Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സർക്കാർ നടത്തുന്നത് ആഴക്കടൽ മത്സ്യ ക്കൊള്ള;കൂടുതൽ രേഖ പുറത്തുവിട്ട് ചെന്നിത്തല

തിരുവന്തപുരം- ആഴക്കടൽ കടൽക്കൊള്ള പ്രശ്‌നത്തിൽ ഇ.എം.സി.സി എന്ന അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാർത്ഥ വസ്തുതകൾ മറച്ചുപിടിക്കാനുള്ള സർക്കാരിന്റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, ഇ.പി. ജയരാജൻ എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾ പരസ്പരവിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും ഉരുണ്ടു കളിക്കുമ്പോൾ കേരളത്തിലെ മൽസ്യത്തൊഴിലാളികളെ നിത്യ നരകത്തിലേക്ക് തള്ളിവിടുന്ന തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണ്.
പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി കള്ളം മാത്രം പറയുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. ഞാൻ ഈ കടൽകൊള്ള ആദ്യം ഉന്നയിച്ചപ്പോൾ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോർക്കിൽ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്നായി. കേരളത്തിൽവച്ച് ഇവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇ.എം.സി.സി അധികൃതരുമായി ഈ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഫോട്ടോ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചർച്ച ചെയ്തു, എന്നാൽ ഈ പദ്ധതി നടപ്പിലാകില്ലെന്ന്  പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നായി പുതിയവാദം. നാലേക്കർ സ്ഥലം പള്ളിപ്പുറത്ത് അവർക്ക് നല്കിയിട്ടാണ്  ഈ പച്ചക്കള്ളം.
മന്ത്രി ഇ.പി ജയരാജൻ പറഞ്ഞത് രസകരമായ കാര്യമാണ്. ഇ.എം.സി.സിക്കാരെ പറഞ്ഞുവിട്ടത് പ്രതിപക്ഷ നേതാവ് ആണ് എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വർഷം മുമ്പ് തന്നെ,  അതായത് 2018 ൽ ന്യൂയോർക്കിൽ മന്ത്രി മേഴ്‌സികുട്ടിയമ്മയെ കാണാൻ ഇ.എം.സി.സിക്കാരെ പ്രതിപക്ഷ നേതാവ് വിമാന ടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ഇ.പി. ജയരാജൻ പറയുന്നത്?
ഇ.എം.സി.സിക്കാർ വളരെ രഹസ്യമായി മന്ത്രി ഇ.പി.ജയരാജന് നൽകിയ അപേക്ഷ എങ്ങനെ പ്രതിപക്ഷനേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും. മുൻപും കിട്ടിയിട്ടണ്ട്. മന്ത്രി ഇ.പി ജയരാജൻ സ്വന്തം ലറ്റർ പാഡിൽ, സ്വന്തം കയ്യക്ഷരത്തിൽ  മരുമകന് ജോലി കൊടുക്കാൻ ഇറക്കിയ  ഉത്തരവ് എനിക്ക് കിട്ടിയതും മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നതും ഇത്ര പെട്ടെന്ന് മുഖ്യമന്ത്രി മറന്നോ? 
സത്യം മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി കൗശലപൂർവ്വം  ഒരു കാര്യം പറയുകയുണ്ടായി. ഈ മാസം 11 ന് ഇ.എം.സി.സി.യുടെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്ന രണ്ടുപേർ വ്യവസായ മന്ത്രിയുടെ ഓഫീസിൽ ചെന്നെന്നും അസന്റിൽ സമർപ്പിച്ച ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ഗവേഷണത്തിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ  അംഗീകാരം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.ആഴക്കടലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് ഗവേഷണം നടത്താനല്ല അവർ വന്നത്.  മത്സ്യബന്ധനം തന്നെയാണ് പദ്ധതി.  ഗവേഷണം എന്ന് വെറുതെ പേരിട്ടിരിക്കുന്നെന്നേയുള്ളൂ. മുഖ്യമന്ത്രി കൗശലപൂർവ്വം അത് ഗവേഷണം മാത്രമാക്കി.
ഇ.പി. ജയരാജന് അവർ നല്കിയ അപേക്ഷയാണ് പ്രതിപക്ഷനേതാവിന് കിട്ടിയതെന്നും അതിലെ വിവരങ്ങളാണ് കരാറെന്ന മട്ടിൽ പ്രചരിക്കുന്നതെന്നും സർക്കാരിന്റെ ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രിക്ക് ആ ഖേദം വേണ്ട. രണ്ടു രേഖകൾ കൂടി ഇന്ന് പുറത്തുവിടുകയാണ്.  2020 ൽ അസന്റിൽ വച്ച് ഇ.എം.സി.സിയും സർക്കാരും തമ്മിൽ ഒപ്പുവച്ച എം.ഒ.യുവും ഇ.എം.സി.സിയ്ക്ക് ചേർത്തല പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവും.
