Sorry, you need to enable JavaScript to visit this website.
Monday , March   01, 2021
Monday , March   01, 2021

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശേഷക്രിയ


ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ സംസ്‌കാരത്തിന് മുൻപ് മൃതദേഹം കുളിപ്പിച്ച ശേഷം ശരീരത്തിൽ പട്ട് പുതപ്പിക്കുകയെന്നത് ഹിന്ദുമതത്തിൽ ശേഷക്രിയയുടെ ഭാഗമായുള്ള ആചാരമാണ്. മരണപ്പെട്ട വ്യക്തിയെ എല്ലാ ആദരവോടും കൂടി യാത്രയാക്കുന്നതിനുള്ള അവസാനത്തെ ചടങ്ങാണത്. അതിന് ശേഷം മൃതശരീരം കുഴിച്ചിടുകയോ ദഹിപ്പിക്കുയോ ചെയ്യുന്നതോടെ ആ വ്യക്തി ഓർമയായി മാറുന്നു. പിന്നെയുണ്ടാകുക വർഷം തോറും ആചരിക്കുന്ന ഓർമ ദിനങ്ങൾ മാത്രം.
ഇവിടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശേഷക്രിയയുടെ തിരക്കിലാണ് നരേന്ദ്ര മോഡദി - അമിത് ഷാ കൂട്ട്‌കെട്ട്. ജനാധിപത്യത്തെ കഴുത്തറുത്ത് കൊല ചെയ്തു കഴിഞ്ഞു. അതിന്റെ നാലു തൂണുകളും ഇടിച്ച് നിരത്തിക്കഴിഞ്ഞു. ഇനിയുള്ളത് പട്ടിന് പകരം കാവിപുതപ്പിച്ചുകൊണ്ടുള്ള ശേഷക്രിയ മാത്രം. പോണ്ടിച്ചേരി സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ മറിച്ചിടുന്നതോടെ അതും പൂർത്തിയാകും. അടുത്തു തന്നെ നടക്കാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ശേഷം പൗരത്വ നിയമം കൂടി നടപ്പാക്കുന്നതോടെ ജനാധിപത്യത്തെ പൂർണമായും കുഴിച്ചുമൂടും. പിന്നെയുണ്ടാവുക ജനാധിപത്യത്തിന്റെ ഓർമ ദിനങ്ങൾ മാത്രം.


എവിടെയാണ് ജനാധിപത്യം പുലരുന്നത്. രാജ്യത്ത് ഇന്ന് ഭരണകൂടം പുറപ്പെടുവിക്കുന്ന ഓരോ കൽപനകളും ജനാധിപത്യത്തെ എയ്ത് വീഴ്ത്താനുള്ള കൂരമ്പുകളാണ്. ജനാധിപത്യത്തിന്റെ നെടും തൂണുകളായ നിയമ നിർമാണ സഭയെയും ഭരണ നിർവഹണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും മോഡി - അമിത് ഷാ കൂട്ടുകെട്ട് കീഴടക്കിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളിലെ മുൻനിരക്കാരും നിലനിൽപിനായി ഇവരുടെ തീട്ടൂരങ്ങൾ നടപ്പാക്കാൻ ചെവി കൂർപ്പിക്കുകയാണ്. പാവപ്പെട്ടവന്റെ മകനായ എനിക്ക് നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കാൻ കഴിയുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നാണ് ജനാധിപത്യത്തെക്കുറിച്ച് നരേന്ദ്രമോഡി വികാരഭരിതനായി പറഞ്ഞത്. എന്നാൽ ജനാധിപത്യത്തിന്റെ അടിത്തറയിളകിയാൽ മാത്രമേ സംഘ് പരിവാർ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്ന് വളരെ കൃത്യമായി ബോധ്യമുള്ളയാളാണ് അദ്ദേഹം.  


അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന ശില എന്നുള്ളതുകൊണ്ട് തന്നെ അതിനെ കുഴിച്ചുമൂടുകയും സർക്കാരിനെയോ സംഘ്പരിവാറിനെയോ വിമർശിക്കുന്നവർ രാജ്യദ്രോഹികളായി   മുദ്ര കുത്തപ്പെടുകയും  തടങ്കലിലിടുകയോ സംഘ് പരിവാർ ഏജന്റമാരാൽ കൊല്ലപ്പെടുകയോ ചെയ്യുന്നു.  ഗൗരി ലങ്കേഷ്,  എം.എം. കൽബുർഗി, നരേന്ദ്ര ധബോൽകർ, ഗോവിന്ദ് പൻസാരെ തുടങ്ങി  അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട നിരവധി പ്രമുഖർ സംഘ് പരിവാറിന്റെ കൊലക്കത്തിക്കിരയായവരാണ്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ചതിന്  ടൂൾ കിറ്റിന്റെ പേര് പറഞ്ഞ്  ജനാധിപത്യ അവകാശങ്ങൾ പൂർണമായും തച്ചുടച്ചുകൊണ്ട് ദിഷ രവിയെന്ന പരിസ്ഥിതി പ്രവർത്തകയായ പെൺകുട്ടിയെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഈ കേസിന്റെ പേരിൽ ഇനിയും കുറെ പേർ തുറുങ്കലിലേക്കുള്ള പാതയിലാണ്. 


രാജ്യത്തിന്റെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്ന, ജനാധിപത്യ കീഴ്‌വഴക്കങ്ങളെല്ലാം തന്നെ ഇല്ലാതാക്കിക്കൊണ്ട് സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ എതിർത്തുകൊണ്ട് രാജ്യത്തെ ലക്ഷക്കണക്കായ കർഷകർ നടത്തിക്കൊണ്ടിരിക്കുന്ന അത്യുജ്വല സമരത്തെ  പിന്തുണക്കുകയാണ് ദിഷ രവി ചെയ്തത്. നവമാധ്യമങ്ങളിൽ പ്രതിഷേധ ശബ്ദങ്ങൾ ഉയർത്താനായി തയാറാക്കിയ രൂപരേഖയെയാണ് സർക്കാർ അന്താരാഷ്ട്ര തീവ്രവാദികളുടെ ഗൂഢാലോചനയായി വ്യാഖ്യാനിച്ചതും രാജ്യദ്രോഹ കുറ്റം ചുമത്തി പ്രതികരണ ശേഷിയുള്ള യുവതയെ ജയിയിലയക്കുന്നതും. സമരത്തിൽ അണിചേരുന്നതിനെക്കുറിച്ച് പറയുന്ന ഒരു ലഘുലേഖ മാത്രമാണ് ടൂൾ കിറ്റ്.  അതാണ് സർക്കാരിന് അന്താരാഷ്ട്ര ഗൂഢാലോചനയായി മാറിയത്. ഇത് ഇപ്പോൾ മാത്രം സംഭവിക്കുന്ന കാര്യമല്ല. കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഇത്തരം സംഭവങ്ങളുടെ കണക്കെടുത്താലാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏത്  വിധത്തിലാണ് സർക്കാർ കൂച്ചുവിലങ്ങിടുന്നതെന്ന് ബോധ്യമാവുക. 
അഭിപ്രായ പ്രകടനം നടത്തുന്നവരെ തീവ്രവാദ ബന്ധമുള്ളവരായി എളുപ്പത്തിൽ ചിത്രീകരിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്യുന്നതോടെ കാര്യങ്ങൾ എളുപ്പമാകുന്നു. ഇവിടെയാണ് കാവി രാഷ്ട്രീയത്തിന് ചുക്കാൻ പിടിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബുദ്ധി. വ്യാജമായി ചാർത്തപ്പെടുന്ന അത്യന്തം ഗൗരവമേറിയ കുറ്റത്തിന്റെ പേരിൽ നീതിന്യായ വ്യവസ്ഥ പോലും സ്വാധീനിക്കപ്പെടുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവരെ ജയിലുകളിലേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു. മോഡിയും അമിത് ഷായും ചേർന്ന് ആസൂത്രണം ചെയ്യുന്ന ഇത്തരം നടപടികൾ രാജ്യത്ത് പ്രതിഷേധ ശബ്ദങ്ങളെ പതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ അത് നാം പ്രത്യക്ഷത്തിൽ അറിയുന്നില്ലെന്ന് മാത്രം. അത് തന്നെയാണ് സംഘ്പരിവാറിന്റെ വിജയം. 


