കൊച്ചി- കോവിഡ് മരണം കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ കോവിഡ് ഭീഷണി വിട്ടുമാറിയിട്ടില്ലെന്നും ശ്രദ്ധ മാറിയാല്‍ കോവിഡ് തരംഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നും അവര്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് , ഭാഭാട്രോണ്‍ ടെലികോബാള്‍ട്ട് യൂണിറ്റ് , മൈക്രോബയോളജി ലാബ് , കാസ് കിയോസ്ക് , സ്കില്‍ ലാബ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കൃത്രിമ രോഗപ്രതിരോധ ശേഷി നേടും വരെ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിച്ചേ മതിയാകൂവെന്നു മന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം കാസ് കിയോസ്ക് സ്ഥാപിക്കുമെന്ന്് അവര്‍ അറിയിച്ചു. 210 ആശുപത്രികളില്‍ ഇ -ഹെല്‍ത്ത് സംവിധാനം കൊണ്ടുവന്നു. ആരോഗ്യ മേഖലയില്‍ ഇത്തരം ധാരാളം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ കോവിഡിനെതിരെ പോരാടുവാനും ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞു. പൊതു ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് കൊണ്ടാണ് കേരള മോഡല്‍ എന്ന വിശേഷണം തന്നെ നമുക്കുള്ളതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ആരോഗ്യമേഖലയില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സഹകരണമുണ്ടെന്നും മന്ത്രി എന്ന നിലയില്‍ ഇതെല്ലാം കൂട്ടിയോജിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.