ബംഗാളില്‍ സി.ബി.ഐ നീക്കം ഊർജിതം; അഭിഷേക് ബാനർജിയുടെ ഭാര്യയെ തേടി വീട്ടില്‍

കൊല്‍ക്കത്ത- കല്‍ക്കരി കള്ളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്  മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ റുജുര ബെനര്‍ജിക്ക് സി.ബി.ഐ സമന്‍സ്.
കേസില്‍ സമന്‍സ് നല്‍കാന്‍ സി.ബി.ഐ സംഘം ഇന്ന് കൊല്‍ക്കത്തയിലെ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തി. എന്നാല്‍ റുജുര  വീട്ടിലില്ലായിരുന്നു. ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസ് വീട്ടുകാര്‍ക്ക് കൈമാറിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. റുജുര വീട്ടിലുണ്ടെന്ന വിവരം ലഭിച്ചാല്‍   ചോദ്യം ചെയ്യാനായി ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

കല്‍ക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പതിവായി കൈക്കൂലി നല്‍കി എന്നാണ് ആരോപണം.

അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലിന്റെ യുവജന വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായ വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നും പറയുന്നു.

ഒളിവില്‍ കഴിയുന്ന വിനയ് മിശ്രയുടെ വീട്ടില്‍ ഡിസംബര്‍ 31 ന് സി.ബി.ഐ  റെയ്ഡ് നടത്തിയിരുന്നു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.

ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ് കമ്പനിക്കു കീഴിലുള്ള കുനുസ്‌തോറിയ, കജോറിയ കല്‍ക്കരി പാടങ്ങളില്‍ അനധികൃത ഖനനം നടത്തിയതായും കല്‍ക്കരി മോഷ്ടിച്ചതായുമാണ്  കേന്ദ്ര ഏജന്‍സി കഴിഞ്ഞ നവംബറില്‍ ഫയല്‍ ചെയ്ത കേസ്.

കല്‍ക്കരി കുംഭകോണത്തില്‍ ഡയമണ്ട് ഹാര്‍ബര്‍ എംപി അഭിഷേക് ബാനര്‍ജിക്ക് പങ്കുണ്ടെന്ന് ബിജെപി ദീര്‍ഘകാലമായി ആരോപിച്ചുവരികയാണ്. കല്‍ക്കരി കള്ളന്‍ എന്നാണ് പാര്‍ട്ടി അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.
സംസ്ഥാനത്ത്  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സി.ബി.ഐ നടപടികള്‍ ഊര്‍ജിതമാക്കിയതെന്ന ആരോപണമുണ്ട്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.


അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി മമതയുടെ രാഷ്ട്രീയ പിന്‍ഗാമിയായാണ് വിശേഷിപ്പിക്കാറുള്ളത്.  പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ച നിരവധി നേതാക്കളെ നിരാശരാക്കിയിരുന്നു. അവരില്‍ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തു.

 

 

Latest News