Sorry, you need to enable JavaScript to visit this website.

ട്രാക്ടര്‍ ഓടിച്ചുകൊണ്ട് രാഹുലിന്‍റെ റാലി; കാർഷിക നിയമങ്ങള്‍ മോഡിയുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി

കൽപറ്റ- പ്രധാനമന്ത്രി മോഡി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പുതിയ നിയമങ്ങളുണ്ടാക്കിയതെന്നും കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ  രാഹുല്‍ ഗാന്ധി ആരോപിച്ചു.  കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ട്. പക്ഷേ ദല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ല. കര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പോപ് താരങ്ങള്‍ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യന്‍ സര്‍ക്കാരിന് മാത്രം അതിലൊന്നും താല്‍പര്യമില്ല. ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച് ആളുകള്‍ ആ കാര്‍ഷിക മേഖല കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. അതിനായി അവരെ സഹായിക്കുന്നതാണ് കാര്‍ഷിക നിയമങ്ങള്‍-രാഹുല്‍ ഗാന്ധി പറഞ്ഞു. 

കേരള സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരമാണ് വയനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചതെന്നും   ഇത് മാറ്റാന്‍ കേരള സര്‍ക്കാര്‍ തന്നെ മുന്‍ കൈയ്യെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്.  എഴുപതോളം ട്രാക്ടറുകളുടെ അകമ്പടിയോടെ നടന്ന റാലിയില്‍ കെസി വേണുഗോപാല്‍ എം.പിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും  പങ്കെടുത്തു.

Latest News