Sorry, you need to enable JavaScript to visit this website.

മത്സ്യത്തൊഴിലാളികൾക്ക് കടൽ അന്യമാകുമ്പോൾ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്ന ആരോപണത്തിൽ കഴമ്പുണ്ട് എന്നു തന്നെ വേണം കരുതാൻ. യു.എസ് കമ്പനിയായ ഇ.എം.സി.സിയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെ.എസ്.ഐ.എൻ.സി) തമ്മിലുള്ള ധാരണാപത്രം റദ്ദാക്കി തലയൂരാനാണ് സർക്കാർ നീക്കം. ഒപ്പം എം.ഡി എൻ. പ്രശാന്തിനെ മാത്രം ബലിയാടാക്കാനാണ് നീക്കമെന്നും സംശയിക്കപ്പെടുന്നു. ഒരാഴ്ചയിലധികം ആഴക്കടലിൽ തങ്ങി മീൻ പിടിക്കാൻ കഴിയുന്ന ചെറുകപ്പലുകൾ (ട്രോളറുകൾ) നിർമിക്കാനും അവയിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ നിയോഗിച്ചു പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനുമായിരുന്നു ഇ.എം.സി.സിയുടെ പദ്ധതി. സംസ്ഥാന സർക്കാരിന്റെ മത്സ്യനയ പ്രകാരം ആഴക്കടൽ ട്രോളറുകൾ അനുവദനീയമല്ല. എന്നിട്ടും ട്രോളറുകൾ നിർമിക്കാനുള്ള സംരംഭത്തിൽ കെ.എസ്.ഐ.എൻ.സി. പങ്കുചേർന്നത് എങ്ങനെയെന്നതിൽ ഇപ്പോഴും കൃത്യമായ വിശദീകരണമില്ല.

സംസ്ഥാനത്തെ  മത്സ്യത്തൊഴിലാളികൾ എത്രയോ കാലമായി നടത്തിയ ജീവന്മരണ പോരാട്ടത്തിലൂടെയാണ് തൊഴിൽ മേഖലയിൽ കുറച്ചൊക്കെ സുരക്ഷിതത്വം നേടിയെടുത്തിട്ടുള്ളത്. അതു പോലും തകർക്കുന്ന നീക്കമാണ് നടന്നത് എന്നതിൽ സംശയമില്ല. കേരളത്തിലെ കാടുകളിലെ ആദിവാസികളുടെയും മലമുകളിലെ തോട്ടം തൊഴിലാളികളുടേയും അവസ്ഥയിൽ നിന്നു ഒട്ടും വ്യത്യസ്തമല്ല തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ. നമ്പർ വൺ സംസ്ഥാനമെന്നഹങ്കരിച്ച് നമ്മൾ നടപ്പാക്കുന്ന തലതിരിഞ്ഞ വികസന പദ്ധതികളുടെ ഇരകളിൽ ഏറ്റവും ദയനീയാവസ്ഥയിലാണ് ഇന്നുമവരുടെ ജീവിതം. പ്രളയ സമയത്ത് കേരളത്തിന്റെ സൈന്യമെന്നൊക്കെ വിശേഷിപ്പിച്ച് അവരുടെ ജീവന്മരണ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ് നാം. ആദിവാസികളെ പോലെ തദ്ദേശവാസികളായാണ് മത്സ്യത്തൊഴിലാളികളെയും പരിഗണിക്കേണ്ടത്. എന്നാലങ്ങനെ പരിഗണിക്കുന്നില്ല. 

