ചെന്നൈ-കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുല്‍ കുമാറാണ് അറസ്റ്റിലായത്. ഭാര്യ കീര്‍ത്തനയെ കഴുത്തറുത്ത ശേഷം ദേഹത്തൂടെ കാര്‍ കയറ്റിയിറക്കിയാണ് ഗോകുല്‍ മരണം ഉറപ്പാക്കിയത്.ചെന്നൈ ഡിണ്ടിവനം സ്വദേശിയാണ് ഗോകുല്‍ കുമാര്‍. നഗരത്തിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരാണ് കീര്‍ത്തന. ഇരുവരും മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹതിരായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഗോകുല്‍ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചു. ഇതേച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്നതും പതിവായി.
ഇതിനിടെ കീര്‍ത്തനയും ഗോകുലും മേല്‍ മര്‍വ്വത്തൂരിലെ കീര്‍ത്തനയുടെ വീട്ടിലേക്കു താമസം മാറ്റി. എന്നാല്‍ ഇരുവരും തമ്മിലുള്ള കലഹംശക്തമായതോടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹ മോചന നടപടികളും തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് വഴക്കിനിടെ അടുക്കളയിലേക്കു പോയ ഗോകുല്‍ കറിക്കത്തിയുമായെത്തി കീര്‍ത്തനയെ ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ഗോകുല്‍ ആക്രമിച്ചു. തുടര്‍ന്ന് കഴുത്തറ്റ കീര്‍ത്തനയെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചു.പോര്‍ച്ചില്‍ നിന്നും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പലതവണ കീര്‍ത്തനയുടെ ദേഹത്തിലൂടെ കയറ്റിയിറക്കി മരണം ഉറപ്പാക്കി. കൊലയ്ക്കു ശേഷം ഗോകുല്‍ കാറുമായി പുറത്തേക്ക് പോയി. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് കീര്‍ത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ- തിരുച്ചിറപ്പളളി ദേശീയ പാതയില്‍ ആര്‍തുര്‍ ടോള്‍ പ്ലാസയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയില്‍ കണ്ടെത്തി.






