സേലം - ദ്രാവിഡ മുന്നേറ്റ കഴകം കക്ഷി ഹിന്ദു വിരുദ്ധരാണെന്നും അവരെ തോൽപ്പിക്കണമെന്നും തമിഴ്നാട്ടിലെ വോട്ടർമാരോട് ആഹ്വാനം ചെയ്ത് ബിജെപി യുവമോർച്ച പ്രസിഡൻ്റ് തേജസ്വി സൂര്യ. ബിജെപി മാത്രമാണ് എല്ലാ 'പ്രാദേശിക ഭാഷ'കളെയും പ്രോത്സാഹിപ്പിക്കുന്നതെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.
"ഡിഎംകെ ഒരു മോശപ്പെട്ടതും അപകടകരമായതുമായ ആശയശാസ്ത്രത്തെ പിന്തുടരുന്നവരാണ്. അത് ഹിന്ദു വിരുദ്ധമാണ്. എല്ലാ തമിഴരും ഹിന്ദുവാണെന്നതിൽ അഭിമാനം കൊള്ളുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ളത് തമിഴ്നാട്ടിലാണ്. തമിഴ്നാടിന്റെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാൽ ഡിഎംകെ ഹിന്ദു വിരുദ്ധരും. അതുകൊണ്ടുതന്നെ അവരെ പരാജയപ്പെടുത്തണം," അദ്ദേഹം പറഞ്ഞു. യുവമോർച്ചയുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ പാർട്ടി തമിഴ്നാടിന്റെയും തമിഴ് ഭാഷയുടെയും സ്പിരിറ്റ് ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കലുമായി ബന്ധപ്പെട്ട് ബിജെപി മുമ്പ് ഏറെ വിമർശനം കേട്ടിരുന്നു. ഈ പ്രശ്നം വലിയ തോതിൽ ഉയർന്നത് ദക്ഷിണേന്ത്യയിൽ നിന്നും, പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നുമായിരുന്നു.
"തമിഴ് ഭാഷ അതിജീവിക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം. കന്നഡ വിജയിക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം": അദ്ദേഹം പറഞ്ഞു.