Sorry, you need to enable JavaScript to visit this website.

കുറുവാദ്വീപിന്റെ മനോഹാരിത 

വയനാട്ടിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് കുറുവാദ്വീപ്. പേര് പോലെ തന്നെ ഇവിടയെത്തുമ്പോൾ  നിറയെ കൗതുകകാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി വിസ്മയങ്ങളുടെ വലിയൊരു ഇടം തന്നെയാണിതെന്ന് ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് അറിയാം. ഓരോ തവണയും പുതിയ പുതിയ കാഴ്ചകളിലൂടെയാണ് കുറുവാദ്വീപും കബനിനദിയും സഞ്ചാരികളുടെ ഹൃദയത്തിലിടം നേടുക. ജനവാസമില്ലാത്ത ദ്വീപ് എന്ന പ്രത്യേകതയും കുറുവാ ദ്വീപിനുണ്ട്. കൊച്ചു കൊച്ചു ദ്വീപുകളുടെയും പാറക്കെട്ടുകളുടെയും കാട്ടരുവികളുടെയും ഒരു കൂട്ടമാണ് ഇവിടം. പാറക്കെട്ടുകളും കാട്ടരുവിയും ഘോരവനവുമൊക്കെ കുറുവയിലുണ്ട്.


ആയിരക്കണക്കിന് വൃക്ഷങ്ങളും ചെടികളും ഔഷധ സസ്യങ്ങളുമാണ് ഇവിടം പച്ചപ്പേകുന്നത്. യാതൊരു തരത്തിലുള്ള ബഹളവും ഇവിടെയില്ല. പ്രകൃതിയൊരുക്കിയിരിക്കുന്ന സുന്ദരമായ കാഴ്ചകൾ കാണാനും കേൾക്കാനും കുറുവാദ്വീപിനെ പോലെ മനോഹരമായ ഒരിടം വേറെയില്ലെന്ന് തന്നെ പറയാം. ബോട്ട് മുഖേനയും കാൽനടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും നമുക്ക് സഞ്ചരിക്കാം. ഒരു ദിവസത്തെ യാത്രയിൽ എല്ലാ ദ്വീപുകളും സന്ദർശിക്കുക എന്നത് സാധ്യമല്ല.


സുൽത്താൻ ബത്തേരിയിൽ നിന്നും 45 കിലോമീറ്റർ ദൂരമുണ്ട് കുറുവാദ്വീപിലേക്ക്. കബനി നദിയിലൂടെ നടന്നു കാഴ്ചകൾ ആസ്വദിക്കാനും കഴിയും. ഒറ്റയ്ക്കുള്ള യാത്രയേക്കാൾ മനോഹരം എപ്പോഴും ഒരുമിച്ചു കുറുവയിലേക്ക് യാത്ര പോകുന്നതാകും. ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അൽപം പ്രയാസമാണ്. പരസ്പരം കൈകൾ കോർത്ത് പാലം തീർത്ത് വേണം അക്കരയ്ക്ക് പോകാൻ. 
മുളകൊണ്ട് ഭംഗിയായി നിർമ്മിച്ചിട്ടുള്ള അനേകം കുടിലുകളാണ് കുറുവാദ്വീപിലെ മറ്റൊരു പ്രധാന ആകർഷണം. യാത്രയ്ക്കിടയിൽ വിശ്രമിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ ഏറുമാടങ്ങളിൽ തിരക്കാണ്. പ്ലാസ്റ്റിക്കിന് കുറുവാദ്വീപിലേക്ക് പ്രവേശനമില്ലെന്ന കാര്യം കൂടി ഓർക്കണം.

 

Latest News