Sorry, you need to enable JavaScript to visit this website.

പൈതൃക നഗരിയിലെ ഉത്സവം

കേരള രാജ്യാന്തര ചലച്ചിത്ര മേള സാധാരണ തിരുവനന്തപുരത്ത് മാത്രമായിട്ടാണ് നടത്താറുള്ളത്. ഇത്തവണ പതിവിന് മാറ്റം വരുത്തിയപ്പോൾ തലശ്ശേരിയും വേദികളിലൊന്നായി. പാലക്കാട്, എറണാകുളം എന്നിവയാണ് മറ്റു നഗരങ്ങൾ. ശശി തരൂരിനെ പോലെയുള്ള ബുദ്ധിജീവികൾ അനന്തപുരിയ്ക്ക് പുറത്ത് മേള നടത്തുന്നതിനെതിരെ ശബ്ദിച്ചിരുന്നു. വിവാദമൊന്നുമുണ്ടായില്ല. മന്ത്രി എ.കെ ബാലൻ മറുപടി നൽകിയതോടെ എല്ലാം  കെട്ടടങ്ങി. ലീഗുകാരൻ വിദ്യാഭ്യാസ മന്ത്രിയായ വേളയിലാണല്ലോ ജില്ലാ ആസ്ഥാനത്തിന് പുറത്ത് കേരളത്തിൽ ആദ്യമായി സംസ്ഥാന സ്‌കൂൾ യുവജനോത്സവം നടത്തിയത്. 


മറ്റേത് നഗരത്തിൽ സംഘടിപ്പിക്കുന്നതിലും ഭംഗിയായി മലപ്പുറം ജില്ലയിലെ തിരൂർ പട്ടണം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ആതിഥേയത്വമരുളുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ചലച്ചിത്ര മേള നടക്കുന്നുവെന്നതാണ് സവിശേഷത. തലശ്ശേരി പൈതൃക നഗരമാണ്. പരിഷ്‌കാരികളുടേയും വിദ്യാസമ്പന്നരുടേയും സ്ഥലം. സർക്കസും കേക്കും ക്രിക്കറ്റും ഇന്ത്യയ്ക്ക് പരിചയപ്പെടുത്തി. മലയാളത്തിലെ ആദ്യ നോവലും പത്രവും പിറന്നു വീണ മണ്ണ്. ഇന്ത്യയിൽ ആദ്യമായി ഈദ്ഗാഹ് അരങ്ങേറിയ പട്ടണം. ഭക്ഷണ പ്രിയന്മാരുടെ ഇഷ്ട സങ്കേതം. അങ്ങനെ വിശേഷണങ്ങൾ നിരവധി. 


ഗുണ്ടർട്ട് സായിപ്പിനേയും  ബ്രണ്ണൻ സായിപ്പിനേയും നന്ദിയോടെ സ്മരിക്കുന്ന പൗരാവലിയുണ്ടിവിടെ. 70-80 കാലഘട്ടം മുതൽ തലശ്ശേരിയുടെ ഖ്യാതിയ്ക്ക് കരിനിഴൽ പരത്തിയതായിരുന്നു രാഷ്ട്രീയ സംഘർഷം. പാവപ്പെട്ട ധാരാളം കുടുംബങ്ങൾ അനാഥമായി. കഴിഞ്ഞ കുറച്ചുകാലമായി ഇതിനൊരറുതി വന്നിട്ടുണ്ടെന്നത് ആഹ്ലാദകരമാണ്. പണ്ട് അമിതാഭ് കാന്ത് തലശ്ശേരി സബ് കലക്ടറായ വേളയിലാണ് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ തലശ്ശേരി കാർണിവൽ സംഘടിപ്പിച്ചത്.

ഒരു കാലത്ത് ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രങ്ങളിലൊന്നായിരുന്ന തലശ്ശേരി ഇപ്പോൾ ഒരു ഉത്സവ ലഹരിയിലാണ്. സംസ്ഥാന ചലച്ചിത്ര മേളയ്ക്ക് ആതിഥേയത്വം വഹിക്കുക വഴി തലശ്ശേരി ടൂറിസത്തിന് പുത്തനുണർവ് പകരാനാവുമെന്നാണ് പ്രതീക്ഷ. പൈതൃകനഗര പദ്ധതിയ്ക്ക് കോടികൾ മുടക്കുന്നുവെന്ന വാർത്തകൾ കുറച്ചു കാലമായി വരുന്നുണ്ട്. പഴയ ഇടുങ്ങിയ നഗരവീഥികൾക്ക് പോലും കാര്യമായ മാറ്റം വന്നിട്ടില്ലെന്നതാണ് സത്യം. എങ്കിൽ പിന്നെ പഴയ നഗരം അതേപടി നിലനിർത്തി ന്യൂ ടെലിച്ചറി എന്ന പേരിൽ മുഴപ്പിലങ്ങാട്-അഴിയൂർ ദേശീയ പാത ബൈപാസിനോട് ചേർന്ന് പുതിയ നഗരം പണിയുന്നതല്ലേ ബുദ്ധി? 