ടൂൾ കിറ്റ് കേസിൽ സർക്കാരിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രത്തലവൻമാരും മറ്റു പ്രമുഖരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സ്വാഭാവികമായും ഇന്ത്യയിലും പ്രതിഷേധങ്ങളുണ്ടായി. വലിയൊരു കോലാഹലം ഇതിന്റെ പേരിൽ രാജ്യത്ത് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അന്താരാഷ്ട്ര തീവ്രവാദവുമായി അന്വേഷണ ഏജൻസികൾ വ്യാജമായി ഇതിനെ ബന്ധപ്പെടുത്തുകയും ഭീതി പടർത്തുകയും ചെയ്തതോടെ  ഇന്ത്യയിലെ പ്രതിഷേധവും തണുത്തു തുടങ്ങി. ജാമ്യം പോലും ലഭിക്കാത്ത രീതിയിൽ തുറുങ്കലടക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയെന്ന സംഘ്പരിവാർ തന്ത്രമാണ് ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ അവസാനത്തെ വേരും അറുത്തു മാറ്റാൻ മോഡിക്കും അമിത് ഷാക്കും വേണ്ടതും ഇത് തന്നെയാണ്. സർക്കാരിനെ വിമർശിച്ചുകൊണ്ട് ആരു വന്നാലും അവരെ ഇല്ലാതാക്കുയെന്ന തന്ത്രം.


ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി-സംഘ്പരിവാർ ഇതര സംസ്ഥാന ഭരണകൂടങ്ങളെ ദുർബലമാക്കുകയോ അവരെ ഭരണത്തിൽ നിന്ന് പുറത്താക്കുകയോ ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ നിയമ നിർമാണ സഭകളെ കാവി പുതപ്പിക്കുകയാണ് മോഡി-ഷാ സഖ്യത്തിന്റെ മറ്റൊരു ലക്ഷ്യം. അതിലൂടെ മാത്രമേ ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം പൂർത്തീകരിക്കാനാവുകയുള്ളൂ. അതിൽ അവർ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കർണാടകയിലും ബംഗാളിലുമെല്ലാം പയറ്റിയ രാഷ്ട്രീയ കുതിരക്കച്ചവടം ഇപ്പോൾ പോണ്ടിച്ചേരിയിലേക്ക് വ്യാപിച്ചത്. 


മന്ത്രിമാർക്കും എം.എൽ.എമാർക്കും വൻതോതിൽ പണവും മറ്റു വാഗ്ദാനങ്ങളും നൽകിക്കൊണ്ടാണ് അവരെ ഭരണമുന്നണിയിൽ നിന്ന് അടർത്തി മാറ്റുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെല്ലാം പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം ഇപ്പോൾ പോണ്ടിച്ചേരിയിലും വിജയിക്കാൻ പോകുന്നുവെന്നത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി തന്നെ കാണണം. അമിത് ഷായുടെ കുതിരക്കച്ചവടത്തിൽ പോണ്ടിച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. തിങ്കളാചക്കകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. അതിനുള്ളിൽ ഭരണ മുന്നണിയിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്കിനാണ് സാധ്യത. ജനാധിപത്യം അവിടെയും കൊല്ലപ്പെട്ടേക്കാം.


