Sorry, you need to enable JavaScript to visit this website.

പാളം തെറ്റിയ തീരുമാനം

ഏതാണ്ട് മുപ്പത് വർഷം മുമ്പ്   മഹാരാഷ്ട്രയിൽ വെച്ച് ഞാൻ ഒരു മറാഠി യുവാവിനോട് ജോലി എന്താണെന്ന്  ചോദിച്ചപ്പോൾ കൊങ്കൺ റെയിൽവേ   നിർമാണവുമായി ബന്ധപ്പെട്ട ജോലിയാണെന്നും ഞങ്ങളുടെ വലിയ ബോസ് കേരളവാലയാണെന്നും പറഞ്ഞതിന് ശേഷം  ശ്രീധരൻ സാറിനെ  അറിയില്ലേ എന്ന് എന്നോട് ചോദിച്ചു.  വാർത്തകളിൽ പേര് കണ്ടിട്ടുണ്ട്. ആളെ  നേരിൽ കണ്ടിട്ടില്ലെന്ന് ഞാൻ പറഞ്ഞു.  
പിന്നീട്  കർണാടകയിലെയും  ഗോവയിലെയും  മഹാരാഷ്ട്രയിലെയും  നദികൾക്ക് മുകളിലൂടെ പാലങ്ങൾ നിർമിച്ചും ഒട്ടേറെ  മലകൾ തുരന്ന് തുരങ്കങ്ങൾ നിർമിച്ചും മംഗലാപുരം മുതൽ മുംബൈ വരെയുള്ള ഏറെ ശ്രമകരമായ കൊങ്കൺ റെയിൽപാത യഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നതിനിടയിൽ വന്ന വാർത്തകളിലൂടെയാണ് ഇ. ശ്രീധരൻ എന്ന  അതുല്യനായ സിവിൽ എൻജിനീയറെ അധിക മലയാളികളും അറിയാൻ തുടങ്ങിയത്.  

ബ്രിട്ടീഷുകാർ പോലും ആലോചിച്ച്  നടക്കില്ലെന്ന് കരുതി വേണ്ടെന്നുവെച്ചതായിരുന്നു കൊങ്കൺ റെയിൽവേ പദ്ധതി.  മംഗലാപുരം മുതൽ മുംബൈ വരെയുള്ള 43,000 ഭൂവുടമകളിൽ നിന്ന് ഭൂമി വിലയ്ക്കു വാങ്ങി, ചെറുതും വലുതുമായ രണ്ടായിരത്തിൽപരം പാലങ്ങളും (അവയിൽ ഏറ്റവും വലിയ പാലത്തിന്റെ നീളം 2 കിലോമീറ്റർ) 92 തുരങ്കങ്ങളുമായി (അവയിൽ ഏറ്റവും വലിയ തുരങ്കത്തിന്റെ നീളം ആറര  കിലോമീറ്റർ) മൊത്തം 756 കിലോമീറ്റർ നീളമുള്ള കൊങ്കൺ റെയിൽ പാത പൂർത്തീകരിച്ചത്  ഇ. ശ്രീധരൻ  മാനേജിംഗ്  ഡയറക്ടറായിരുന്ന കൊങ്കൺ റെയിൽവേ കോർപറേഷനായിരുന്നു.  ഏഷ്യയിലെ തന്നെ നൂറ്റാണ്ടിലെ ഏറ്റവും വലിയ റെയിൽവേ നിർമാണ വിസ്മയമെന്ന് കൊങ്കൺ റെയിൽ പാത വിശേഷിപ്പിക്കപ്പെട്ടിരുന്നു. 
നിശ്ചയദാർഢ്യത്തിന്റെയും  മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെയും ആൾരൂപമായ ഇ. ശ്രീധരന്റെ സവിശേഷത വെല്ലുവിളികൾ നിറഞ്ഞ പദ്ധതികൾ നിശ്ചയിക്കപ്പെട്ട കാലാവധിക്ക് മുമ്പായി പൂർത്തിയാക്കുക എന്നതായിരുന്നു.   ഈ സവിശേഷത അദ്ദേഹം പ്രകടമാക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലധികമായെന്നതാണ് ചരിത്രം.
 
