Sorry, you need to enable JavaScript to visit this website.

ലഹരി പിടിക്കാത്ത വേദന

ലഹരി പിടിക്കുന്ന വേദനയില്ല.  അദ്ദേഹം ഖണ്ഡിച്ചു പറഞ്ഞു: 'വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടെ..  അതൊക്കെ പാടിപ്പൊലിപ്പിക്കാൻ കൊള്ളാം. മധുര നൊമ്പരമൊക്കെ പറപറക്കും ഏതെങ്കിലും അവയവത്തിൽ വേദന തിളച്ചുരുകിക്കയറുമ്പോൾ. അപ്പോൾ പാട്ടു നിർത്തി,  അറിയാവുന്നതും കിട്ടാവുന്നതുമായ വേദനാസംഹാരി തേടിപ്പോകും, ആരും.'
ചോദ്യം ചെയ്യപ്പെടാത്ത അറിവിന്റെ സ്വരത്തിലായിരുന്നു ഡോക്ടർ എം. ആർ. രാജഗോപാലിന്റെ സംസാരം. വേദന കുറക്കാനുള്ള വഴിയിലൂടെയാണ് ഏറെക്കാലമായി അദ്ദേഹത്തിന്റെ യാത്ര. കരിയർ മുഴുവൻ ബോധം കെടുത്തുന്ന മന്ത്രങ്ങളും യന്ത്രങ്ങളൂം പഠിക്കുകയും പഠിപ്പിക്കുകയായിരുന്നു. ബോധം ഉണ്ടായാലല്ലേ വേദനയുള്ളൂ.  അതുകൊണ്ട് വേദന തോന്നാതിരിക്കാൻ വേണ്ടപ്പോൾ ബോധം കെടുത്തുകയും കൊളുത്തുകയും ചെയ്യുന്നു. 
വേദന മാറ്റുകയേ ഇനി വഴിയുള്ളൂ എന്നു തോന്നുന്ന ജീവിതാവസ്ഥയിൽ എന്തു ചെയ്യാമെന്നാണ് കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി അന്വേഷണം. പെയിൻ മാനേജ്‌മെന്റ് എന്നും സാന്ത്വന ചികിത്സയെന്നും മറ്റും  അതിനെ വിശേഷിപ്പിച്ചു പോരുന്നു. ന്യൂയോർക്ക് ടൈംസ് ഒരിടയ്ക്ക് റിപ്പോർട്ട് ചെയ്തു കണ്ടു, 'രാജഗോപാൽ ഉള്ളിടത്ത് വേദന ഉണ്ടാവില്ല.' ഒരു വരിഷ്ഠപത്രത്തിനു ചേർന്നതാണോ ഈ അമിതോക്തി? ഞാൻ രാജഗോപാലിനെ പരിചയപ്പെട്ടത് മനസ്സിൽ ആ ചോദ്യവുമായിട്ടായിരുന്നു.
വേദനയെപ്പറ്റി ഒരു ആയുഷ്‌കാലത്തിൽ ഞാൻ നേടിയ അറിവും അറിവില്ലായ്മയും വിളമ്പാൻ ഒരു വേദി തുറന്നു കിട്ടി.  രാജഗോപാലിന്റെ സ്ഥാപനത്തിനു വേണ്ടി ഒരു പത്രിക ഒരുക്കിക്കൊടുക്കുന്ന ചുമതല ഞാൻ ഏറ്റെടുത്തു. മധുരിക്കുന്ന വേദനയും ലഹരി പിടിക്കുന്ന വേദനയും തല വേദനയും മനോവേദനയും അങ്ങനെ ഏത് അവയവത്തെയും എക്കാലവും ബാധിക്കാവുന്ന വേദനയുടെ സാർവകാലികത്വം പഠിക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു എന്റെ ലക്ഷ്യം.
തലക്കെട്ടായി ഞാൻ നിർദേശിച്ചു: വേദന. അറിവ് ആകുന്നു വേദന. ബോധമാകുന്നു വേദന. സചേതനത്വത്തിന്റെ ഭാഗവും ഒരു വേള പൂർണതയും വേദനയാകുന്നു. സംസ്‌കൃതത്തിലെ ഇരുപത്തിരണ്ട് ഉപസർഗങ്ങളും ചേർത്ത് വേദനയുടെ അനന്തസുന്ദരമായ സർഗതലങ്ങൾ ആവിഷ്‌കരിക്കാം. വേദന സംവേദനമായും അവേദനമായും നിവേദനമായും നിർവേദമായും അനുഭവപ്പെടാം. 
എവിടെയും വേദനയാകാം. തലയിൽ മാത്രം ഒതുങ്ങുന്നതാവില്ല തലവേദന. വേദന ഏത് അംഗത്തെയും ബാധിക്കുന്നു. നടുവും പുറവും വയറും കൈയും കാലും എന്നു വേണ്ട, ഏത് അവയവത്തെയും വേദന അതിന്റെ വരുതിയിൽ നിർത്തുന്നു. ഒരു അവയവത്തിന്റെയും വരുതിയിൽ പെടാത്തതാണ് മനസ്സ്. അവയവമില്ലാതെയും മനസ്സും മനസ്സിന്റെ വേദനയും അനുഭവപ്പെടാം. അതാണല്ലോ എളുപ്പം ചികിത്സിച്ചുമാറ്റാൻ വയ്യാത്ത മനോവേദന.  അവയവമില്ലാതെ മനസ്സിന് നിലനിൽപുണ്ടോ എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു. 


