റിയാദ് - അഴിമതി കേസുകളില്‍ അറസ്റ്റിലായവരില്‍ 95 ശതമാനം പേരും അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവില്‍ തിരിച്ചടക്കുന്നതിന് സമ്മതിച്ചതായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ശതമാനം പേര്‍ നിരപരാധികളാണെന്ന് തെളിഞ്ഞു. ഇവര്‍ക്കെതിരായ കേസുകള്‍ ഉപേക്ഷിച്ചിട്ടുണ്ട്. നാലു ശതമാനം പേര്‍ തങ്ങള്‍ അഴിമതിക്കാരല്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് സമര്‍പ്പിക്കുന്നതിന് ഇവര്‍ ആവശ്യപ്പെടുന്നു. അഴിമതി കേസ് പ്രതികളുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പിലൂടെ പൊതുഖജനാവിലേക്ക് പതിനായിരം കോടി ഡോളര്‍ തിരികെയെത്തിക്കുന്നതിന് സാധിക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ പ്രതീക്ഷിക്കുന്നത്.
അഴിമതി വിരുദ്ധ പോരാട്ടത്തെ എതിരാളികളെ മുഴുവന്‍ ഇല്ലാതാക്കി അധികാരം പിടിച്ചടക്കുന്നതിനുള്ള ശ്രമമായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്. അറസ്റ്റിലായ പ്രമുഖര്‍ നേരത്തെ തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരും കിരീടാവകാശിയായപ്പോള്‍ തനിക്ക് അനുസരണ പ്രതിജ്ഞ ചെയ്തവരുമാണ്. രാജ്യത്ത് നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കും അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും തനിക്കൊപ്പമാണ്. എണ്‍പതുകള്‍ മുതല്‍ സൗദിയില്‍ അഴിമതി വ്യാപകമാണ്. പൊതുധന വിനിയോഗത്തിന്റെ പത്തു ശതമാനം അഴിമതി കാരണമായി നഷ്ടപ്പെടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഴിമതി കേസുകളില്‍ 2015 മുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് തുടങ്ങിയിട്ടുണ്ട്. അഴിമതിയെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കര്‍മ സമിതി രൂപീകരിച്ചിരുന്നു. രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്കാരായ ഇരുനൂറോളം പേരെ കുറിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
താഴെ തട്ടില്‍നിന്ന് ആരംഭിച്ചതിനാലാണ് മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ പരാജയപ്പെടുന്നതിന് കാരണം. അഴിമതി നിര്‍ബാധം തുടര്‍ന്നുകൊണ്ട് ജി-20 കൂട്ടായ്മയില്‍ സൗദി അറേബ്യക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി അവസാനിപ്പിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉറച്ച തീരുമാനമെടുത്തത്്.
2015 ല്‍ സല്‍മാന്‍ രാജാവ് അധികാരമേല്‍ക്കുമ്പോള്‍ എണ്ണ വില താഴ്ന്ന നിലയിലായിരുന്നു. അഴിമതി തുടച്ചുനീക്കുമെന്ന് സല്‍മാന്‍ രാജാവ് അന്ന് ഉറപ്പിച്ചു. ഉന്നതതലത്തില്‍ നിന്നുതന്നെ അഴിമതി വിരുദ്ധ പോരാട്ടം ആരംഭിക്കുന്നതിനാണ് രാജാവ് നിര്‍ദേശം നല്‍കിയത്. അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിവര ശേഖരണം പൂര്‍ത്തിയായതോടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് ഉത്തരവിട്ടത്. ബില്യണ്‍ കണക്കിന് റിയാലിന്റെ സമ്പത്തുള്ളവര്‍ക്കും രാജകുമാരന്മാര്‍ക്കും അഴിമതി കേസുകളിലെ പങ്കുകള്‍ തെളിയിക്കുന്ന രേഖകള്‍ കാണിച്ചുകൊടുത്തു. ഇവര്‍ അഴിമതിയിലൂടെ സമ്പാദിച്ച പണം ഖജനാവില്‍ തിരിച്ചടക്കുകയോ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ ധനമന്ത്രാലയത്തിന് കൈമാറുകയോ ചെയ്യേണ്ടിവരും. മൂന്നാമതൊരു പോംവഴി ഇവര്‍ക്കു മുന്നിലില്ല.
സൗദി നിയമമനുസരിച്ച് അറ്റോര്‍ണി ജനറലിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കില്ല. രാജാവിനു മാത്രമേ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. എന്നാല്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് രാജാവു തന്നെയാണ്. അഴിമതി വിരുദ്ധ പോരാട്ടംമൂലം ഒരു കമ്പനിയും പാപ്പരാകാതെ നോക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടാതെ നോക്കുന്നതിനും വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃത താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് കൈക്കൂലി നല്‍കുന്ന വ്യവസായികളെ വിചാരണ ചെയ്യില്ല. ബ്യൂറോക്രാറ്റുകള്‍ ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൈക്കൂലി ഈടാക്കുകയായിരുന്നു. പദ്ധതി കരാര്‍ തുകകള്‍ ഉയര്‍ത്തിയും കൈക്കൂലി സ്വീകരിച്ചും അറസ്റ്റിലായവരാണ് സര്‍ക്കാര്‍ പണം കവര്‍ന്നത്- കിരീടാവകാശി വ്യക്തമാക്കി.