റിയാദ് - ഈജിപ്തില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും മുസ്‌ലിം സംഘടനകളും അപലപിച്ചു. ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വെല്ലുവിളികള്‍ നേരിടുന്നതിന് സൗദി അറേബ്യ ഈജിപ്തിനൊപ്പം നിലയുറപ്പിക്കുമെന്നും രാജാവ് പറഞ്ഞു. ആക്രമണത്തെ അപലപിച്ചും അനുശോചനം അറിയിച്ചും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ പ്രസിഡന്റിന് സന്ദേശമയച്ചു. ആക്രമണത്തെ അപലപിക്കുന്നതായി സൗദി വിദേശ മന്ത്രാലയ വൃത്തങ്ങളും പറഞ്ഞു.
തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ ഈജിപ്തിനൊപ്പം നിലയുറപ്പിക്കുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ഗള്‍ഫ് സഹകരണ കൗണ്‍സിലും മുസ്‌ലിം വേള്‍ഡ് ലീഗും അറബ് ലീഗും ആക്രമണത്തെ അപലപിച്ചു. ഇസ്‌ലാമിന്റെയും ഈജിപ്തിന്റെയും ശത്രുക്കളാണ് ആക്രമണം നടത്തിയതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു.