Sorry, you need to enable JavaScript to visit this website.

മമതയുടെ മരുമകനെ ഉന്നമിട്ട് അമിത് ഷാ; ജെയ് ഷായെ ചൂണ്ടിക്കാട്ടി മമതയുടെ തിരിച്ചടി

കൊൽക്കത്ത- കഴിഞ്ഞ ദിവസം സൌത്ത് 24 പർഗാനാസിൽ നടന്ന ബിജെപിയുടെയും തൃണമൂലിന്റെയും റാലികളിൽ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വാർത്തകളിൽ നിറഞ്ഞത്. മമത ബാനർജി തന്റെ മരുമകനും എംപിയുമായ അഭിഷേക് ബാനർജിക്കു വേണ്ടി വഴിവിട്ട് കാര്യങ്ങൾ ചെയ്യുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റാലിയിലെ തന്റെ പ്രസംഗത്തിൽ ആരോപിച്ചു. 'ഭാട്ടീജ കല്യാൺ' (മരുമകന്റെ ക്ഷേമം) എന്ന പ്രയോഗത്തിലൂടെയായിരുന്നു ഷായുടെ ആക്രമണം.

പാർട്ടികാര്യങ്ങളിൽ അഭിഷേകിന് വലിയ പ്രാധാന്യം നൽകുകയും അദ്ദേഹത്തെ പാർട്ടിയിൽ തന്റെ പിൻമുറക്കാരനായി വളർത്തിക്കൊണ്ടുവരികയും ചെയ്യുന്ന മമതയ്ക്ക് അതിന്റെ പേരിൽ പാർട്ടിയിലും വിയോജിപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തതോടെ തൃണമൂലിന്റെ എല്ലാക്കാര്യങ്ങളും ഇപ്പോൾ അഭിഷേകിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച ഡയമണ്ട് ഹാർബറിലെ എംഎൽഎയായ ദീപക് ഹാൽദർ തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ചത് അഭിഷേകുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു. താൻ 2018 മുതൽ പാർട്ടിയിൽ ഒറ്റപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തെന്നും എല്ലാക്കാര്യത്തിലും അഭിഷേകാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നുമെല്ലാം ദീപക് പരാതി പറഞ്ഞിരുന്നു.

അതെസമയം ദേശീയഗാനം ചൊല്ലാൻ പോലുമറിയാത്തവർ തന്നെ നന്നാക്കാൻ വരേണ്ടെന്നാണ് അമിത് ഷായ്ക്ക് അഭിഷേക് മറുപടി നൽകിയത്. തന്റെ ട്വീറ്റിൽ ദേശീയഗാനം ചൊല്ലാൻ കഴിയാതെ കുഴങ്ങുന്ന ബിജെപി നേതാക്കളുടെ വീഡിയോകളും അദ്ദേഹം ചേർത്തു. ദേശസ്നേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപിക്കാർക്ക് ദേശീയഗാനം പോലും ചൊല്ലാനറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ധൈര്യമുണ്ടെങ്കിൽ അഭിഷേകിനെതിരെ മത്സരിച്ച് ജയിക്കണമെന്നും അല്ലാത്ത വാചോടോപങ്ങൾ നിർത്തണമെന്നും മമത ബാനർജി അമിത് ഷായ്ക്ക് മറുപടി നൽകി. "അഭിഷേക് ബാനർജിക്ക് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല. ഞാൻ ആക്രമിക്കപ്പെട്ട് കിടക്കുമ്പോൾ അന്ന് ചെറിയ പയ്യനായിരുന്ന അഭിഷേക് ഒരു കൊടിയും പിടിച്ച് 'ജോബാബ് ചായ്, ജോബാബ് ദാവോ' (മറുപടി വേണം, മറുപടി നൽകൂ) എന്ന മുദ്രാവാക്യവുമായി ഈ തെരുവുകളിലെല്ലാം നടന്നു," മമത രംഗത്തിന് വൈകാരികാംശം പകർന്നു. 1990ൽ സിപിഎമ്മിന്റെ ആക്രമണത്തിൽ പരിക്കേറ്റ സംഭവം ഓർത്തെടുക്കുകയായിരുന്നു അവർ. മമതയുടെ രാഷ്ട്രീയജീവിതത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കിയ സംഭവമായിരുന്നു അത്.

അഭിഷേകിനെ കാറപകടമുണ്ടാക്കി കൊല്ലാനുള്ള ശ്രമം നടന്നില്ലേയെന്നും അയാൾക്ക് ഇപ്പോൾ ഒരു കണ്ണിന് കാഴ്ചയില്ലെന്നും മമത പറഞ്ഞു. അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കിൽ മകനം രംഗത്തിറക്കണമെന്നും അവർ ആവശ്യപ്പെട്ടു.
 

Latest News