Sorry, you need to enable JavaScript to visit this website.

'തവക്കൽനാ' ആപ് വൻ വിജയം;  ഉപയോക്താക്കൾ 1.7 കോടി കവിഞ്ഞു 

റിയാദ്- 'തവക്കൽനാ' ആപ് വൻ വിജയം. ഒമ്പതു മാസത്തിനിടെ 'തവക്കൽനാ' ആപ് ഉപയോക്താക്കളുടെ എണ്ണം 1.7 കോടി കവിഞ്ഞതായി സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അറിയിച്ചു. ആപ്പിന്റെ ഉയർന്ന വിശ്വാസ്യതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കൊറോണ മഹാമാരി നേരിടാൻ അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി 2020 മെയ് 11 ന് ആണ് ഫലപ്രദവും വിജയകരവുമായ ഡിജിറ്റൽ പോംവഴിയെന്നോണം സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 'തവക്കൽനാ' ആപ് പുറത്തിറക്കിയത്. 
ഡാറ്റയെയും കൃത്രിമ ബുദ്ധിയെയും അടിസ്ഥാനമാക്കി ഭാവി രൂപപ്പെടുത്തുന്നതിൽ ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടു നീങ്ങാൻ രാജ്യത്തിന് സാധിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും സൗദി യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും അവരെ പ്രാപ്തരാക്കി മാറ്റാനും സഹായിക്കുന്ന നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിച്ചിട്ടുണ്ടെന്ന് അതോറിറ്റി പ്രസിഡന്റ് ഡോ.അബ്ദുല്ല അൽഗാംദി പറഞ്ഞു. 

ഉയർന്ന പ്രകടനമുള്ള ആരോഗ്യ പ്രത്യേകതകളും വൈവിധ്യമാർന്ന മറ്റു സേവനങ്ങളും അടങ്ങിയ 'തവക്കൽനാ' സംവിധാനം ദേശീയ, പ്രാദേശിക തലങ്ങളിൽ പ്രധാന അനുഭവമായി മാറിയിരിക്കുന്നു. രാജ്യത്ത് കൊറോണ കേസുകൾ വർധിച്ചുവരുന്ന ഈ ഘട്ടത്തിൽ 'തവക്കൽനാ' ആപ്പിന് സുപ്രധാന പങ്കുണ്ട്. ആപ് ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യൽ എക്കാലത്തേക്കാളും വലിയ അനിവാര്യമായി മാറിയിട്ടുണ്ട്. തൊഴിൽ സ്ഥലങ്ങളിലും വ്യാപാര, വാണിജ്യ കേന്ദ്രങ്ങളിലും പാലിക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി 'തവക്കൽനാ' ആപ് വഴി ആരോഗ്യനില സ്ഥിരീകരിക്കൽ നിർബന്ധമാക്കാൻ പ്രവിശ്യാ ഗവർണർമാർ പ്രഖ്യാപിച്ച പദ്ധതികൾ പ്രശംസനീയമാണ്. 
ആപ് ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സ്വദേശികളുടെയും വിദേശികളുടെയും അവബോധം വർധിച്ചു വരികയാണ്. ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വലിയ വർധന ഇതാണ് സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ആപ് ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'തവക്കൽനാ' ആപ്പിൽ പ്രവർത്തിക്കുന്ന സൗദി യുവതീ യുവാക്കൾക്ക് ഡോ. അബ്ദുല്ല അൽഗാംദി നന്ദി പറഞ്ഞു. ഇതിനകം നേടുകയും ഭാവിയിൽ കൈവരിക്കാനിരിക്കുകയും ചെയ്യുന്ന മുഴുവൻ നേട്ടങ്ങൾക്കും പിന്നിലെ പ്രധാന ശക്തികൾ ഇവരാണെന്നും സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രസിഡന്റ് പറഞ്ഞു. 


 

Latest News