കണ്ണൂർ - മാസങ്ങളോളം അന്വേഷണം നടത്തിയിട്ടും തുമ്പു കിട്ടിയില്ലെന്നു പറഞ്ഞ് അഴീക്കോട് എം.എൽ.എ കെ.എം.ഷാജിക്കെതിരെയുള്ള വധഭീഷണി കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് കാണിച്ച് ഷാജിയാണ് ശബ്ദരേഖകൾ സഹിതം കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പാപ്പിനിശ്ശേരി സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ തേജസ് എന്നയാളാണ് സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമായി. തുടർന്ന് കേസ് വളപട്ടണം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്യുകയും സി.ഐ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. മുംബൈയിലെ ക്വട്ടേഷൻ സംഘാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഗൂഢാലോചന അടക്കുള്ള തെളിവുകൾ കണ്ടെത്താനാവാത്തതിനെത്തുടർന്നാണ് ഈ നടപടി.
മുംബൈയിലെ ക്വട്ടേഷൻ സംഘത്തിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ക്വട്ടേഷൻ സംഘാംഗങ്ങളായ നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തേജസിന്റെ അടുത്ത സുഹൃത്തായ യൂനുസ് എന്നയാൾ വഴിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്നായിരുന്നു സൂചന ലഭിച്ചത്. മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും യൂനുസ് എന്നയാളെ കണ്ടെത്താനായില്ല.
ഷാജിയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സന്ദേശം അടക്കം പരാതിക്കൊപ്പം നൽകിയിരുന്നു. പണവും ആയുധങ്ങളും സംഘടിപ്പിക്കണമെന്നും മറ്റും ഇതിൽ നിർദേശം നൽകുന്നുമുണ്ട്. പരാതിയിൽ പറഞ്ഞ തേജസിനെ ചോദ്യം ചെയ്തപ്പോൾ തുടക്കം മുതൽ തനിക്കിതിൽ പങ്കില്ലെന്നാണ് അറിയിച്ചത്. സി.പി.എം കുടുംബത്തിൽപെട്ട ആളാണെങ്കിലും കെ.എം.ഷാജിയുമായി വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ വിരോധമില്ലെന്ന നിലപാടിൽ ഇയാൾ ഉറച്ചു നിൽക്കുകയും ചെയ്തു. തേജസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിരുന്നു. വർഷങ്ങളായി മുംബൈയിൽ ബിസിനസ് നടത്തിവരുന്ന തേജസ്, ഇതുവരെ ക്രിമിനൽ കേസുകളിലൊന്നും പങ്കാളിയായിട്ടില്ല. തേജസിനെ കുടുക്കാൻ ശത്രുക്കളാരോ ചെയ്തതാണ് ഈ വധ ഭീഷണിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനായി വിദേശ മെയിൽ ഐ.ഡി നാട്ടിൽ തന്നെ വ്യാജമായി നിർമിക്കുകയും ചെയ്തുവെന്നാണ് സൂചന. വധഭീഷണിയിൽ ഗൂഢാലോചനകൾ നടന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ച വിവരം.