1964 ൽ തമിഴ്‌നാട്ടിലെ രാമേശ്വരത്തെ പാമ്പൻ പാലം ചുഴലിക്കാറ്റിൽ തകർന്നപ്പോൾ പുനർനിർമാണത്തിനുള്ള കാലാവധി റെയിൽവേ കണക്കാക്കിയത് 6 മാസമായിരുന്നുവത്രേ.  പിന്നീട് മൂന്ന് മാസത്തെ തീവ്രയത്‌നത്തിലൂടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നായിരുന്നു  മേലുദ്യോഗസ്ഥരുടെ  പ്രതീക്ഷ. എന്നാൽ  പദ്ധതിയുടെ നേരിട്ടുള്ള ചുമതലയേറ്റെടുത്ത ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പാമ്പൻ പാലത്തിന്റെ പുനർനിർമാണം  വെറും 46 ദിവസത്തിനുള്ളിൽ  പൂർത്തീകരിച്ചെന്നതാണ് ചരിത്രം.  
കൊൽക്കത്തയിലെയും ദൽഹിലെയും മറ്റിതര  മെട്രോലൈനുകളുടെ  നിർമാണത്തിലും തന്റെ വൈദഗ്ധ്യം പ്രകടമാക്കിയപ്പോഴാണ് ഇ. ശ്രീധരൻ പിന്നീട്  'മെട്രോമാൻ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1999 ൽ ഒരു ദിവസം ഞാൻ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി മംഗലാപുരം വഴി കൊങ്കൺ റെയിൽ പാതയിലൂടെ യാത്ര ചെയ്ത് 16 മണിക്കൂർ കൊണ്ട്  മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപഌൻ സ്റ്റേഷനിൽ വണ്ടി ഇറങ്ങിയപ്പോൾ മുതലാണ് ഇ. ശ്രീധരനെന്ന എൻജിനീയറോട് മനസ്സിൽ സ്‌നേഹാദരങ്ങൾ തോന്നിത്തുടങ്ങിയത്. 
ആ യാത്രയിലും പിറ്റേന്ന് അതേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി മുംബൈക്കടുത്തുള്ള റോഹ വരെ യാത്ര ചെയ്തപ്പോഴും  ട്രെയിൻ  പർവതങ്ങളുടെ ഉദരത്തിലേക്കും പുറത്തേക്കും ഓടി, ഇരുളും വെളിച്ചവുമായി യാത്ര തുടരുമ്പോൾ പലപ്പോഴും മനസ്സിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള നിർമാണ സംഘം ഏഴ് വർഷം കൊണ്ട് ഇതെങ്ങനെ സാധിച്ചെടുത്തു എന്ന ചിന്തയായിരുന്നു.     പരപ്പനങ്ങാടിയിൽ നിന്ന് 16 മണിക്കൂർ കൊണ്ട് എത്തിയ  ചിപഌനിലേക്ക്,  കൊങ്കൺ റെയിൽപാത വരുന്നതിന് മുമ്പുള്ള യാത്ര മംഗലാപുരം വരെ ട്രെയിനിലും പിന്നീട് രണ്ട് ബസുകളിൽ കയറിയും ഇറങ്ങിയുമൊക്കെയായി സമയ ദൈർഘ്യം  30 മണിക്കൂറോളമായിരുന്നു.  മുംബൈയിലും മഹാരാഷ്ട്രയുടെ ഇതര ഭാഗങ്ങളിലും ഗോവയിലും കർണാടകയിലുമൊക്കെയുള്ള ലക്ഷക്കണക്കിന് മലയാളികൾക്ക് കൊങ്കൺ റെയിൽ പാത  വലിയൊരാശ്വാസമാണ്.  അതുകൊണ്ടാണ് കൊങ്കൺ റെയിൽ പാത കേരളത്തിലല്ലാതിരുന്നിട്ടും അതിന്റെ  നിർമാണച്ചെലവിന്റെ  ആറ് ശതമാനം കേരള സർക്കാർ വഹിച്ചത്.  

കൊങ്കൺ റെയിൽവേ യാഥാർഥ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണെന്ന നിലയിലും കഴിവ് തെളിയിച്ച് ഇന്ത്യയിലും പുറത്തും  പ്രശസ്തനായ ഒരു ഉദ്യോഗസ്ഥനെന്ന നിലയിലും ഇ. ശ്രീധരനെ  നേരിൽ കാണുമ്പോൾ മലയാളികൾ സ്‌നേഹാദരങ്ങൾ പ്രകടിപ്പിക്കുന്നുണ്ടാകാം. അവരൊക്കെ രാഷ്ട്രീയത്തിൽ  താൻ പറയുന്നിടത്തേക്ക് വരുമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെങ്കിൽ  അത് മറ്റാരെങ്കിലുമൊക്കെ പറഞ്ഞുകൊടുത്ത് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാനാണ് സാധ്യത.  