ബംഗാളിലെ സ്ഥിതി നാം കണ്ടു കഴിഞ്ഞതാണ്. മുഖ്യമന്ത്രി മമതാ ബാനർജി ബി.ജെ.പിയുടെ അധിനിവേശത്തിനെതിരെ ഒറ്റക്ക് പൊരുതുമ്പോഴും കപ്പലിൽ നിന്ന് കള്ളൻമാർ മറുകണ്ടം ചാടിക്കൊണ്ടേയിരിക്കുന്നു. ഇവിടെ ഇടതുപക്ഷം ദുർബലമായതിന് ശേഷം തൃണമൂൽ കോൺഗ്രസിനുള്ളിൽ  പൊളിറ്റിക്കൽ ഇൻവെസ്റ്റ്‌മെന്റ്  നടത്തുകയെന്ന സംഘ്പരിവാർ തന്ത്രം ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസികളെ തങ്ങളുടെ ബി ടീമാക്കിയതിലൂടെ വിവിധ കേസുകളുടെയും മറ്റും പേരിൽ രാഷ്ട്രീയ നേതാക്കളെ  വരുതിയിലാക്കാൻ കഴിയുന്നുവെന്നതാണ് അവരുടെ വിജയം. അതിനെ ചെറുക്കാനുള്ള വിൽ പവർ മറ്റു രാഷ്ട്രീയ കക്ഷി നേതൃത്വങ്ങൾക്ക് നഷ്ടമാകുന്നുവെന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ അപചയമാണ്.
ഭരണകൂടം പരാജയപ്പെടുമ്പോഴും അതിക്രമങ്ങൾക്ക് മുതിരുമ്പോഴും ജനാധിപത്യത്തിന് കാവലാളാകേണ്ടത്  ജുഡീഷ്യറിയുടെ കടമയാണ്.  അവിടെയാണ് ജനങ്ങളുടെ അവസാന പ്രതീക്ഷ. എന്നാൽ ജുഡീഷ്യറിയെയും വലിയ രീതിയിൽ കൈപ്പിടിയിലൊതുക്കാൻ മോഡി സർക്കാരിന് കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം. 


ജനാധിപത്യത്തിന്റെ കാവലാളാകാൻ ജുഡീഷ്യറിക്ക് പലപ്പോഴും കഴിയുന്നില്ല. രാജ്യത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ ഇത് പ്രകടവുമാണ്. ഏറ്റവും ഒടുവിൽ രാജ്യ തലസ്ഥാനത്തെ കർഷകരുടെ  സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പതിഞ്ഞ വിഷയമായിട്ടു പോലും പ്രശ്‌ന പരിഹാരത്തിന് സ്വീകാര്യമായ ഉറച്ച തീരുമാനം കൈക്കൊള്ളാൻ ഇത് വരെ കോടതിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, മറ്റു പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ജഡ്ജിമാർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയും ഊതിക്കെടുത്തുന്നതാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെയും പല പ്രമുഖ മാധ്യമ പ്രവർത്തകരെയും  സർക്കാർ വിലക്കെടുക്കുകയോ ഭയപ്പെടുത്തി നിർത്തുകയോ ചെയ്യുന്നത് വളരെ പ്രകടമായ  കാഴ്ചയാണ്. റിപ്പബ്ലിക് ടി.വി പോലുള്ള മാധ്യമങ്ങൾ എങ്ങനെയാണ് ജനാധിപത്യത്തെ തച്ചുടയ്ക്കുന്നതെന്നും നാം കണ്ടു കഴിഞ്ഞു. കാവി രാഷ്ട്രീയത്തിന്റെ ധ്വംസനങ്ങൾക്കെതിരെ പൊരുതുന്ന ചുരുക്കം ചില മാധ്യമങ്ങളുണ്ട്. അവരാകട്ടെ, പിടിച്ചു നിൽക്കാനാകാതെ കളം വിടേണ്ട സ്ഥിതിയാണ്. ജനാധിപത്യത്തിന്റെ ശേഷക്രിയക്ക് മുൻപ് ഒരു മതേതര - രാഷ്ട്രീയ ചെറുത്തുനിൽപ് ഇവിടെ ഉയർത്തിയേ പറ്റൂ. അതിന് നേതൃത്വം നൽകാൻ ആരുണ്ടെന്നതാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ചോദ്യം.

Latest News