Sorry, you need to enable JavaScript to visit this website.

മെട്രോ പാതയിലെ ലെവൽ ക്രോസുകൾ

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ രാഷ്ട്രീയ രംഗത്ത് പുതിയ ഓളങ്ങൾ ഉണ്ടാകുന്നത് ചരിത്രം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തും കേരളം അത്തരം ചലനങ്ങൾ കണ്ടതാണ്. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ്-എം ഇടതുപാളയത്തിലേക്ക് ചേക്കേറിയപ്പോൾ മലബാറിൽ നിന്ന് യു.ഡി.എഫിന് ജമാഅത്തെ ഇസ്‌ലാമിയുമായി പുതിയൊരു ചങ്ങാത്തം കിട്ടി. അതിന്റെ ചർച്ചകൾ ഇപ്പോഴും കെട്ടിടങ്ങിയിട്ടില്ല. ഇതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പു വരുന്നത്. യു.ഡി.എഫ് ജമാഅത്ത് ബന്ധം തുടരുമോ, എൻ.സി.പിയിലെ പ്രശ്‌നങ്ങൾ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമോ എന്നൊക്കെയാണ് പുതിയ ചർച്ചകൾ. അന്തിമ തീരുമാനങ്ങൾ പുറത്തുവരും വരെ വിഴുപ്പലക്കലുകൾ തുടർന്നുകൊണ്ടേയിരിക്കും. ഇതിനിടയിൽ പാർട്ടികളും മുന്നണികളും നടത്തുന്ന രാഷ്ട്രീയ യാത്രകളിൽ ഇതൊക്കെയാണ് ചർച്ചക്കുള്ള വിഷയം. കേരളത്തിലെ പ്രധാന മുന്നണികൾ കാലുമാറ്റങ്ങളെ കുറിച്ചും അടവുതന്ത്രങ്ങളെ കുറിച്ചും ചർച്ച ചെയ്യുമ്പോൾ ബി.ജെ.പിയുടെ സംസ്ഥാന ജാഥയിൽ ചർച്ചയാക്കാൻ പ്രത്യേക വിഷയമൊന്നുമില്ലാതെയിരിക്കുകയായിരുന്നു. ഈ കുറവു പരിഹരിച്ചിരിക്കുകയാണ് മെട്രോമാൻ ഇ.ശ്രീധരൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ യാത്രയിൽ ഇനി കേൾക്കാനിരിക്കുന്നത് ഇ. ശ്രീധരന്റെ വാഴ്ത്തുപാട്ടുകളാണ്.
പൊന്നാനിക്കാരനായ ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശം കേരള രാഷ്ട്രീയത്തിൽ എന്ത് ചലനമുണ്ടാക്കുമെന്ന് പ്രവചിക്കാറായിട്ടില്ല. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നത് രാജ്യത്താകമാനം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിൽ ചിലർ അതിനായി പ്രത്യേക ശ്രദ്ധയും നൽകി വരുന്നുണ്ട്. കേരളത്തിലെ ഇരുമുന്നണികളിലെയും സാധാരണക്കാരായ പ്രവർത്തകർ ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശത്തിൽ അന്ധാളിക്കുകയോ ആശങ്കപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നുണ്ട്. എന്നാൽ ശ്രീധരന്റെ കുറച്ചു കാലങ്ങളായുള്ള ഇടപെടലുകൾ മനസ്സിലാക്കിയവർക്ക് അദ്ദേഹത്തിന്റെ പുതിയ നീക്കത്തിൽ അദ്ഭുതമില്ല.
എൺപത്തിയെട്ടാമത്തെ വയസ്സിൽ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണ്. ജീവിതത്തിലെ വലിയൊരു ഭാഗം ജോലിയിൽ മുഴുകി അവസാന കാലത്ത് വിശ്രമിക്കുകയെന്ന പൊതുശീലത്തിൽ നിന്ന് വിഭിന്നമായി പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. രാഷ്ട്രീയ രംഗത്ത് സജീവമായ നേതാക്കൾ വിശ്രമത്തിലേക്ക് പോകുന്ന പ്രായമാണത്. ഈ സമയത്ത് കളത്തിലിറങ്ങുന്ന ശ്രീധരന്റെ ഊർജസ്വലതയും നിശ്ചയദാർഢ്യവും പ്രശംസിക്കപ്പെടേണ്ടതു തന്നെ.
വൻകിട പ്രോജക്ടുകൾ കൈകാര്യം ചെയ്ത് വിജയിപ്പിച്ചെടുത്ത ഇ. ശ്രീധരന് രാഷ്ട്രീയത്തിൽ അത്തരമൊരു വിജയം സാധ്യമാകുമോ എന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിലേക്കുള്ള അതിവേഗ പാതയിൽ അദ്ദേഹത്തിന് ഒട്ടേറെ ലെവൻ ക്രോസുകളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതാണ് പ്രധാന കാര്യം. പൊതുസമൂഹത്തിൽ അദ്ദേഹം ഇക്കാലമത്രയും നേടിയെടുത്ത ഇമേജ് തകർന്നടിയാൻ അധിക സമയം വേണ്ടിവരില്ല എന്ന സൂചനകൾ ലഭിച്ചു കഴിഞ്ഞു. ഒരു ടെക്‌നോക്രാറ്റിന് ലഭിക്കുന്ന ബഹുമാനം സമൂഹത്തിൽ ഒരു രാഷ്ട്രീയക്കാരന് ലഭിക്കില്ലെന്നത് തിരിച്ചറിയേണ്ട കാര്യമാണ്. ആർക്കും കയറി മേയാവുന്ന കഥാപാത്രങ്ങളാണ് രാഷ്ട്രീയത്തിലുള്ളത്. അതുകൊണ്ടു തന്നെ വിമർശനങ്ങൾക്കും ട്രോളുകൾക്കും നേരെ ബ്യൂറോക്രസിയുടെ കാർക്കശ്യം പ്രയോഗിക്കാൻ പറ്റില്ല. ഉരുളക്കുപ്പേരി കൊണ്ടു മാത്രമേ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ കഴിയൂ.
