Sorry, you need to enable JavaScript to visit this website.
Monday , March   01, 2021
Monday , March   01, 2021

'ദളിതന്' 'സവർണ' അക്കാദമി പുരസ്‌കാരമോ?


എഴുത്തുകാർക്ക് സർക്കാർ പുരസ്‌കാരങ്ങൾ നൽകേണ്ടതുണ്ടോ എന്ന വിഷയം ലോകത്തെമ്പാടും ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴും ചർച്ച ചെയ്യുന്നതാണ്. എഴുത്തുകാരെ വരുതിയിലാക്കാനും തങ്ങളെ കുറിച്ചുള്ള സ്തുതിഗീതങ്ങൾ പാടിപ്പിക്കാനുമാണ് പുരസ്‌കാരങ്ങൾ നൽകുന്നതെന്ന വിമർശനം പണ്ടേയുണ്ട്. രാജഭരണ കാലത്ത് പട്ടും വളയും നൽകിയിരുന്നതിന്റെയൊക്കെ ലക്ഷ്യം അതു തന്നെയായിരുന്നു. എന്നാൽ അതുപോലെ ജനാധിപത്യ സംവിധാനത്തിലെ പുരസ്‌കാരങ്ങളെ കാണരുതെന്ന് വാദിക്കുന്നവർ നിരവധിയാണ്. ധിഷണാശാലികളായ എഴുത്തുകാരെ ആദരിക്കേണ്ടത് സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ കടമയാണെന്നാണ് ഈ വാദമുന്നയിക്കുന്നവർ പറയുന്നത്. തത്വത്തിലത് ശരിയാകാം. പക്ഷേ പ്രായോഗികമായി സംഭവിക്കുന്നത് പലപ്പോഴും അതല്ല എന്നതിനു എത്രയോ ഉദാഹരണങ്ങളുണ്ട്. രാജാവിനു പകരം നേതാവിനേയും പാർട്ടിയേയും പിന്തുണക്കുന്നവർക്ക് അർഹതയില്ലെങ്കിൽ പോലും പുരസ്‌കാരങ്ങൾ ലഭിക്കാറുണ്ട്. വിമർശിക്കുന്നവർക്ക് അർഹതയുണ്ടെങ്കിൽ പോലും ലഭിക്കാറില്ല. പ്രഭാവർമ്മക്ക് കവിതക്കുള്ള പുരസ്‌കാരം നൽകി കെ.ജി. ശങ്കരപ്പിള്ളക്ക് പ്രോത്സാഹനം നൽകിയ ചരിത്രം കേരള സാഹിത്യ അക്കാദമിക്കുണ്ടല്ലോ.  
ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നത് മറ്റൊരു വിഷയമാണ്. കേരളത്തിൽ സാഹിത്യത്തിന്റെ അവസാന വാക്ക് സാഹിത്യ അക്കാദമിയാണ് എന്നാണല്ലോ വെപ്പ്. എന്നാൽ അടിസ്ഥാനപരമായി കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും ആശയാവിഷ്‌കാരങ്ങളെ അക്കാദമി പ്രതിനിധീകരിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. ആത്യന്തികമായി പറഞ്ഞാൽ കേരള സവർണ സാഹിത്യ അക്കാദമിയാണത്. 


അക്കാദമി ഓഡിറ്റോറിയത്തിൽ നിരത്തിവെച്ചിട്ടുള്ള ചിത്രങ്ങളും കൊത്തിവെച്ചിട്ടുള്ള ഇന്നോളം വരെയുള്ള അക്കാദമി വിശിഷ്ടാഗംങ്ങളുടേയും പ്രസിഡന്റ് - സെക്രട്ടറിമാരുടെയും  പുരസ്‌കാര ജേതാക്കളുടേയും പേരുകളും പരിശോധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ല. ചരിത്രപരമായ കാരണങ്ങളാൽ കേരളത്തിലെ എഴുത്തുകാരിൽ ഭൂരിഭാഗവും അവരിൽ നിന്നുള്ളവരല്ലേ എന്നു വാദിക്കാം. ശരിയാകാം. ചരിത്രമെന്നത് എന്നും അതു രചിക്കുന്നവരുടേയും വിജയിച്ചവരുടേയും ചരിത്രമാകുമല്ലോ. അതങ്ങനെ തന്നെ അംഗീകരിക്കലല്ലല്ലോ ആധുനിക കാലത്ത് നമ്മൾ ചെയ്യേണ്ടത്. രേഖപ്പെട്ട ഈ സാഹിത്യ ചരിത്രത്തിൽ അദൃശ്യരായവരെ കണ്ടെത്തുകയല്ലേ അക്കാദമി ചെയ്യേണ്ടത്? അല്ലാതെ വിജയിച്ചവരെ പ്രകീർത്തിക്കലും അവർക്കു പുരസ്‌കാരങ്ങൾ നൽകലുമല്ലല്ലോ. നിർഭാഗ്യവശാൽ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. 

 


അക്കാദമിയുടെ ഈ വർഷത്തെ ആത്മകഥാപുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്. എം.ജി.എസ്. നാരായണനാണ് പുരസ്‌കാരം ലഭിച്ചത്.
കെ.കെ. കൊച്ചിന്റെ ദളിതൻ എന്ന ആത്മകഥക്ക് പുരസ്‌കാരം ലഭിക്കുമെന്ന ധാരണ പൊതുവിലുണ്ടായിരുന്നു. ഏതൊരു പുരസ്‌കാരവും അത് നിർണയിക്കുന്ന കമ്മിറ്റി അംഗങ്ങളുടെ തീരുമാന പ്രകാരമാണെന്നും അതിനെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നതും സാങ്കേതികമായി ശരിയാണ്. എന്നാൽ സാങ്കേതികത്വത്തിൽ ഒതുങ്ങുന്നതല്ലല്ലോ ഇതിന്റെ മാനങ്ങൾ. മുകളിൽ സൂചിപ്പിച്ച ഘടകങ്ങളുടെ പശ്ചാത്തലത്തിൽ വേണ്ടേ ഇതിനെ നോക്കിക്കാണാൻ? തീർച്ചയായും എം.ജി.എസ് മികച്ച ചരിത്രകാരനും അധ്യാപകനുമാണ്. അങ്ങനെയാകാനുള്ള സാമൂഹ്യ മൂലധനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നു വന്ന്, തളരാത്ത പോരാട്ടങ്ങളിലൂടെ കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളിലെ വിലക്കപ്പെട്ട സ്ഥാനങ്ങളിലേക്ക് കയറിചെന്ന വ്യക്തിത്വമാണ് കൊച്ച്. രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും സാഹിത്യ രംഗത്തുമൊക്കെ സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് അദ്ദേഹത്തിന്റെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ദളിതനെ അടയാളപ്പെടുത്തിയവരിൽ പ്രമുഖനാണ് കൊച്ച്.

 

ആ ജീവിതത്തിന്റെ അവിസ്മരണീയമായ ആവിഷ്‌കാരമാണ് ദളിതൻ. അത്തരമൊരു കൃതിക്ക് പുരസ്‌കാരം പ്രതീക്ഷിക്കുന്നത് ന്യായമാണ്. അതു സംഭവിക്കാതിരുന്നതിനു പിറകിൽ തുടക്കത്തിൽ സൂചിപ്പിച്ച ആശയലോകം തന്നെയാണെന്നുറപ്പ്. ഇതാകട്ടെ, ആദ്യ അവഗണനയുമല്ലല്ലോ.  ചെന്തരശ്ശേരി,  ഡോ. പോൾ ചിറക്കരോട്,  കവിയൂർ മുരളി,  സി. അയ്യപ്പൻ,  ഡോ. കുഞ്ഞാമൻ, പ്രൊഫ. ടി.എം. യേശുദാസൻ,  കെ. കെ. ബാബുരാജ് ഡോ. സനൽ മോഹൻ, സണ്ണി കപിക്കാട്,  എം.ബി. മനോജ്, സി.  എസ്. രാജേഷ്,  രേഖ രാജ് തുടങ്ങി എത്രയോ പേർക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ട്. ആത്മകഥാ പുരസ്‌കാരത്തിനു  സമാനമായ രീതിയിലാണ് ഇത്തവണ കവിതക്കുള്ള പുരസ്‌കാര മത്സരവും എത്തിയത്. അവിടെ പക്ഷേ പി. രാമനും രേണുകുമാറിനും പുരസ്‌കാരം വീതിച്ചു നൽകുകയാണ് അക്കാദമി ചെയ്തത്. തികച്ചും വിരുദ്ധമായ സർഗാത്മക ലോകത്തു ജീവിക്കുന്ന ഇരുവരുടേയും കവിതകളെ എങ്ങനെയാണ് സമാനപ്പെടുത്തിയതെന്ന് വ്യക്തമല്ല. എന്തായാലും അത്തരത്തിൽ എം.ജി.എസിനും കൊച്ചിനും വീതിച്ചു നൽകാതിരുന്നത് നന്നായി. 

Latest News