Sorry, you need to enable JavaScript to visit this website.

വർഗീയതയുടെ വിളവെടുപ്പ്‌

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വർഗീയത വിളയുന്നതും വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യാനുസരണം അതിൽനിന്ന് വിളവെടുപ്പ് നടത്തുന്നതും പുത്തരിയല്ല. ഇതാകട്ടെ, കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസവുമല്ല. ഓരോ പാർട്ടിയും വർഗീയവികാരം ഇളക്കിവിട്ട് ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുകയും അത് വോട്ടാക്കി മാറ്റുകയും എതിർ രാഷ്ട്രീയ കക്ഷികളെ വർഗീയതയുടെ പേരിൽ ആക്ഷേപിക്കുകയും ചെയ്യുന്ന കൗതുകകരവും അതേസമയം പരിഹാസ്യവുമായ ഏർപ്പാടിന്റെ പേരാണ് തെരഞ്ഞെടുപ്പ് പ്രചാരണം. മതേതര പാർട്ടികളും മതപാർട്ടികളുമൊന്നും ഈ പൊതുധാരയിൽനിന്ന് വേറിട്ടു നിൽക്കുന്നില്ല എന്നതും വസ്തുതയാണ്.
2021 പിറന്നതു മുതൽ കേരളത്തിൽ വിവിധ ധാരകളിൽപെട്ട വർഗീയതയെക്കുറിച്ച ചർച്ചകൾ സജീവമാണ്. ഇത് തെരഞ്ഞെടുപ്പ് വർഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ഫലം വന്നതു മുതൽ തന്നെ ഈ പ്രവണത ദൃശ്യമായിത്തുടങ്ങി. നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ ദുഷ്പ്രവണതക്ക് തുടക്കമിട്ടത് സി.പി.എം തന്നെയാണ്. 


കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുകയും എ. വിജയരാഘവൻ തൽസ്ഥാനത്തേക്ക്  അവരോധിക്കപ്പെടുകയും ചെയ്തതോടെ ആസന്നമായ തെരഞ്ഞെടുപ്പിൽ പുതിയൊരു കളിക്ക് ഇടം നൽകുകയാണെന്ന പരോക്ഷ പ്രഖ്യാപനമാണ് പാർട്ടി നടത്തിയത്. വിജയരാഘവൻ നിരാശപ്പെടുത്തിയതുമില്ല.
ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും ഇരുകൈകളിലുമിട്ട് അമ്മാനമാടിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര തുടരുന്നത്. ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളോട് പറയാൻ ഏറെയുള്ളപ്പോഴാണ് ഈ ഞാണിൻമേൽകളിയെന്ന് കൂടി അറിയണം. നിരവധി പ്രതിസന്ധികൾക്കിടയിലും മോശമല്ലാത്ത ഭരണം കാഴ്ചവെച്ച ഒരു സർക്കാരിന്റെ പ്രോഗ്രസ് കാർഡുമായാണ് പിണറായി വിജയൻ സർക്കാർ തെരഞ്ഞെടുപ്പ് നേരിടുന്നത്. വർഗീയതക്കും ഫാസിസത്തിനുമെതിരായ രാഷ്ട്രീയ നിലപാടുകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർത്തിപ്പിടിക്കുന്നതിൽ അപാകവുമില്ല. എന്നാൽ അത്തരം നിലപാട് ഉയർത്തിപ്പിടിക്കുകയല്ല, മറിച്ച് വർഗീയ പ്രീണനം നടത്തുകയാണെന്ന സംശയമുയരുന്ന മട്ടിലാണ് വിജയരാഘവന്റെ നേതൃത്വത്തിലുള്ള പ്രചാരണം മുന്നേറുന്നത്. 