ഫാന്റം ലിംബ് തിയറി എന്നൊരു അനുഭവ സാക്ഷ്യം ഏറെക്കാലമായി ചർച്ച ചെയ്യപ്പെട്ടു വരുന്നു. ഇല്ലാത്ത അവയവത്തിൽ വേദന അനുഭവപ്പെടുന്ന ആ മാനസികാവസ്ഥയെപ്പറ്റി ഗവേഷണം നടത്തി, നൊബേൽ സമ്മാനത്തിന്റെ സാധ്യത തുറന്നെടുത്ത ആളാണ് വിളയന്നൂർ രാമചന്ദ്രൻ. കാലിഫോർണിയയിൽ ഇരുന്ന് ആത്മാവിന്റെ ഉറവിടം തേടുന്നുവെന്ന് ഒരു പത്രം വിശേഷിപ്പിച്ച ജീവശാസ്ത്രകാരൻ, തമിഴൻ.  
യുദ്ധകാലത്ത് ശ്രദ്ധിക്കപ്പെട്ടതാണ് ആ അനുഭവം. ആശുപത്രിയിൽ കഴിയുന്ന പല ഭടന്മാർക്കും അസഹ്യമായ വേദന അനുഭപ്പെടുന്നു. കൈയിലോ കാലിലോ ആയിരിക്കും മിക്കപ്പോഴും വേദന. അതല്ലാത്ത അവയവത്തിലാണ് തീയുണ്ട തറച്ചുകേറിയതെങ്കിൽ ഭടൻ ആശുപത്രിയിൽ കഴിയാൻ എത്തുമായിരുന്നില്ല. പക്ഷേ വേദന അനുഭവപ്പെടുന്ന കാലോ കൈയോ അയാൾക്കുണ്ടാവണമെന്നില്ല. നേരത്തേ മുറിച്ചുകളഞ്ഞ അവയവത്തിലായിരിക്കും വേദന. അപ്പോൾ ശരീരത്തിലേ വേദന തോന്നുകയുള്ളൂ എന്ന ധാരണ തെറ്റിപ്പോകുന്നു. ശരീരമില്ലാതെയും ബോധം അലഞ്ഞു തിരിഞ്ഞോ തിരിയാതെയോ നില നിന്നു പോകാം.    


അംഗനിഷ്ഠമായ വേദനയാണ് പലപ്പോഴും ചർച്ചക്കു വരിക. അനുരാഗം ശരീര സുഖത്തെ അതിലംഘിക്കുന്ന അനുഭവമെന്ന് ഉദ്‌ഘോഷിക്കുന്നു കവികളും ഋഷികളും.  മാംസനിബദ്ധമല്ല രാഗം എന്നാണ് ഒരാളുടെ സാക്ഷ്യം. അതുപോലെ വേദനയെപ്പറ്റിയും പറയാം. ദേഹനിബദ്ധമല്ല വേദന. ദേഹത്തിന്റെ ഏതു ഭാഗത്തും,
ദേഹാതിവർത്തിയായ മനസ്സിലും മനസ്സിനു പിടികൊടുക്കാത്ത അവസ്ഥയിലും വേദന ഉണ്ടാകാം. ആ വഴിയേ ആലോചിച്ചാൽ അചേതനങ്ങളിലും മറ്റുള്ളവർക്ക് അറിയാൻ വയ്യാത്ത വേദന ഉണ്ടെന്നു വരുമോ? പഴയ ഒരു മൊഴി ഇങ്ങനെ: 'ഒരല്ലലില്ലെങ്കിൽ എനിക്കു കല്ലായിരിക്കുവാനാണിനി മേലിലിഷ്ടം.' കല്ലിനും അല്ലൽ ഉണ്ടാകാമെന്ന സൂചന ആപേക്ഷികമായ ആ പ്രസ്താവത്തിൽ ഒളിഞ്ഞിരിപ്പില്ലേ? 


