ഡോളര്‍ കടത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

കൊച്ചി- നയതന്ത്ര ചാനലിലൂടെയുള്ള ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. അടുത്ത മാസം ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. സ്പീക്കറെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കസ്റ്റംസ് പിന്‍മാറിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡോളര്‍ കടത്ത് ആഴത്തിലുള്ള പരിശോധനക്ക് വിധേയമാക്കുകയാണ്.
മസ്‌കത്തില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന സ്പീക്കറുടെ സുഹൃത്തായ പൊന്നാനിക്കാരന്‍ ലഫീര്‍ മുഹമ്മദിനെയും സ്പീക്കര്‍ക്ക് സ്വന്തം പേരില്‍ സിം എടുത്തു നല്‍കിയ നാസറിനെയും ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയായി നിരന്തരം ചോദ്യം ചെയ്തുവരുന്നുണ്ട്. നയതന്ത്ര ചാനലില്‍ വിദേശത്തേക്ക് കടത്തിയ ഡോളര്‍ പ്രതിപ്പട്ടികയിലുള്ള ഈജിപ്ഷ്യന്‍ പൗരനായ യു.എ.ഇ കോണ്‍സുലേറ്റിലെ ചീഫ് എക്കൗണ്ടന്റ് ഖാലിദില്‍നിന്ന് വാങ്ങിയത് ലഫീര്‍ മുഹമ്മദാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഡോളര്‍ കടത്തിയതിന് പിന്നില്‍ സ്പീക്കറുടെ താല്‍പര്യമുണ്ടെന്ന് സ്വപ്‌ന സുരേഷും പി.എസ് സരിത്തും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലും കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം സ്പീക്കറിലേക്ക് നീണ്ടത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90ലക്ഷം യു.എസ് ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചാണ് ദുബായിലേക്ക് കടത്തിയത്. ഇത് ആര്‍ക്ക് വേണ്ടിയാണെന്നതു സംബന്ധിച്ച വ്യക്തമായ മൊഴി സ്വപ്‌നയും സരിത്തും കോടതിയില്‍ നല്‍കി. ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനൊപ്പം സ്വപ്‌നയും സരിത്തും ദുബായിലേക്ക് പോയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് കൈമാറ്റം നടന്നത്. സ്പീക്കറുടെ സുഹൃത്തായ ലഫീര്‍ മുഹമ്മദിന് ഡോളര്‍ കൈമാറിയതിന് പിന്നിലുള്ള താല്‍പര്യങ്ങളിലൂന്നിയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് ഡോളര്‍ കടത്തിന്റെ മറവില്‍ നടന്നതെന്ന് അവര്‍ കരുതുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്ന പരിശോധനയാണ് നടന്നുവരുന്നത്. ലഫീര്‍ മുഹമ്മദിന്റെയും സഹോദരന്റെയും ബാംഗളൂരിലെ ഓഫീസിലും പൊന്നാനിയിലെ വീട്ടിലും  ഇ.ഡി നടത്തിയ റെയ്ഡില്‍ ചില വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇയാളെ തുടര്‍ച്ചയായി ചോദ്യം ചെയ്തു വരുന്നത്.

 

Latest News