ഭൂരിപക്ഷ വോട്ടിനൊപ്പം, പ്രബലമായ ഒരു ന്യൂനപക്ഷത്തിന്റെ വോട്ട് കൂടി ലഭിക്കുകയാണെങ്കിൽ ഭരണത്തുടർച്ച ഉറപ്പാക്കാമെന്ന ലളിതമായ കണക്കാണ് ഈ നിലപാടിന് പിന്നിലെന്ന് വേഗത്തിൽ മനസ്സിലാക്കാം. ക്രിസ്ത്യൻ വോട്ടുകളിലാണ് ഇത്തവണ കണ്ണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ബി.ജെ.പിക്കെതിരായ നിലപാട് മൂലം മുസ്‌ലിം വോട്ടുകൾ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ കോൺഗ്രസിന് പോകുമോ എന്ന പേടി. രണ്ട്, ബി.ജെ.പിയോട് അയിത്തമില്ലാത്ത ക്രിസ്ത്യൻ സഭകൾ സമീപകാലത്ത് സ്വീകരിച്ച മുസ്‌ലിം വിരുദ്ധ നിലപാട്. ഒരേസമയം, ഹിന്ദുവോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും സമാഹരിക്കാനാവും എന്ന ചിന്തയാണ് മുസ്‌ലിം ലീഗിനോടെന്ന മട്ടിൽ പൊതുവെ മുസ്‌ലിം വിരുദ്ധമെന്ന് തോന്നിക്കുന്ന ഒരു നിലപാടിലേക്ക് അവരെ എത്തിച്ചതെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 


മറുവശത്ത്, തദ്ദേശ തെരഞ്ഞെടുപ്പോടെ പതറിപ്പോയ കോൺഗ്രസും യു.ഡി.എഫും പുതിയ പോർമുഖം തുറക്കാനുള്ള ശ്രമത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വെള്ളം കുടിപ്പിച്ച ശബരിമല തന്നെയാണ് ഉമ്മൻ ചാണ്ടി അവർക്കെതിരെ പ്രയോഗിച്ച പ്രധാന ആയുധം. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾ പൊതുവെ കേരള രാഷ്ട്രീയത്തിൽ മങ്ങിനിൽക്കവേയാണ് ഇക്കാര്യത്തിൽ സർക്കാരിന് പ്രതികരിക്കാതിരിക്കാനാവാത്ത വിധമുള്ള ചോദ്യശരങ്ങൾ ഉമ്മൻ ചാണ്ടി പ്രയോഗിച്ചത്. അദ്ദേഹത്തെ ഈ തെരഞ്ഞെടുപ്പിന്റെ ചുമതല ഹൈക്കമാന്റ് ഏൽപിച്ചത് വെറുതെയായില്ല എന്നതിന്റെ തെളിവായിരുന്നു അത്. ഉണക്കച്ചില്ലയിൽ തീ പടരുന്നതുപോലെ ശബരിമല വിഷയം കേരള രാഷ്ട്രീയ ചർച്ചകളിൽ ആളിപ്പടരുന്നതാണ് പിന്നീട് കണ്ടത്. വർഗീയത യാതൊരു മറയും മറവുമില്ലാതെ നമ്മുടെ പൊതുബോധത്തിലേക്ക് ആണിയടിച്ചുകയറ്റുകയായിരുന്നു രണ്ടു മുന്നണികളും. ബി.ജെ.പിയാകട്ടെ, ഇരു മുന്നണികളെയും എതിർക്കുന്നുവെന്ന ഭാവേന ഹിംസാത്മക വർഗീയത തരാതരം പ്രയോഗിക്കുന്നുമുണ്ട്. 


