റിയാദ് - ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് വാറ്റ് നിയമാവലി വ്യക്തമാക്കി. വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വാറ്റ് ബാധകമാണ്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് ഒഴികെയുള്ള മുഴുവന്‍ ഇന്‍ഷുറന്‍സ് ഉല്പന്നങ്ങള്ക്കും വാറ്റ് ബാധകമായിരിക്കും.
ജനുവരി ഒന്നു മുതല്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതി നിലവില്‍വരും. അഞ്ചു ശതമാനം വാറ്റ് ആണ് ബാധകമാക്കുക. പ്രതിവര്‍ഷം പത്തു ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ 20 നു മുമ്പായി മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള സേവനങ്ങള്‍ വിലക്കുകയും ചെയ്യും.