Sorry, you need to enable JavaScript to visit this website.

കാപ്‌ക്കോയുടെ സംഭരണം കുരുമുളക് വിപണിക്ക് ഉണർവേകി  

കേരളത്തിലെയും കർണാടകത്തിലെയും കുരുമുളക് കർഷകർക്ക് താങ്ങ് പകരുകയെന്ന ലക്ഷ്യത്തോടെ കാംപ്‌ക്കോ നടത്തുന്ന മുളക് സംഭരണം വിപണിക്ക് ഉണർവേകി. രണ്ട് സംസ്ഥാന സർക്കാരും സംയുക്തമായി ആരംഭിച്ച സഹകരണ സ്ഥാപനമാണ് കാംപ്‌കോ. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നാണ് തൽക്കാലം ചരക്ക് സംഭരിക്കുക. വൈകാതെ മറ്റ് ഭാഗങ്ങളിലും അവർ സാന്നിധ്യം ഉറപ്പ് വരുത്തും. വിപണി വിലയെക്കാൾ കിലോ പത്ത് രൂപ കൂടുതൽ നൽകുന്നതിനാൽ ചെറുകിട കുരുമുളക് കർഷകർ ചരക്ക് കൈമാറാൻ ഉത്സാഹിച്ചു. മംഗലാപുരം ആസ്ഥാനമായാണ് കാംപ്‌ക്കോ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കർണാടകത്തിലെ കൂർഗിൽനിന്നും ചിക്കമംഗലൂരിൽ നിന്നുള്ള കുരുമുളകും അവർ ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ ഒന്നരമാസമായി സ്റ്റെഡിയായി നീങ്ങിയ മുളക് വില വാരാന്ത്യം ഉയർന്നു. ഗാർബിൾഡ് കുരുമുളക് 34,600 രൂപ. ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് പിൻതള്ളപ്പെട്ട അവസ്ഥയാണ്. ടണ്ണിന് 5000 ഡോളർ നൽകി ചരക്ക് എടുക്കാൻ യുറോപ്യൻ ബയ്യർമാർ തയാറായില്ല. അവർ ഈസ്റ്ററിന് വേണ്ടി വിയെറ്റ്‌നാമിൽനിന്നാണ് മുളക് എടുക്കുന്നത്. നിരക്ക് ടണ്ണിന് 3000 ഡോളർ. 
നാളികേര ഉൽപാദനം കുറയുമെന്ന് വ്യക്തമായതോടെ മില്ലുകാർ വില ഉയർത്തി കൊപ്ര സംഭരിച്ചു. കാലാവസ്ഥാ മാറ്റംമൂലം രാജ്യത്ത് കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഉൽപാദനം പത്ത് ശതമാനം വരെ കുറയുമെന്ന് മനസ്സിലാക്കി കൊപ്ര സംഭരണം ശക്തമാക്കിയത്. കൊപ്ര വില 350 രൂപ ഉയർന്ന് 13,500 രൂപയായി. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 550 രൂപ വർധിച്ച് 20,600 രൂപയായി. 
പുതിയ ചുക്ക് വിൽപനയ്ക്ക് ഇറങ്ങുന്നുണ്ട്. കർണാടകത്തിൽ നിന്നുള്ള ഇഞ്ചി സംസ്‌കരിച്ച ചുക്കാണ് വിൽപനയ്ക്ക് എത്തുന്നത്. അറബ് രാജ്യങ്ങളിൽനിന്നും ചുക്കിന് ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷിയിലാണ് കയറ്റുമതികാർ. തണുപ്പ് കാലം കഴിഞ്ഞതോടെ ഉത്തരേന്ത്യൻ ഡിമാന്റ് കുറഞ്ഞു, ചുക്ക് വില 28,500-30,000 രൂപ. കേരളത്തിലെ തോട്ടങ്ങളിൽ കൂംഭചൂടിൽ മുത്ത് വിളയുകയാണ് ജാതിക്ക. പുതിയ ജാതിക്ക വരവിനായി കാത്ത് നിൽക്കുകയാണ് ഔഷധ നിർമാതാക്കളും കറിമസാല വ്യവസായികളും. വിദേശ ഓർഡറുകളകൾ എത്തുമെന്ന കണക്ക് കൂട്ടലിലാണ് കയറ്റുമതിക്കാർ. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 240-260, തൊണ്ടില്ലാത്തത് 500-550, ജാതിപത്രി 1200-1300 രൂപ.  
റബർ ടാപ്പിംഗ് സ്തംഭിച്ചതോടെ വ്യവസായികൾ കിട്ടുന്ന വിലയ്ക്ക് ചരക്ക് സംഭരിക്കുകയാണ്. കൊച്ചിയിലും കോട്ടയത്തും ഷീറ്റ് ലഭ്യത കുറഞ്ഞതോടെ നാലാം ഗ്രേഡിന് 400 രൂപ ഉയർന്ന് 15,800 ലേയ്ക്ക് കയറി. ഒട്ടുപാലിന് 400 രൂപ കയറി 10,700 ലേയ്ക്ക് കയറിയപ്പോൾ ലാറ്റക്‌സ് 10,500 ലും വിപണനം നടന്നു.  
സ്വർണ വില ഇടിഞ്ഞത് വിവാഹ പാർട്ടികളെ വിപണികളിൽ സജീവമാക്കി. കേരളത്തിൽ പവൻ 35,400 രൂപയിൽ നിന്ന് 34,400 വരെ ഇടിഞ്ഞങ്കിലും ശനിയാഴ്ച്ച 34,600 രൂപയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം 1823 ഡോളറിൽനിന്ന് 1760 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1783 ഡോളറിലാണ്.
 

Latest News