ന്യൂനപക്ഷ വർഗീയതയാണോ ഭൂരിപക്ഷ വർഗീയതയാണോ അപകടം എന്ന നിരർഥക ചോദ്യമാണ് പൊതുവെ ഉയർന്നുകേൾക്കുന്നത്. താരതമ്യേന അപകടം കുറഞ്ഞതിനെ കൂടെക്കൂട്ടാമെന്ന പരോക്ഷ ചിന്തക്ക് അത് വളം വെക്കുന്നു. ന്യൂനപക്ഷ വർഗീയത വിഭജനവും ഭൂരിപക്ഷ വർഗീയത ഫാസിസവും സൃഷ്ടിക്കുന്നുവെന്ന് കവി സച്ചിദാനന്ദൻ ഒരിക്കൽ പറഞ്ഞു. 
ആത്മീയത നഷ്ടപ്പെട്ട മതബോധമാണ് വർഗീയതയെന്ന് അദ്ദേഹം നിർവചിക്കുകയും ചെയ്തു. ആത്മാവ് നഷ്ടപ്പെട്ട രാഷ്ട്രീയം വർഗീയതയെ കൂട്ടുപിടിക്കുന്നതാണ് തെരഞ്ഞെടുപ്പ് യുദ്ധത്തിനിടെ നാം കാണുന്ന ദയനീയ കാഴ്ച. കേരളീയ നവോത്ഥാനവും അത് സൃഷ്ടിച്ച പരിഷ്‌കരണങ്ങളും പടുത്തുയർത്തിയ പുതിയ കേരളവും ഏതാനും മാസത്തേക്ക് നാം അട്ടത്തു വെക്കുന്നു. എന്നിട്ട് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന വർഗീയതയെയും ജാതിചിന്തയെയും ആശ്ലേഷിക്കുന്നു. ഒരു വോട്ട് കൂടുതൽ കിട്ടുമെങ്കിൽ അത്രയുമായി എന്ന ലളിത കണക്ക് മാത്രം മുന്നിൽ വെക്കുന്നു.


ശബരിമല വിവാദം കത്തിനിന്ന സമയത്ത്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, കേരളം പ്രതീക്ഷയോടെ കേട്ട ചില വാക്കുകളുണ്ടായിരുന്നു. അത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നായിരുന്നു. നാല് വോട്ടിനു വേണ്ടി ശബരിമല സ്ത്രീപ്രവേശത്തിൽ സ്വീകരിച്ച നിലപാട് അടിയറ വെക്കില്ല എന്ന് അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിച്ചിരിക്കാം. വർഗീയാസ്ത്രങ്ങൾ പ്രയോഗിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും മതപരമായി ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തിൽ ഫലപ്രദമല്ലെന്ന ചിന്തയിലേക്ക് നയിച്ചിരിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേരളത്തെ വർഗീയ ധ്രുവീകരണത്തിലേക്ക് എടുത്തെറിയുന്നത് തടയാൻ ഇടതുപക്ഷത്തിന് കഴിയാത്തത് ഈ തിരിച്ചറിവു കൊണ്ടായിരിക്കാം.


പ്രകൃതി ദുരന്തങ്ങളെയും പകർച്ചവ്യാധികളെയും ജനങ്ങളുടെ സഹകരണത്തോടെ ഫലപ്രദമായി നേരിടാൻ ഇടതു സർക്കാർ കാണിച്ച കാര്യക്ഷമതയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ച മുന്നേറ്റത്തിന് കാരണം. ഈ പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വഹിച്ച പങ്കും വലുതായിരുന്നുവെന്ന് കാണണം. സ്വാഭാവികമായും ജനങ്ങൾക്ക് അത്തരം പ്രവർത്തനങ്ങൾ നേരിട്ടറിയാൻ സാധിച്ചു. ഒപ്പം, വിവിധ മേഖലകളിൽ സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങളും തുണയായി. വിദ്യാഭ്യാസ രംഗത്ത്, ആരോഗ്യ മേഖലയിൽ, ക്ഷേമ പെൻഷനുകൾ നൽകുന്ന കാര്യത്തിൽ, പാവപ്പെട്ടവർക്ക് വീട് നൽകുന്ന വിഷയത്തിൽ ഒക്കെ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനായ സർക്കാരാണിത്. 
സ്വർണക്കടത്ത് പോലെ, ഇടതു ഭരണത്തിന്റെ വേരറുക്കും എന്ന് കരുതപ്പെട്ടിരുന്ന സംഭവങ്ങൾ പോലും ജനം കാര്യമായെടുത്തില്ല. ഇത്തരമൊരു സന്ദർഭത്തിൽ, തികച്ചും രാഷ്ട്രീയ വിഷയങ്ങളും വികസന, ക്ഷേമ കാര്യങ്ങളും ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷത്തിന് കഴിയുമായിരുന്നെങ്കിലും അതിന് പകരം, വർഗീയ ചേരിതിരിവിന് കാരണമായേക്കാവുന്ന കാര്യങ്ങൾ അവർ ഉയർത്തിപ്പിടിച്ചതോടെ, അതേ നാണയത്തിൽ മറുപടിക്ക് മറുപക്ഷവും ശ്രമിക്കുകയായിരുന്നു. ഒഴിവാക്കാമായിരുന്ന ഒരു രാഷ്ട്രീയ സാഹചര്യമായിരുന്നു ഇത്. 


