ടൂള്‍കിറ്റ് കേസില്‍ ദിശാ രവി മൂന്ന് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂദല്‍ഹി- കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് ഡോക്യുമെന്റ് കേസില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത  21 കാരിയും കാലാവസ്ഥാ പ്രവര്‍ത്തകയുമായ ദിശ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കേസിലെ കൂട്ടുപ്രതികളോടൊപ്പം ചോദ്യം ചെയ്യേണ്ടതിനാല്‍  കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചന, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ നേരിടുന്ന ദിശ രവിയെ കഴിഞ്ഞയാഴ്ചയാണ്  ബംഗളൂരുവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് പങ്കുവെക്കുന്നതില്‍ പങ്കാളിയാണെന്നാരോപിച്ച് അറസ്റ്റ് ചെയത ദിശയുടെ എഫ്.ഐ.ആറിലെ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ മുന്‍വിധിയോടെയും സെന്‍സേഷണലായാണെന്നും ഹൈക്കോടതി രാവിലെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്ന ആവശ്യപ്പെടാന്‍ കോടതി വിസമ്മതിച്ചു.
ദല്‍ഹി പോലീസ് നല്‍കിയ വിശദാംശങ്ങളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യം പിന്നീട് പരിഗണിക്കുമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ് പറഞ്ഞു.
അന്വേഷണത്തെ ബാധിച്ചേക്കാമെന്നതിനാല്‍ ചോര്‍ന്ന അന്വേഷണ വിവരങ്ങളൊന്നും സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കോടതി മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്താന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് യസത്യവാങ്മൂലത്തില്‍ നല്‍കിയ ഉറപ്പ് ് പാലിക്കാന്‍ ദല്‍ഹി പോലീസിനോട് കോടതി നിര്‍ദേശിച്ചു.

 

Latest News