മോര്‍ച്ചറിയില്‍ കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുകീറി

ചണ്ഡിഗഢ്- മോര്‍ച്ചറിയില്‍ സൂക്ഷിച്ച കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുകീറി. ഹരിയാനയിലെ സോനിപത് ജില്ലയിലെ സിവില്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലാണ് 72 കാരനായ കര്‍ഷകന്റെ മൃതദേഹം എലികള്‍ ഭക്ഷിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച രാജന്ദറിന്റെ മൃതദേഹം ബുധനാഴ്ച രാത്രിയാണ് മോര്‍ച്ചറിയിലെത്തിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ രാജേന്ദറിന്റെ കുടുംബം എത്തിയപ്പോഴാണ് മുഖത്തും കാലിലും പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയത്. ശരീരത്തില്‍ എലിയുടെ മൂന്ന് കടിയേറ്റ അടയാളങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ അന്വേഷണത്തിനായി മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചതായി സോനിപത് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ജയ് ഭഗവാന്‍ പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്മാരായ ജിന്നി ലാംബ, സന്ദീപ് ലത്വാല്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ സുശീല്‍ ജെയിന്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.  
ആരുടെ അശ്രദ്ധയാണ് കാരണമെന്ന് കണ്ടെത്താന്‍ അന്വേഷണത്തിലൂടെ സാധിക്കുമെന്ന്ജയ് ഭഗവാന്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ സംഘത്തോട് ഒരു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  സോനിപത്തിലെ ബയാന്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായിരുന്നു രാജേന്ദര്‍.

സംഭവം ഞെട്ടിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഒരു കര്‍ഷകന്റെ മൃതേദഹം എലികള്‍ കടിച്ചു കീറിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Latest News