഴിക്കോട് മേയർ പദവിയിലേക്ക് തോട്ടത്തിലിനെ തഴഞ്ഞ് വി.കെ.സി. മമ്മത് കോയ വന്നു. ഒരു വർഷം കഴിയും മുമ്പെ വി.കെ.സി.യെ ബേപ്പൂരിൽ സ്ഥാനാർഥിയാക്കിയതിനെ തുടർന്നാണ് തോട്ടത്തിൽ രവീന്ദ്രന് മേയർ പദവിയിൽ വരാനായത്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. ഇക്കാലത്താണ് ഗുരുവായൂരിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാം എന്ന് മാറ്റിയത്. കോൺഗ്രസ് നേതാവ് വയലാർ രവിയുടെയും മെഴ്‌സിയുടെയും പുത്രൻ രവി ശങ്കർ സന്ദർശിച്ചതിനെ തുടർന്ന് പുണ്യാഹം തളിച്ച് ശുദ്ധീകരണം നടത്തിയതും ഇക്കാലത്താണ്. 
വിശ്വാസിയായ കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തോട്ടത്തിൽ എല്ലാ വർഷവും വ്രതം അനുഷ്ഠിക്കുകയും ശബരിമലയിലെത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും വിശ്വാസം പ്രകടമാണ്. പാർട്ടി നേതാക്കളിൽ നിന്ന് വ്യത്യസ്തമായി പൊതു പരിപാടികളിലും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കും. 
കോഴിക്കോട് നോർത്തിൽ മൂന്നു തവണയായി എ. പ്രദീപ്കുമാറാണ് സി.പി.എമ്മിന്റെ സ്ഥാനാർഥിയായത്. മൂന്ന് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡത്തിൽ പ്രദീപിനും കൊയിലാണ്ടിയിൽ കെ.ദാസനും ഇളവ് നൽകണമെന്ന നിർദേശമാണ് ജില്ലാ കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രദീപില്ലെങ്കിൽ ഇവിടെ ജയസാധ്യതയില്ലെന്നാണ് നിഗമനം. സിനിമാ സംവിധായകൻ രഞ്ജിത്തിനെ ആദ്യം പരിഗണിച്ചു. ഇതിനിടെയാണ് തന്നെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചതായി തോട്ടത്തിൽ വെളിപ്പെടുത്തിയത്. 

Latest News