Sorry, you need to enable JavaScript to visit this website.

പാംഗോങ് പിൻമാറ്റം പൂർത്തിയായി; ഇന്ന് മറ്റ് പ്രശ്നമേഖലകളിന്മേൽ ചർച്ച

ന്യൂദൽഹി- ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്കും തെക്കുമുള്ള തീരങ്ങളിൽ നിന്ന് ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും പിൻമാറ്റം പൂർത്തിയാക്കിയതായി റിപ്പോർട്ട്. നിയന്ത്രണരേഖകളിലെ പിൻമാറ്റങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിച്ചതോടെ അതിർത്തിയിലെ മറ്റിടങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള അവസരമൊരുങ്ങി. ഇരുരാജ്യങ്ങളുടെയും മുതിർന്ന കമാൻഡർമാർ ഇന്ന് മേഖലയിലെ മറ്റ് സംഘർഷമേഖലയിലെ പിൻമാറ്റങ്ങളെക്കുറിച്ച് ചർച്ച നടത്തും. ബുധനാഴ്ച തന്നെ സായുധ ടാങ്കുകളും സൈന്യവുമെല്ലാം പാംഗോങ്ങിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇക്കാര്യം പക്ഷെ, ഇരുകൂട്ടരും പരസ്പരം പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. ഇത് വ്യാഴാഴ്ച തന്നെ നടന്നു.

ജനുവരി 14ന് നടന്ന ഒമ്പതാം റൌണ്ട് ചർച്ചകളിൽ തീരുമാനമായതെല്ലാം നേടിക്കഴിഞ്ഞെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ചൈന കെട്ടിപ്പൊക്കിയ എല്ലാ താൽക്കാലിക എടുപ്പുകളും നീക്കം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും റാചിൻ ലാ, റസാങ് ലാ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയും പിൻമാറിയിട്ടുണ്ട്. ഇതും കരാറിന്റെ ഭാഗമാണ്. ഈ പിൻമാറ്റങ്ങൾ സാധ്യമായതോടെ വരാനിരിക്കുന്ന യോഗങ്ങളിൽ കൂടുതൽ മികച്ച ഫലങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും സർക്കാർ വൃത്തങ്ങൾ പങ്കുവെക്കുന്നു. ഇന്ന് കോർപ്സ് കമാൻഡർ തല കൂടിക്കാഴ്ച തുടങ്ങും. മോൾഡോ ബോർഡർ പോയിന്റിൽ വെച്ചാണ് ചർച്ച. പാംഗോങിലെ പിൻമാറ്റം പൂർത്തിയായാൽ 48 മണിക്കൂറിനകം അടുത്ത ചർച്ച തുടങ്ങണമെന്നതും ഇരുരാജ്യങ്ങളും എത്തിച്ചേർന്നിട്ടുള്ള ഉടമ്പടിയാണ്.

Latest News