അപ്പോൾ എല്ലായിടത്തും എന്നും നിലനിൽക്കുന്നതാണ് വേദന എന്നു വരുന്നു.  നരജീവിതം തന്നെ വേദനയാണെന്നാണ് ചിലരുടെ വിവക്ഷ.  കുട്ടികളുണ്ടായാൽ അതൊട്ടൊക്കെ ഭേദപ്പെടുത്താം എന്നും അവർ വിശ്വസിക്കുന്നു. തഴുകിയാലും ചൂടു പിടിപ്പിച്ചാലും ചിലപ്പോൾ വേദന കുറയാം. അഗ്നി (ചൂട്) ശതവൈദ്യസമാനൻ ആണെന്നത്രേ ആരോഗ്യ നികതേനത്തിലെ ആസ്ഥാന വൈദ്യനായ ജീവൻ മശായിയുടെ നിർദേശം. അങ്ങനെയോ വേറെ വല്ല വഴിയിലൂടെയോ സഹനശേഷി കൂട്ടിയോ വേദന കുറക്കാൻ പറ്റുമോ എന്നാണ് വൈദ്യന്റെയും വൈദികന്റെയും പരമമായ അന്വേഷണം.  ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യൻ അനാസിനാക്കുന്നു പ്രധാന ഭക്ഷണം എന്ന് എം.എൻ പാലൂര് നിരീക്ഷിച്ചിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല. അനാസിനു പകരം വെക്കാവുന്നതും ഫലപ്രദമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നതുമായ വേദനസംഹാരികൾ പല പേരുകളിൽ പല പല രൂപങ്ങളിൽ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. 


സാന്ത്വന ചികിത്സയിൽ മുഴുകിയിട്ടുള്ള രാജഗോപാലിന്റെ ഊന്നൽ വേദനയുടെ പരിചരണത്തിലും പരിഹാരത്തിലുമാകുന്നു. ഗീർവാണവും തത്വചിന്തയുമല്ല പാലിയേറ്റിവ് കെയർ രംഗത്ത് പ്രധാനം. അതുകൊണ്ട് വേദന എന്ന ശീർഷകത്തിൽ ഒരു പത്രികയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം നെറ്റി ചുളിച്ചു. നേരത്തെ അദ്ദേഹത്തിന് മനസ്സിൽ ഒരു പേരുണ്ടായിരുന്നു: സഹയാത്ര. രണ്ടാമത് ആലോചിച്ചപ്പോൾ  എനിക്കും തോന്നി, വേദനയെപ്പറ്റി ഒരു വെടിവട്ടം ഒരുക്കുകയല്ല, വേദനിക്കുന്നവരോടൊപ്പം നീങ്ങുക എന്ന അർഥത്തിൽ സഹയാത്ര ഏർപ്പെടുത്തുകയാണ് കൂടുതൽ പ്രസക്തം.  
അയ്യോ എന്ന നിലവിളിയിൽ പൊതുവെ പ്രകടമാകുന്ന വേദന എങ്ങനെയൊക്കെയോ ഉണ്ടാകാം. തല്ലിയാൽ വേദനിക്കും, നുള്ളിയാൽ വേദനിക്കും, മാന്തിയാലും പിച്ചിയാലും വേദനിക്കും.  ഓരോ വേദനക്കും ഓരോ മഴ നിഴൽ പ്രദേശം കാണും. ചുട്ടുനീറ്റം മുതൽ പ്രായം ചെന്നവർ പരാതിപ്പെട്ടിരുന്ന എല്ലു പൊളിയൽ വരെ വേദനിക്കുന്നവരുടെ അനുഭവമാണ്. സാഹിത്യകാരന്മാർ അതിനെ, പൊളിയുന്ന എല്ലിനെ,  അനുഭവൈകവേദ്യം എന്നു വിശേഷിപ്പിക്കും. വേദനിച്ചും വേദനിപ്പിച്ചും രസിക്കുന്ന ചിലർ അവർക്കിടയിൽ കൊടികെട്ടി വാഴുന്നു. വാസ്തവത്തിൽ ആത്മപീഡനവും പരപീഡനവും (മസോകിസം, സാഡിസം) സുഖം പകരുന്നതല്ല, സൗന്ദര്യാനുഭൂതി വർധകവുമല്ല.. അങ്ങനെ സുഖം അനുഭവിക്കുന്നവർ  സൂക്ഷിച്ചുനോക്കിയാൽ തല തിരിഞ്ഞു പോയവരാണെന്നു കാണാം. 


