Sorry, you need to enable JavaScript to visit this website.

അത് വ്യാജവാര്‍ത്ത; സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കില്ല

റിയാദ് - കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നതിന് ചുമത്തുന്ന പിഴകളെയും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനെയും ബന്ധിപ്പിച്ചിട്ടില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിച്ചതിന് ചുമത്തിയ പിഴകള്‍ ഒടുക്കല്‍ നിര്‍ബന്ധമാണെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ നിയമാനുസൃത ഫീസ് അടക്കുകയും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കുകയും മെഡിക്കല്‍ നടത്തുകയും വേണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ 'അബ്ശിറി'ലെ സ്വന്തം അക്കൗണ്ടുകള്‍ വഴി ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ വ്യവസ്ഥ മുന്‍കരുതലുകള്‍ ലംഘിക്കുന്നതിന് ചുമത്തുന്ന പിഴകള്‍ക്ക് ബാധകമല്ല എന്നാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

 

Latest News