ഏതൊരു ഇന്ത്യൻ പൗരനെയും പോലെ ഏത് പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇ. ശ്രീധരനുമുണ്ട്. ബി.ജെ.പിയിൽ ചേരുന്നതിന് അദ്ദേഹം നൽകിയ വിശദീകരണം, തനിക്ക് പൊതുരംഗത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അത് ബി.ജെ.പിയിലൂടെ മാത്രമേ സാധിക്കൂ എന്നുമാണ്. കേരള സർക്കാരിനെ മാസങ്ങൾക്ക് മുമ്പ് പുകഴ്ത്തിപ്പറഞ്ഞ ഇ. ശ്രീധരൻ ഇപ്പോൾ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നു. രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ പാഠം തന്നെ നിലപാട് മാറ്റമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
മെട്രോ കോർപറേഷൻ പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ മികച്ച സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെയാണ് ഇ. ശ്രീധരൻ തന്റെ എല്ലാ പ്രോജക്ടുകളും വിജയകരമായി പൂർത്തിയാക്കിയത്. മികവുറ്റ നിരവധി എൻജിനീയർമാരുടെയും മറ്റു വിദഗ്ധരുടെയും ബുദ്ധിയും അധ്വാനവും അദ്ദേഹത്തിന് നേതൃത്വത്തിലേക്കും പ്രശസ്തിയിലേക്കുമുള്ള ചവിട്ടുപടിയായിരുന്നു. ഇ. ശ്രീധരൻ നയിച്ച പ്രോജക്ടുകളെല്ലാം ടീം വർക്കിന്റെ വിജയമായിരുന്നു. ബി.ജെ.പിയിലേക്ക് പ്രവേശിച്ച ഇ. ശ്രീധരന് ആ ടീം വർക്ക് ഒരു സ്വപ്‌നമായി മാറിയേക്കാം. പതിറ്റാണ്ടുകളായി പാർട്ടിയുടെ പോസ്റ്ററൊട്ടിച്ചും മാർച്ച് നടത്തിയും ലാത്തിയടി കൊണ്ടും നേതൃത്വത്തിലെത്തിയ കുറെ പേരുള്ളപ്പോൾ പെട്ടെന്നൊരു അതിഥിയായി എത്തുന്നയാൾക്ക് പദവികൾ നൽകുന്നത് രാഷ്ട്രീയ രംഗത്ത് പതിവുള്ള ശീലമല്ല. ബി.ജെ.പിയിൽ ഇ. ശ്രീധരൻ നേരിടാനിരിക്കുന്ന ആദ്യത്തെ വെല്ലുവിളിയും അതു തന്നെയാകും.
മെട്രോമാനെ പോലെ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഒരാൾക്ക് അർഹമായ അംഗീകാരമോ പദവിയോ നൽകാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തയാറായോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ദൽഹിയിൽ നിന്ന് വിരമിച്ചെത്തിയ അദ്ദേഹം പൊന്നാനിയിലെയും പരിസര പ്രദേശങ്ങളിലെയും പാരിസ്ഥിതികമായ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ കടന്നു പോകുന്ന ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ പദ്ധതിയുമായാണ് അദ്ദേഹം ഇറങ്ങിയത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്ന പേരിൽ പ്രദേശവാസികളെ ചേർത്ത് അദ്ദേഹം സംഘടനക്കും രൂപം നൽകി. പുഴ സംരക്ഷണത്തിനായി ഒരു അതോറിറ്റി രൂപീകരിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുകയായിരുന്നു ആദ്യം ചെയ്തത്. എന്നാൽ ഈ പദ്ധതിയെ സർക്കാർ ഗൗനിച്ചില്ലെന്ന് മാത്രമല്ല രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ സഹകരണവും വേണ്ടത്രയുണ്ടായില്ല. ഇ. ശ്രീധരന്റെ സ്വപ്‌ന പദ്ധതിയോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന പ്രചാരണം ഈ സംഘടനക്കുള്ളിൽ തന്നെ ഉയർന്നിരുന്നു. ശ്രീധരന്റെ ബി.ജെ.പി പ്രവേശനത്തോടെ ഈ സംഘടനയിലും പിളർപ്പ് ആസന്നമായിരിക്കുകയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താൻ തയാറാണെന്നും തന്റെ വരവോടെ ബി.ജെ.പിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പരക്കുകയാണ്. ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ നിലപാടുകൾ അറിയിച്ച അദ്ദേഹം ബി.ജെ.പിയുടെ പ്രഖ്യാപിത നയങ്ങൾക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയമെന്നത് നയങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാകുമ്പോൾ ആ പോരാട്ടത്തിന് കൂടി ഇ. ശ്രീധരൻ തയാറെടുക്കേണ്ടി വരും.
സർക്കാരിന്റെ ഉന്നത പദവികളിൽ നിന്ന് വിരമിച്ചവരുടെ സേവനം രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു പാർട്ടിയുടെ വക്താവായി അവർ മാറുന്നത് അതുവരെ ജനങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും ബഹുമാനവും നഷ്ടപ്പെടാൻ ഇടയാക്കും. മെട്രോമാൻ എന്ന ഇന്ത്യൻ ജനതയുടെ അഭിമാനം അസ്തമിക്കുകയാണ്. ഇനി നാം കാണുന്നത് രാഷ്ട്രീയക്കാരനായ ഇ. ശ്രീധരനെയാണ്. 

 


 

Latest News