ഏതായാലും ബി.ജെ.പിയുടെ നേതൃത്വം  അദ്ദേഹത്തോട് ചെയ്യുന്നത് വലിയൊരു ക്രൂരതയാണ്.   വലിയൊരു വിഭാഗം ജനങ്ങളുടെ  വെറുപ്പ് സമ്പാദിച്ച ഒരു പാർട്ടിയിലേക്ക് ഈ വയസ്സ് കാലത്ത് അദ്ദേഹത്തെ പോലുള്ള ഒരാളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല.  1990 ൽ ജോലിയിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടിക്കൊടുത്ത് പല തവണയായി പല പദ്ധതികളുടെയും ഉത്തരവാദിത്തങ്ങൾ ഏൽപിച്ച്  ഇക്കാലമത്രയും അദ്ദേഹത്തിന്റെ സേവനം രാജ്യം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 
പ്രായം തൊണ്ണൂറിനോടടുക്കുന്ന അദ്ദേഹത്തിന് വേറെ വല്ല സ്ഥാനമാനങ്ങളും നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് പാർട്ടിയിൽ ചേർക്കാതെ തന്നെ അദ്ദേഹത്തിന്റെ രാജ്യസേവനം കണക്കിലെടുത്ത് നൽകാവുന്നതാണ്.  അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കപ്പെടാൻ അർഹനാണ്. ഇനി അങ്ങനെ വല്ല ഓഫറും നൽകിയിട്ടുണ്ടോ എന്നറിയില്ല. അതിന് പകരമായി ആദ്യം ബി.ജെ.പിയിൽ ചേർന്ന് കുറച്ച് ആളുകളൊയൊക്കെ കൂട്ടിക്കൊടുത്ത് പാർട്ടി വലുതാക്കിത്തരികയാണെങ്കിൽ രാഷ്ട്രപതിയാക്കാം എന്നോ മറ്റോ നിബന്ധന പറഞ്ഞിട്ടുണ്ടോ ആവോ? സ്വന്തം നിലയും വിലയും കളഞ്ഞ് ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച് പിന്നീട് എന്ത് സ്ഥാനം കിട്ടിയിട്ടെന്ത് കാര്യം?  

കോർപറേറ്റുകളുടെയും അധികാര ദുർമോഹികളുടെയും കോക്കസ് അധികാരം നിലനിറുത്താൻ വേണ്ടിയുള്ള അജണ്ടകൾ നിശ്ചയിക്കുന്നതിന്റെ ഭാഗമായിരിക്കണം ഇ. ശ്രീധരനെ പോലെയുള്ളവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമം. ബി.ജെ.പിക്കാർ അവരുടെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി  അദ്ദേഹത്തെ കുഴിയിൽ ചാടിക്കുകയാണെന്ന് ആ പാവത്തിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. മെട്രോമാൻ ആണെങ്കിലും ഈ പ്രായത്തിൽ  എല്ലാ കാര്യങ്ങളും പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ലല്ലോ.  

വേണമെങ്കിൽ ബി.ജെ.പി ഡോ.  എ.പി.ജെ. അബ്ദുൽ കലാമിനെ രാഷ്ട്രപതി  സ്ഥാനത്തേക്ക് പരിഗണിച്ചതു പോലെ പാർട്ടിയിൽ ചേർക്കാതെ തന്നെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഇ. ശ്രീധരനെയും പരിഗണിക്കാവുന്നതായിരുന്നു.   പത്മശ്രീയും പത്മവിഭൂഷണുമുൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ച  ഇ. ശ്രീധരനെ  ഫ്രഞ്ച് സർക്കാർ വരെ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 
2003 ൽ ഏഷ്യൻ ഹീറോകളിൽ ഒരാളായി ടൈം മാഗസിൻ ഇ. ശ്രീധരനെ തെരഞ്ഞെടുത്തതാണ്. ഐക്യരാഷ്ട്ര സഭയുടെ  സുസ്ഥിര ഗതാഗത കാര്യങ്ങളുമായി ബന്ധപ്പെട്ട ഉന്നതതല ഉപദേശക സമിതിയിൽ അംഗമായരുന്നയാളാണ് അദ്ദേഹം. 
 
അങ്ങനെയുള്ള ഒരു വ്യക്തിയെയാണ് കേരളത്തിൽ ബി.ജെ.പി നേതാക്കൾ  അവരുടെ രാഷ്ട്രീയ സമ്മേളനങ്ങളുടെയും മറ്റും  ശുഷ്‌ക സദസ്സുകളിലേക്ക് ആനയിച്ച് വയസ്സ് കാലത്ത് അദ്ദേഹത്തെ  ചെറുതാക്കാൻ തുനിയുന്നത്. അവസാനം പരിചയമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ബഹളങ്ങളൊക്കെ കഴിയുമ്പോഴേക്ക് അദ്ദേഹം തളർന്ന് വീട്ടിലിരിക്കേണ്ട അവസ്ഥ വരാതിരുന്നാൽ മതി. സഹതാപം തോന്നുന്നു. 
 

Latest News