Sorry, you need to enable JavaScript to visit this website.

സൗദി ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കിടെ കണ്ടെത്തിയത് 44,000 നിയമ ലംഘനങ്ങൾ

റിയാദ് - രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകൾക്കിടെ കണ്ടെത്തിയത് മുൻകരുതൽ നടപടികൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട 44,002 നിയമ ലംഘനങ്ങൾ. ഫെബ്രുവരി 14 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 17,851 നിയമ ലംഘനങ്ങൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 10,656 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 
കിഴക്കൻ പ്രവിശ്യയിൽ 5,095 ഉം അൽഖസീമിൽ 2,387 ഉം മദീനയിൽ 1,899 ഉം അൽജൗഫിൽ 1,327 ഉം അൽബാഹയിൽ 1,075 ഉം അസീറിൽ 939 ഉം ഹായിലിൽ 896 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 742 ഉം തബൂക്കിൽ 611 ഉം ജിസാനിൽ 346 ഉം നജ്‌റാനിൽ 178 ഉം നിയമ ലംഘനങ്ങൾ ഒരാഴ്ചക്കിടെ ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.


 ഫെബ്രുവരി 11 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ മുൻകരുതൽ നടപടികൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട 187 നിയമ ലംഘനങ്ങളും 1,210 തൊഴിൽ നിയമ ലംഘനങ്ങളും കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 2,601 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ഒരാഴ്ചക്കിടെ 26,697 സ്ഥാപനങ്ങളിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തിയത്.
മുൻകരുതൽ, പ്രതിരോധ നടപടികളും തൊഴിൽ നിയമങ്ങളും സൗദിവൽക്കരണ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചായിരുന്നു പരിശോധനകൾ. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഒരാഴ്ചക്കിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് പൊതുജനങ്ങളിൽ നിന്നും ഉപയോക്താക്കളിൽ നിന്നും 1,155 പരാതികളും ലഭിച്ചു. ഇവയിൽ മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് പരിശോധനാ സംഘങ്ങൾ നടപടികൾ സ്വീകരിച്ചു. 


കഴിഞ്ഞ ദിവസം നഗരസഭകൾ നടത്തിയ പരിശോധനകളിൽ 826 നിയമ ലംഘനങ്ങൾ കണ്ടെത്തി. ആകെ 16,403 വ്യാപാര സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം നഗരസഭകൾ പരിശോധനകൾ നടത്തിയത്. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തവർക്ക് പ്രവേശനം നൽകൽ, അണു നശീകരണികൾ ലഭ്യമാക്കാതിരിക്കൽ, ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിക്കാതിരിക്കൽ, ഷോപ്പിംഗ് ട്രോളികൾ അണുവിമുക്തമാക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 288 വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം നഗരസഭകൾ അടപ്പിക്കുകയും ചെയ്തതായി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിൽ 836 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞയാഴ്ച 20,735 വ്യാപാര സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തിയത്. തൊട്ടു മുൻ വാരത്തെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 10 ശതമാനവും കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ 12 ശതമാനവും വർധന രേഖപ്പെടുത്തിയതായും മന്ത്രാലയം പറഞ്ഞു.

 

Tags

Latest News