Sorry, you need to enable JavaScript to visit this website.

ഓഹരി: പുതിയ വാങ്ങലുകാർ ഈ വാരം കരുതലോടെ നീങ്ങണം

ഇന്ത്യൻ ഓഹരി വിപണി നിയന്ത്രണം ഒരിക്കൽ കൂടി കൈപിടിയിൽ ഒതുക്കാനുള്ള നീക്കത്തിലാണ് വിൽപനക്കാർ. ഫെബ്രുവരി ഒന്നിലെ ബജറ്റിന് ശേഷം ബുൾ ഇടപാടുകാരുടെ പൂർണ നിയന്ത്രണത്തിൽ നീങ്ങിയ സെൻസെക്‌സിനും നിഫ്റ്റിക്കും പ്രതിസന്ധികൾക്ക് മുന്നിൽ കാലിടറില്ലെന്ന വിശ്വാസത്തിലാണ് പ്രദേശിക നിക്ഷേപകർ. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ വ്യാഴാഴ്ച നടക്കുന്ന ഫെബ്രുവരി സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി വൻ ചാഞ്ചട്ടത്തിന് ഇടയുണ്ട്. പുതിയ വാങ്ങലുകാർ ഒരുങ്ങുന്നവർ ഈവാരം ഏറെകരുതലോടെ നീക്കങ്ങൾ നടത്തേണ്ട സ്ഥിതിയാണ്. പിന്നിട്ട വാരം സെൻസെക്‌സ് 654 പോയന്റും നിഫ്റ്റി സുചിക 81 പോയന്റും കുറഞ്ഞു. വാരാരംഭത്തിൽ സൂചികകൾ റെക്കോർഡ് പുതുക്കിയെങ്കിലും ഉയർന്നറേഞ്ചിൽ പിടിച്ചു നിൽക്കാൻ ക്ലേശിച്ചതോടെ ഇടപാടുകാർ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചു. 
ബോംബെ സെൻസെക്‌സ് റെക്കോർഡായ 52,516 പോയന്റ് വരെ കയറി. പെടുന്നനെ ഉടലെടുത്ത വിൽപന തരംഗത്തിൽ 50,624 പോയന്റിലേയ്ക്ക് ഇടിഞ്ഞ സെൻസെക്‌സ് ക്ലോസിംഗിൽ 50,889 പോയന്റിലാണ്. ഈവാരം 50,170 ലെതാങ്ങ് നിലനിർത്തി 52,062 ലേയ്ക്ക് തിരിച്ചു വരവിന് മുതിരാം, ആ നീക്കം വിജയിച്ചാൽ അടുത്ത മാസം ആദ്യവാരം 53,200 പോയന്റിനെ വിപണി ലക്ഷ്യമാക്കാം. വ്യാഴാഴ്ച നടക്കുന്ന ഫെബ്രുവരി സെറ്റിൽമെന്റിന് നിഫ്റ്റി ഒരുങ്ങുന്നതിനാൽ കവറിംഗിന് ഇനിയുള്ള ദിവസങ്ങളിൽ ഓപറേറ്റർമാർ മത്സരിക്കാം. പോയവാരം നിഫ്റ്റി 533 പോയന്റ് ചാഞ്ചാടി. റെക്കോർഡായ 15,431 പോയന്റ് വരെ ഉയർന്ന വേളയിലെ വിൽപന സമ്മർദത്തിൽ സൂചിക 14,898 ലേയ്ക്ക് തകർന്ന് ശേഷം ക്ലോസിംഗിൽ 14,981 പോയന്റിലാണ്. ഇടപാടുകൾ നടന്ന അഞ്ചിൽ നാല് ദിവസവും സൂചിക താഴ്ന്നു.  
നിഫ്റ്റി അതിന്റെ 21 ദിവസങ്ങളിലെ ശരാശരിയായ 14,775 മുകളിൽ നീങ്ങുന്നത് പ്രതീക്ഷ പകരുന്നു. അതേസമയം ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 14,570-14,037 റേഞ്ചിലേയ്ക്ക് സാങ്കേതിക തിരുത്തൽ നടത്താം. ഒരുകുതിപ്പിന് ശ്രമിച്ചാൽ 15,310 ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ മാർച്ചിൽ നിഫ്റ്റി 15,636 പോയന്റിനെ ഉറ്റ്‌നോക്കാം.ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ക്യാഷ് മാർക്കറ്റിൽ പ്രതിദിനം 1000 കോടി രൂപയുടെ ഓഹരികൾ വിൽപന നടത്തി. അവർ പിന്നിട്ടവാരം 6284 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ വിദേശ ഓപറേറ്റർമാർ 4408 കോടിയുടെ ഓഹരികൾ വാങ്ങി. മുൻ നിര ഓഹരികളായ ഇൻഫോസീസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ. റെഡീസ്, സൺ ഫാർമ്മ, എം ആന്റ് എം, മാരുതി, ഐ.ടി.സി ഓഹരി വിലകൾ താഴ്ന്നപ്പോൾ ഒ.എൻ.ജി.സി, ആർ.ഐ.എൽ, എസ്.ബി.ഐ എന്നിവ പ്രതിവാര നേട്ടത്തിലാണ്‌ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 72.58 ൽ നിന്ന് 72.56 ലേയ്ക്ക് നീങ്ങി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1823 ഡോളറിൽനിന്ന് 1760 ഡോളറിലേയ്ക്ക് ഇടിഞ്ഞ അവസരത്തിൽ ഓപറേറ്റർമാർ ഷോട്ട് കവറിന് നീക്കം നടത്തിയതിനാൽ ക്ലോസിംഗിൽ വില 1783 ഡോളറാണ്.  അന്താരാഷ്ട്രമാർക്കറ്റിൽ ക്രൂഡ് ഓയിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 61.98 ഡോളർ വരെകയറി, വാരാന്ത്യ ക്ലോസിംഗിൽ നിരക്ക് 58.93 ഡോളറിലാണ്.
 

Latest News