ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ മരുന്നു നിര്‍മാണത്തിന് ഒരു തരത്തിലുള്ള പരമ്പരാഗത ചികിത്സാ രീതികള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
പതഞ്ജലിയുടെ കൊറോണില്‍ എന്ന കോവിഡ് പ്രതിരോധ മരുന്നിന് അംഗീകാരം ലഭിച്ചു എന്ന ബാബ രാംദേവിന്റെ അവകാശങ്ങളെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.
കോവിഡ് ചികിത്സയ്ക്കായി ഒരു തരത്തിലുള്ള പരമ്പരാഗത ചികിത്സാ രീതിക്കോ മരുന്നിനോ അനുമതി നല്‍കിയിട്ടില്ല എന്നാണ് ഡബ്യൂഎച്ച്ഒ ട്വിറ്ററില്‍ വ്യക്തമാക്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പതഞ്ജലിയുടെ കൊറോണിലിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബ രാംദേവ് അവകാശപ്പെട്ടത്.
ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരമുണ്ടെന്നും കൊറോണില്‍ വില്‍പനയ്ക്ക് തയാറാണെന്നും വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ സ്‌കീം അനുസരിച്ചുള്ള കൊറോണിലിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു എന്നായിരുന്നു പതഞ്ജലിയുടെ അവകാശവാദം. മന്ത്രിമാരായ ഹര്‍ഷ് വര്‍ധന്‍, നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലാണ് പതഞ്ജലിയുടെ മരുന്ന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് രാംദേവ് പറഞ്ഞത്.