മേഴ്‌സികുട്ടിയമ്മ പറയുന്നതുപോലെ ഏതോ അസന്റിൽ ആരോ ഒപ്പുവച്ച എം.ഒ.യു ഒന്നും അല്ല. സർക്കാർ തന്നെ ഒപ്പുവച്ച എം.ഒ.യു ആണ്. ഇത് അസന്റിൽ വയ്ക്കുന്നതിന് മുമ്പ് ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി 2019  ഓാഗസ്റ്റ് രണ്ടിന് ഇ.എം.സി.സി ചർച്ച നടത്തുകയും വിശദമായ കോൺസെപ്റ്റ് ലെറ്റർ നല്കുകയും ചെയ്തിട്ടുണ്ട്.ഇടതുസർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് ഇതെങ്കിൽ കോൺസെപ്റ്റ് ലെറ്റർ കിട്ടിയപ്പോൾ തന്നെ അത് തള്ളിക്കളയാമായിരുന്നില്ലേ? എന്തിന് അസന്റിൽ വച്ച് എം.ഒ.യു ഒപ്പിട്ടു?
സംസ്ഥാനത്തിന്റെ മത്സ്യനയത്തിൽ 2018 ൽ വരുത്തിയ മാറ്റമനുസരിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്.   പുറം കടലിൽ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകും എന്നാണ് നയത്തിൽ പറയുന്നത്. ഇത് വിദേശകപ്പലുകളെ ഉദ്ദേശിച്ചുള്ളവയല്ലെന്നും തദ്ദേശീയമായ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും ഉദ്ദേശിച്ചതാണെന്നുമാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ പറയുന്നത്.
അവിടെയാണ് ഈ പദ്ധതിയുടെ കള്ളക്കളി കിടക്കുന്നത്. ഇ.എം.സി.സിയുടെ പദ്ധതിയിൽ പറയുന്നതും തദ്ദേശീയ മത്സ്യത്തൊഴിലാളികളെ കുറിച്ചാണ്. ഇ.എം.സി.സി തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ പോകുന്നത്. ഇ.എം.സി.സി നൽകുന്ന ട്രോളറുകളിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾ പോയി മീൻപിടിക്കും. അത് ഇ.എം.സി.സിയുടെ കപ്പലുകൾക്ക് നൽകും. അത് കേരളത്തിൽ ഇ.എം.സി.സി.യുടെ സംസ്‌ക്കരണ ശാലകളിൽ സംസ്‌ക്കരിക്കും. ഇ.എം.സി.സി അത് കയറ്റുമതി ചെയ്യും.നമ്മുടെ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സർക്കാർ എം.ഒ.യു ഒപ്പിട്ടിരിക്കുന്നത്.ഇത് നടപ്പാവുന്നതോടെ ഗുജറാത്ത് തീരം പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും വഴിയാധാരമാകും. അവർ വെറും കൂലിക്കാരാകും. 
തട്ടിപ്പിനായി ഒരുക്കൂട്ടിയ എം.ഒ.യുകൾ റദ്ദാക്കാതെ കുറ്റം ഉദ്യോഗസ്ഥരുടെ മേൽ ചാരിവച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. 400 ട്രോളറുകളും കപ്പലുകളും നിർമ്മിക്കുന്നതിന് എം.ഒ.യു ഒപ്പുവച്ച കെ.എം.ഐ.എൻ.സി.യുടെ എം.ഡി. എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളാണെന്ന ഒളിയമ്പ് പല ഭാഗത്തുനിന്നും വരുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്നത് ശരിയാണ്. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട്  കളക്ടറായി. അത് കഴിഞ്ഞ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെയും െ്രെപവറ്റ് സെക്രട്ടറിയായിരുന്നു.അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ കാര്യമാണ്. അതും ഇതും തമ്മിൽ കൂട്ടിക്കുഴക്കേണ്ട.
മുഖ്യമന്ത്രിയോട് ഇനിയും ചോദ്യങ്ങളുണ്ട്. ഇ.എം.സി.സി ഇന്റർനാഷണലിന്റെ സി.ഇ.ഒ ഡുവൻ ഇ ഗെരൻസർ എന്നയാളെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹവുമായി ചർച്ച നടത്തിയിട്ടുണ്ടോ.? മുഖ്യമന്ത്രി ഒന്ന് ഓർത്തു നോക്കൂ. മുൻപ് സ്വപ്നാ സുരേഷിനെ കണ്ട കാര്യം അദ്ദേഹം ആദ്യം ഓർത്തിരുന്നില്ല. പിന്നീടാണ് ഓർമ്മ വന്നത്. 
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നായിരുന്നു സി.പി.എമ്മിന്റെ പഴയ മുദ്രാവാക്യം. ഇപ്പോൾ അറബിക്കടലിനെ! അമേരിക്കക്കാരുടെ കപ്പലുകളിൽ നിറയ്ക്കാനാണ് സി.പി.എം തത്രപെടുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Latest News