രാജ്യത്തെ മത്സ്യസമ്പത്തിന്റെ 15 ശതമാനത്തിൽപരം കരയിലെത്തിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. കേരളത്തിന്റെ കടലോരം 7.5 ശതമാനം മാത്രമാണെങ്കിലും ഇന്ത്യയിലെ മൊത്തം കടലോര മത്സ്യത്തൊഴിലാളികളിൽ 17 ശതമാനവും കേരളീയരാണ്. ഇവരിൽ വലിയൊരു ഭാഗത്തിനു ഇപ്പോഴും സ്വന്തമായി ഭൂമിയില്ല. ഉള്ളവർക്കാകട്ടെ, മൂന്നോ നാലോ സെന്റ്. ആദിവാസി - ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്‌നം ഗൗരവമായി ചർച്ച ചെയ്യുന്ന കേരളം ഇവരുടെ ഈ പ്രശ്‌നം പൊതുവിൽ അവഗണിക്കുകയാണ്. പൂന്തുറ പോലുള്ള പ്രദേശങ്ങളിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 2000 ത്തിലധികം വീടുകളാണ്. ഒറ്റ വീട്ടിൽ മൂന്നും നാലും കുടുംബങ്ങളും. വികസന പ്രവർത്തനങ്ങളാകട്ടെ, ഇവരുടെ പൊതുയിടങ്ങളും എന്തിന് കടലിലേക്കുള്ള മാർഗങ്ങളും കൊട്ടിയടക്കുന്നു. ജീവിത നിലവാരത്തിന്റെ കാര്യം പറയാനില്ല. വിദ്യാഭ്യാസപരമായും പിറകിൽ. സ്വന്തമായി തൊഴിലുപകരണങ്ങൾ ഉള്ളവരും കുറവ്. എന്നാലിവരുടെ പ്രശ്‌നങ്ങൾ സംഘടിത പ്രസ്ഥാനങ്ങളുടെ അജണ്ടയിൽ ഒരിക്കലും ഉണ്ടാകാറില്ല. സ്വതന്ത്ര സംഘടനകളാണ് മിക്കവാറും ഇവർക്കായി രംഗത്തിറങ്ങിയിട്ടുള്ളത്; പലപ്പോഴും മതസംഘടനകളും. 

ആധുനികവൽക്കരണം ഒരു തൊഴിൽ മേഖലയെയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിത നിലവാരത്തെയും മെച്ചപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ മത്സ്യമേഖലയിൽ തിരിച്ചാണ് സംഭവിച്ചത്. ഈ മേഖലയിലെ ആധുനികവൽക്കരണത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും ഗുണങ്ങൾ വൻകിടക്കാരും കുത്തകകളും കൈക്കലാക്കിയപ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പൂർണമായി തകരുകയായിരുന്നു. മാത്രമല്ല, യന്ത്രവൽക്കരണവും വൻതോതിലുള്ള മീൻ പിടിത്തവും കടലിനോടും മറ്റു ജലാശയങ്ങളോടും ചേർന്നുളള വികസന പദ്ധതികളും ഈ മേഖലയുടെ തകർച്ചയിലേക്കാണ് വഴി തെളിയിക്കുന്നത്. ഇതു തിരിച്ചറിയാൻ വികസന വാദികൾക്കാവുന്നില്ല എന്നതാണ് വസ്തുത. യന്ത്രവൽക്കൃത ബോട്ടുകളും  പഴ്‌സീനിംഗ്, ട്രോളിംഗ് നെറ്റ്, ട്രോളർ എന്നിവയുമൊക്കെ വൻതോതിൽ മത്സ്യസമ്പത്ത് ഊറ്റിയെടുക്കാൻ തുടങ്ങിയപ്പോൾ പാരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൂലിക്കാരായി മാറി. പുതിയ സാഹചര്യം മുതലെടുത്ത കുത്തകകൾ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാനുള്ള മത്സരം ശക്തമാക്കി. ഈ അമിത ചൂഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങളിലാണ് ഇപ്പോഴും മത്സ്യ മേഖല. മത്സ്യ മേഖലയിലെ ശക്തമായ സമരങ്ങൾക്ക് കാരണമായതും ഈ അമിതമായ ചൂഷണമായിരുന്നു. എഴുപതുകളോടെ തന്നെ അത്തരം സമരങ്ങൾ ആരംഭിച്ചിരുന്നു.  

നാടൻ വള്ളങ്ങളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനവുമായി ജീവിതം തള്ളിനീക്കിയ മത്സ്യത്തൊഴിലാളികൾ കടലിനെ ജീവിത ഉപാധിയും എന്നാൽ  അമിതമായി നശിപ്പിക്കപ്പെടാൻ പാടില്ലാത്ത പൊതുമുതലുമായി കണ്ടു. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു വന്ന കുത്തകകളാകട്ടെ, കടലിനെ പരമാവധി ചൂഷണം ചെയ്ത് ലാഭം കൂട്ടേണ്ട ഒന്നായും കണ്ടു. ട്രോളിംഗ് വലകൾ ഉപയോഗിച്ച് മീൻ പിടിക്കുമ്പോൾ ചത്തുപോകുന്ന  ചെറുമത്സ്യങ്ങളുടെ കണക്ക് ഞെട്ടിക്കും. പാരമ്പര്യ മത്സ്യത്തൊഴിലാളികൾ ഈ മത്സ്യങ്ങളെ കടലിൽ ജീവനോടെ വിടും. അതാണ് ജീവിതവും കച്ചവടവുമായുള്ള വ്യത്യാസം. 1985 ൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ''മത്സ്യ സമ്പത്ത് സംരക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ'' എന്ന മുദ്രാവാക്യതതിലൂന്നിയ സമരം ഏറെ ശ്രദ്ധേയമായി.  ആലപ്പുഴയിൽ  നാല് മത്സ്യത്തൊഴിലാളികൾ പരിധി ലംഘിച്ചുവന്ന  ബോട്ടിടിച്ച് കൊല്ലപ്പെട്ടത് സമരത്തെ ആളിക്കത്തിച്ചു. കന്യാസ്ത്രീകളടക്കമുള്ളവർ സജീവമായി സമര  രംഗത്തിറങ്ങി. അങ്ങനെയാണ് 1989 ൽ ട്രോളിംഗ് നിരോധനം എന്ന വിപ്ലവകരമായ തീരുമാനം നിലവിൽ വന്നത്. തൊഴിലാളികൾക്ക് തങ്ങളോടു മാത്രമല്ല, സമൂഹത്തോടും പ്രതിബദ്ധതയുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ സമരം. 