വലിയ വിജയങ്ങൾക്കപ്പുറം ഇടതുപക്ഷത്തിന്റെ ശ്രദ്ധ പതിയേണ്ടിയിരുന്നത് ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ക്രമാനുഗതമായ വളർച്ചയിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സൂക്ഷ്മമായി അവലോകനം ചെയ്യുന്ന ആർക്കും ബി.ജെ.പിയുടെ മുന്നേറ്റം കാണാവുന്നതാണ്. തലസ്ഥാന കോർപറേഷൻ ഭരണം പിടിക്കുമെന്ന അവകാശവാദത്തിന് തിരിച്ചടിയേറ്റുവെങ്കിലും യു.ഡി.എഫിനെ ഇത്തവണയും അവർ മൂന്നാം സ്ഥാനത്തേക്ക് തള്ളി. പല നഗരസഭകളിലും പഞ്ചായത്തുകളിലും രണ്ടാം സ്ഥാനത്തെത്തി. ഷൊർണൂർ പോലെയുള്ള ഇടതു കോട്ടകളിൽ പോലും ബി.ജെ.പിയുടെ മുന്നേറ്റം ദൃശ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റത്തിന് തടയിടാനുള്ള തന്ത്രം ആവിഷ്‌കരിക്കുന്നതിന് പകരം അവർക്ക് സഹായകമായ വിഷയങ്ങൾ എറിഞ്ഞുകൊടുക്കുകയാണ് വിജയരാഘവൻ ചെയ്തത്. ന്യൂനപക്ഷ വർഗീയതയെക്കുറിച്ചുള്ള പ്രസംഗം, യു.ഡി.എഫ് നേതാക്കൾ പാണക്കാട് പോയതിനെ വിമർശിച്ചത്, മുസ്‌ലിംകൾ  ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു എന്ന സഭകളുടെ ആരോപണത്തിൽ മൗനം പാലിച്ചത് എല്ലാം കൈവിട്ട കളികളായി പരിണമിക്കുകയായിരുന്നു.


മതനിരപേക്ഷ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് വിജയങ്ങൾ അനിവാര്യമാണ്. അത് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും മതേതരമായ രാഷ്ട്ര ഘടനയെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. എന്നാൽ അത്തരം വിജയങ്ങൾ മതനിരപേക്ഷതയുടെ അടിസ്ഥാന ആശയങ്ങൾക്ക് മേൽ കത്തിവെച്ചുകൊണ്ടാകരുത്. താൽക്കാലികമായ വിജയം നേടിയാലും അവ ശാശ്വത വിജയം സമ്മാനിക്കുന്നത് വർഗീയതയുടെ പ്രണേതാക്കൾക്കായിരിക്കും. ഈ ചരിത്രസത്യമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിർണായക ദിനങ്ങളിൽ കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും തിരിച്ചറിയേണ്ടത്.

Latest News