വേദനയുടെ പരിഹാരം തേടുന്നതോടൊപ്പം അതിന്റെ പല തലങ്ങളെപ്പറ്റിയും പഠനവും നടക്കുന്നു. വേദനിക്കുന്ന ദേഹം എന്ന പുസ്തകം ഒരു ഫ്രഞ്ച് എഴുത്തുകാരി കഴിഞ്ഞ ആഴ്ച  ഉദ്ധരിക്കുന്നതു കണ്ടു. കടുത്ത മറവിരോഗം പിടിപെട്ട മുത്തശ്ശിയുടെ വേദന മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു മറിയൺ റിനോൾട്. എല്ലാം മറന്നു കഴിഞ്ഞ അവർക്ക് വേദന മാത്രമേ സത്യമായുള്ളൂ. ഈയിടെ അവർ വീണു, എല്ലൊടിഞ്ഞു. അതൊന്നും അവർക്ക് ഓർമയില്ല. വേദന മാത്രം അറിയാം. അലക്ഷ്യമായി നടക്കുന്നതും മൂളുന്നതും മുക്കുന്നതും ഞരങ്ങുന്നതും വേദനയുടെ പ്രഖ്യാപനങ്ങളാകാം. ഷാരോൺ ബ്രാങ്മാൻ എന്ന വയോജന ചികിത്സകയുടെ ഒരു രോഗി കൂടെക്കൂടെ തലവേദനയെപ്പറ്റി പരാതിപ്പെട്ടുകൊണ്ടിരുന്നു. 
ദുരൂഹമായിരുന്നു കാരണവും കാര്യവും. ഒരു ദിവസം ബോധോദയം പോലെ അവർക്കു മനസ്സിലായി. വേദനിക്കുന്ന തല തൊട്ടു കാണിക്കുമ്പോൾ വാസ്തവത്തിൽ ഒന്നും ഓർക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞറിയിക്കുകയായിരുന്നു ആ രോഗി. വേദന അങ്ങനെ ബിംബകമായും വർത്തിക്കുന്നു.


ഈയിടെയായി പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വേദന വൈകുന്നേരമാകുമ്പോൾ എന്നെ തേടിയെത്തുന്നു. പറഞ്ഞുകേട്ട പേരൊന്നും അതിനു ചേരുകയില്ല. കോച്ചുകയോ കുതറുകയോ ചെയ്യുന്ന മട്ടിൽ അതെന്റെ കാലുകളെ മാറി മാറി ആവേശിക്കുന്നു. എന്റെ കണ്ണു കൂമ്പുമ്പോൾ അതെന്നെ  തട്ടിയുണർത്തുന്നു. 
ഉറക്കം കെട്ട അരിശത്തിൽ ഞാൻ വേവലാതിപ്പെടുന്നു. പൂർണമായ പരിഹാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നം മനസ്സിലാക്കാൻ കഴിയുന്ന മസ്തിഷ്‌ക വിദഗ്ധൻ  ഡോക്ടർ രാജശേഖരൻ നായരോടു ചോദിച്ചു. ഫലിക്കാവുന്ന പ്രതിവിധി നിർദേശിച്ചിട്ട്  അദ്ദേഹം അടക്കിപ്പിടിച്ച ചിരിയോടെ പറഞ്ഞു: പേടിക്കണ്ട. ഏറിയാൽ ഉറക്കം തടസ്സപ്പെടും. അത്രയേ ഉള്ളൂ.
ഞാനും വേദനിച്ചു ചിരിച്ചു. ഉറക്കം തടസ്സപ്പെടുത്തുന്ന വേദനയോ? പ്രജാഗരം, ഉറക്കമില്ലായ്മ, അതായിരുന്നു മഹാഭാരതത്തിലെ പരമമായ വേദന. കാരണവും പരിഹാരവും കാണാൻ ധൃതരാഷ്ട്രർ പണ്ഡിതനായ അനുജൻ വിദുരരെ വിളിച്ചു വരുത്തി. വേദനയും നിർന്നിദ്രതയും മനസ്സിലാക്കാനുള്ള ഉദ്യമമാണ് വിദുരവാക്യം. യുഗങ്ങളായി ആ ഉദ്യമം തുടരുന്നു, ഫലിക്കാതെ.

Latest News