ന്യൂദൽഹി- 17 വയസ്സുള്ള പെൺകുട്ടിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. രോഹിണിയിലെ ബീഗംപൂർ ഏരിയയിലാണ് സംഭവം. 25കാരനായ ലൈക് ഖാൻ എന്നയാളാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട നീതു പ്രതിയെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പെൺകുട്ടിയും കുടുംബവും നേരത്തെ താമസിച്ചിരുന്ന ബവാന ഏരിയയിൽ അവരുടെ അയൽവാസിയായിരുന്നു ലൈക് ഖാൻ. അയൽവാസികളുമായി നല്ല ബന്ധം പുലർത്തിയിരുന്ന പെൺകുട്ടിയുടെ കുടുംബം പിന്നീട് ബീഗംപൂരിലേക്ക് താമസം മാറുകയായിരുന്നു.
ലൈക് ഖാൻ ഇടക്കിടെ ഇവരുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും ലൈക് വന്നു. അന്ന് അത്താഴം അവിടെയാക്കാനായിരുന്നു പരിപാടി. പെൺകുട്ടിയുടെ സഹോദരനും കസിനും പുറത്തേക്ക് എന്തോ വാങ്ങാനായി പോയപ്പോഴാണ് ഇയാൾ കൊലപാതകം നടത്തിയത്. ലൈക് വീട് ലോക്ക് ചെയ്യുന്നതും ഓടി രക്ഷപ്പെടുന്നതും പ്രദേശവാസികൾ കണ്ടിരുന്നു.തലയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് നീതു മരിച്ചതെന്നാണ് റിപ്പോർട്ട്.