തെരഞ്ഞെടുപ്പ് അടുത്തതോടെ പൈതൃക ടൂറിസത്തിലെ ചില പദ്ധതികൾ ഉദ്ഘാടനം ചെയ്തു തുടങ്ങിയിട്ടുണ്ട്.   തലശ്ശേരി പിയർറോഡ്, സമീപം തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ലാവ് എന്നിവയുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്.  ടൂറിസം ഫണ്ടുപയോഗിച്ചാണു നവീകരണ പ്രവൃത്തികൾ നടത്തിയത്. ആദ്യകാലത്ത് അഗ്‌നിരക്ഷാ സേനയ്ക്കു വെള്ളം ശേഖരിച്ചു വച്ചിരുന്ന ടാങ്കാണു ഫയർടാങ്ക്. ഇവിടെ കലാപരിപാടികൾ ഇരുന്നു വീക്ഷിക്കാൻ 'പെർഫോമിങ് യാർഡും' ലാറ്ററേറ്റ് ശിലകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.  ഇവിടെ മുതൽ പിയർ റോഡു തുടങ്ങുന്ന ഇടം വരെ ഇന്റർലോക്ക് ചെയ്തും ഓവുചാലിനു മുകളിലായി കരിങ്കൽ പാകിയും മനോഹരമാക്കിയിട്ടുണ്ട്.

പിയർ റോഡ് അവസാനിക്കുന്നിടം ചെറിയ പാർക്കുമുണ്ട്. സമീപത്തെ മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഇരിക്കാനുള്ള പ്ലാനൽ ബോക്‌സ് നിർമിച്ചിട്ടുള്ളത്. ഗുണ്ടർട്ട് ബംഗ്ലാവ് പഴയരീതിയിൽ തനിമ നിലനിർത്തിക്കൊണ്ടാണു നവീകരിച്ചത്. മേൽക്കൂരയിൽ പണ്ടു സ്ഥാപിച്ച ഓടുകൾ ശുചിയാക്കി അതു തന്നെയാണു സ്ഥാപിച്ചത്. ബംഗ്ലാവ് ചുറ്റി നടന്നു കാണത്തക്കവിധം വരാന്തയുമുണ്ട്. ചുറ്റുപാടും കരിങ്കല്ലുപാകിയ ഇവിടെ കോഫി ഷോപ്പും ടിക്കറ്റ് കൗണ്ടറും പൊതു ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പിയർ റോഡിന് 2.12 കോടി, ഗുണ്ടർട്ട് ബംഗ്ലാവിന് 2.70 കോടി, ഫയർടാങ്കിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ്  ചെയ്തത്.  

ജഗന്നാഥ ക്ഷേത്രത്തിൽ നവോത്ഥാന മ്യൂസിയം, താഴെയങ്ങാടി പൈതൃക തെരുവ്, സെയിന്റ് ആംഗ്ലിക്കൻ ചർച്ച് സംരക്ഷണം എന്നിവയുടെ പ്രവർത്തനോദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. രണ്ടാം ഘട്ടത്തിൽ ഗുണ്ടർട്ട് ബംഗ്ലാവ് ഡിജിറ്റൽ മ്യൂസിയമാക്കും. ലൈബ്രറിയും ഒരുക്കും. തലശ്ശേരി കടൽപ്പാലം ബലപ്പെടുത്താനും പദ്ധതിയുണ്ട്.
കിഫ്ബിയുടെ 40 കോടി മുടക്കിയുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ചില ചാനൽ സർവേകളിൽ കണ്ടെത്തിയത് പോലെ ഭരണത്തുടർച്ചയുണ്ടെങ്കിൽ അതിന്റെ ഗുണം തലശ്ശേരിയെന്ന പൈതൃക നഗരത്തിന് ലഭിക്കാതിരിക്കില്ല.   

Latest News