പിന്നീട് 1991 ൽ നരസിംഹറാവു സർക്കാരിന്റെ ഉദാരവൽക്കരണ നടപടികളുടെ ഭാഗമായി പുതിയൊരു ആഴക്കടൽ മത്സ്യബന്ധന നയത്തിന് രൂപം നൽകുകയും സാമൂഹ്യ നിയന്ത്രണങ്ങളൊന്നും കൂടാതെ ആഴക്കടൽ മേഖല വിദേശ കോർപറേറ്റുകൾക്ക് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. അവിടെനിന്നിങ്ങോട്ട് ഈ പ്രശ്‌നം പരിഹാരമില്ലാതെ തുടരുകയാണ്. തീരദേശങ്ങൾ പലപ്പോഴും സംഘർഷ ഭരിതവുമായി. തുടർന്ന് 2004 ലെ ആഴക്കടൽ മത്സ്യബന്ധന നയം പുനഃപരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ബി. മീനാകുമാരി അധ്യക്ഷയായ ഒരു ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. 
200 നോട്ടിക്കൽ മൈൽ വരെയുള്ള ഇന്ത്യയുടെ ആഴക്കടലിൽ 200 മുതൽ 500 മീറ്റർ വരെ ആഴമുള്ള സമുദ്ര മേഖല ഒരു ബഫർ സോണായി കരുതി  മത്സ്യബന്ധനം കുറക്കുക,  500 മീറ്ററിന് അപ്പുറമുള്ള മേഖലയിലെ 2.5 ലക്ഷം ടൺ മത്സ്യ വിഭവ ശേഷി വ്യാവസായികാടിസ്ഥാനത്തിൽ ചൂഷണം ചെയ്യുന്നതിന്  270 ആധുനിക  കപ്പലുകൾ തയാറാക്കുക, വിദേശ കപ്പലുകളിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദഗ്ധരായ വിദേശ ക്രുവിന്റെ സേവനം ലഭ്യമാക്കുക, 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടലിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് സമഗ്രമായ ആഴക്കടൽ മത്സ്യബന്ധന നിയമ നിർമാണം നടത്തുക, ആഴക്കടൽ ചൂരകളുടെയും അതുപോലുള്ള മത്സ്യങ്ങളുടെയും പ്രജനന കാലം കേന്ദ്ര സർക്കാരിന്റെ സമ്പൂർണ മത്സ്യ ബന്ധന നിരോധന കാലയളവിൽ അല്ലാത്തതിനാൽ  ആഴക്കടൽ മത്സ്യ ബന്ധന കപ്പലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മൺസൂൺ കാലത്തെ നിരോധനം പുനഃപരിശോധനക്ക് വിധേയമാക്കുക  തുടങ്ങിയവയൊക്കെയായിരുന്നു കമ്മിറ്റി നിർദേശങ്ങൾ. കടലിൽനിന്ന് മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുകയാണ് മീനാകുമാരി കമ്മിറ്റി ചെയ്തത്. അതിനെതിരെയും ശക്തമായ പോരാട്ടങ്ങൾ നടന്നു. അതിനിടയിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന പുതിയ നീക്കങ്ങളുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. സ്വാഭാവികമായും കേരളത്തിന്റെ തീരപ്രദേശം സംഘർഷ ഭരിതമാക്കാനേ ഇതു സഹായിക്കൂ. 27 നു തീരദേശ ഹർത്താൽ നടത്തുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 


 

Latest News